
ദോഹ: അപ്രതീക്ഷിത മുടി കൊഴിച്ചില്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ പരിഹാരം. അലോപീസിയ അരേറ്റ എന്നറിയപ്പെടുന്ന മുടികൊഴിച്ചില്‍ പ്രതിഭാസത്തിനാണ് എച്ച് എം സിയില്‍ പുതിയ ചികിത്സാ രീതി ആരംഭിച്ചിരിക്കുന്നത്. ഇതുവഴി നിരവധി പേര്‍ക്കാണ് ആശ്വാസവും ആത്മവിശ്വാസവും ലഭിച്ചത്.
ചികിത്സ ആരംഭിച്ചതിന് ശേഷം ഇതുവരെയായി മുപ്പതോളം പേര്‍ക്കാണ് മുടികൊഴിച്ചിലിന് ആശ്വാസം ലഭിച്ചത്. എച്ച് എം സിയുടെ ഡെര്‍മറ്റോളജി ആന്‍ഡ് വെനെറിയോളജി ക്ലിനിക്കില്‍ ആരംഭിച്ച ടൊഫാസിറ്റിനിബ് എന്ന ചികിത്സാ രീതിയിലൂടെ 90 ശതമാനത്തിലധികം പുരോഗതിയാണ് ഉണ്ടാകുന്നതെന്ന് ഡെര്‍മറ്റോളജി വെനിറിയോളജി ചെയര്‍മാന്‍ പ്രാഫസര്‍ ഡോ. മാര്‍ട്ടിന്‍ സ്‌റ്റെയിന്‍ഹോഫ് പറഞ്ഞു.
തലയുടെ ചില ഭാഗങ്ങളില്‍ കൂട്ടം കൂട്ടമായി മുടി കൊഴിഞ്ഞു പോകുന്ന അവസ്ഥയാണ് അലോപീസിയ അരേറ്റ. 2015ലാണ് സുരക്ഷിതവും പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത ടൊഫാസിറ്റിനിബ് എന്ന ചികിത്സാ രീതി പ്രചരിക്കുന്നത്. 2017ലാണ് എച്ച് എം സിയില്‍ ഇതിന്റെ ചികിത്സ തുടങ്ങിയത്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്േ്രടഷന്റെ പ്രത്യേക അനുമതിയോടെയാണ് ചികിത്സാ രീതി പ്രയോഗിക്കുന്നത്.