
ദോഹ: തങ്ങളുടെ കമ്പനികളുടെ വിവിധ സേവനങ്ങള്‍ മുഖേന മീഡിയ സിറ്റി വികസനത്തില്‍ ഖത്തരി കമ്പനികള്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി. മീഡിയസിറ്റിയിലും അതിന്റെ വിവിധ ഘടകങ്ങളിലും പൊതു സ്വകാര്യമേഖലകള്ക്കിടയിലെ സഹകരണത്തിന്റെ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ലുസൈല്‍ സിറ്റിയില്‍ ചേര്‍ന്ന പ്രഥമ യോഗത്തില്‍ പങ്കെടുക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം ഊന്നിപ്പറഞ്ഞത്.
മീഡിയ സിറ്റിയില്‍ സാന്നിധ്യമറിയിക്കുന്ന രാജ്യാന്തര മാധ്യമ സ്ഥാപനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതിനും നേടിയെടുക്കുന്നതിനുമായി ഖത്തരി കമ്പനികള്‍ നല്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തെ തന്ത്രപരമായ പദ്ധതികളിലൊന്നാണ് മീഡിയ സിറ്റി. പദ്ധതിയുടെ വിവിധ ഘട്ടങ്ങളുടെ വികസനത്തിന് ഖത്തരി സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം മീഡിയ സിറ്റി ചെയര്മാന് ശൈഖ് സെയ്ഫ് ബിന്‍ അഹമ്മദ് അല്‍താനി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ വികസനം, വിവിധ ഘട്ടങ്ങള്‍ എന്നിവ നിറവേറ്റുന്നതിന് നിരവധി ടെണ്ടറുകള്‍ ഉടന്‍തന്നെ പുറപ്പെടുവിക്കും. പ്രധാനമായും ഖത്തരി കമ്പനികള്‍ക്കായിരിക്കും അനുവദിക്കുക. മീഡിയ സിറ്റി പദ്ധതിയില്‍ സുപ്രധാന പങ്കാളികളാകാന്‍ ഈ കമ്പനികള്ക്കാകുമെന്ന വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യാന്തര കമ്പനികളെ ആകര്‍ഷിക്കുന്നതിന് ലുസൈല്‍ സിറ്റി സന്നദ്ധമാണെന്ന് ഖത്തരി ദിയാര്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അബ്ദുല്ല ഹമദ് അല്‍അത്തിയ്യ പറഞ്ഞു.