in

മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഗതാഗത വകുപ്പ് പ്രത്യേക കേന്ദ്രം തുറന്നു

ദോഹ: പ്രായമേറിയവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഗതാഗത വകുപ്പ് പ്രത്യേക കേന്ദ്രം തുറന്നു. മദീനഖലീഫയിലെ ട്രാഫിക് ആസ്ഥാനത്താണ് പ്രത്യേക കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഈ കേന്ദ്രത്തില്‍ എല്ലാ ഗതാഗത സേവനങ്ങളും ലഭിക്കുമെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
ലൈസന്‍സിങ്, പാര്‍ക്കിങ് പെര്‍മിറ്റ് സേവനങ്ങളെല്ലാം ലഭിക്കും, രാവിലെ ഏഴു മുതല്‍ ഉച്ചക്ക് ഒന്നുവരെയായിരിക്കും പ്രവര്‍ത്തനം.
മെട്രാഷ് 2, ആഭ്യന്തര മന്ത്രാലയത്തിന്റെവെബ്സൈറ്റ് എന്നിവ മുഖേന ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് പെര്‍മിറ്റ് നേടാന്‍ സഹായിക്കുന്ന പ്രോഗ്രാമിനും തുടക്കംകുറിച്ചിട്ടുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് ലൈസന്‍സിങ് വകുപ്പിലെ ക്യാപ്റ്റന്‍ സെമാല്‍ അല്‍ശമ്മാരി പറഞ്ഞു. പ്രാദേശിക അറബി ദിനപത്രം അല്‍റായയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മെട്രാഷ് 2, മന്ത്രാലയം വെബ്സൈറ്റ് എന്നിവയിലൂടെ കേന്ദ്രത്തിന് നിലവില്‍ അഞ്ചു മുതല്‍ പത്തുവരെ പെര്‍മിറ്റ് അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നും ആഴ്ചയില്‍ 50 മുതല്‍ 60വരെ മാന്വല്‍ അപേക്ഷകള്‍ രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇ-സേവനങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയും അപക്ഷ നേരിട്ട് സമര്‍പ്പിക്കുന്നതിലൂടെ വേഗത്തിലും സൗകര്യപ്രദമായും ലഭിക്കുമെന്ന തെറ്റിദ്ധാരണയുമാണ് ഉപയോക്താക്കള്‍ ഇ-സേവനങ്ങള്‍ക്കു പകരം നേരിട്ടുള്ള ഇടപാടുകള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നതെന്നും അല്‍ശമ്മാരി വിശദീകരിച്ചു. വൈകല്യമുള്ളവര്‍ക്കായി നീക്കിവെച്ചിരിക്കുന്ന പാര്‍ക്കിങ് സ്ലോട്ടുകള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്ന പ്രവണത തുടരുന്നുണ്ടെന്നും അത് നിയമവിരുദ്ധമാണെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം വ്യക്തമാക്കി. പ്രത്യേക ശേഷിയുള്ളവര്‍ക്കായി അനുവദിച്ച സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ നിയമലംഘനം രേഖപ്പെടുത്തുകയും ഡ്രൈവര്‍ക്കെതിരെ 1000 റിയാല്‍ പിഴ ഈടാക്കുകയും ചെയ്യും.
റിസര്‍വ് ചെയ്ത പാര്‍ക്കിംഗ് സ്ഥലം ഉപയോഗിക്കണമെങ്കില്‍ വാഹനം ഒന്നുകില്‍ ഗുണഭോക്താവ് സ്വയം ഓടിക്കണം അല്ലെങ്കില്‍ മറ്റൊരാള്‍ ഓടിക്കുകയാണെങ്കില്‍ പ്രത്യേക ആവശ്യങ്ങളുള്ള വ്യക്തി വാഹനത്തില്‍ ഒരു യാത്രക്കാരനായി ഉണ്ടായിരിക്കണം.
ഇത്തരം നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാര്‍ക്കിങ് സ്ഥലം ദുരുപയോഗിക്കുന്നതിനെതിരായ പ്രചാരണം ഫലമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വൊഡാഫോണ്‍ ഖത്തര്‍ സാമ്പത്തിക റിപ്പോര്‍ട്ട് ഫെബ്രുവരി മൂന്നിന്‌

കള്ളപ്പണം വെളുപ്പിക്കല്‍ പ്രതിരോധിക്കുന്നതില്‍ മികച്ച നേട്ടം കൈവരിച്ച് ഖത്തര്‍