in , , , , ,

മുന്നേറ്റനിരയിലെ കുന്തമുന; വേഗതയും പന്തടക്കവും കൈമുതല്‍

ആര്‍ റിന്‍സ്
ദോഹ

അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് അക്രം അഫീഫിന് ലഭിച്ച രാജ്യാന്തര പുരസ്‌കാരം. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്റെ(എഎഫ്‌സി) 2019ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരമാണ് ഖത്തര്‍ താരത്തെ തേടിയെത്തിയത്. മുന്നേറ്റനിരയിലെ കുന്തമുനയാണ് അക്രം അഫീഫ്. എതിരാളികളെ അമ്പരപ്പിക്കുന്ന വിധത്തില്‍ വേഗതയും മികച്ച പന്തടക്കവും ഫിനിഷിങിലെ വേഗതയുമാണ് 23കാരനായ അക്രം ഹസന്‍ അഫീഫിന്റെ പ്രത്യേകത. ഖത്തറിനായി 48 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള അക്രം അഫീഫ് പതിനാല് ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യം യുഎഇയില്‍ നടന്ന എഎഫ്‌സി ഏഷ്യന്‍കപ്പിലെ ഖത്തറിന്റെ കിരീടനേട്ടത്തില്‍ മുഖ്യപങ്ക് വഹിച്ചത് മുന്നേറ്റത്തിലെ അല്‍മോയെസ് അലി-അക്രം അഫീഫ് കൂട്ടുകെട്ടായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഖത്തര്‍ സ്‌കോര്‍ ചെയ്ത നിരവധി ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്തത് അഫീഫായിരുന്നു. ഖത്തര്‍ സ്‌കോര്‍ ചെയ്ത 19 ഗോളുകളില്‍ പത്തെണ്ണത്തിനും ചുക്കാന്‍ പിടിച്ച അഫീഫ് 20ലധികം ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഏഷ്യന്‍കപ്പിലെ റെക്കോര്‍ഡ് പ്രകടനമാണിത്. ഇപ്പോള്‍ ദോഹയില്‍ നടക്കുന്ന ഗള്‍ഫ് കപ്പിലും മികച്ച പ്രകടനമാണ് അക്രമിന്റേത്. കഴിഞ്ഞദിവസം യമനെ ഗോള്‍മഴയില്‍ മുക്കിയ മത്സരത്തിലും അക്രം ഒരു ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നു.
ഇന്നലെ യുഎഇക്കെതിരെയും രണ്ടു ഗോളുകള്‍ നേടി. ആസ്പയര്‍ അക്കാദമിയിലൂടെ കാല്‍പന്തിന്റെ പാഠങ്ങള്‍ അഭ്യസിച്ച അക്രം അഫീഫ് അല്‍ മര്‍ഖിയ ക്ലബിലൂടെയാണ് യൂത്ത് കരിയര്‍ തുടങ്ങിയത്. ബെല്‍ജിയയിലെ കാസ് യൂപനിന്റെ താരമായ അഫീഫ് അവിടെനിന്നും സ്പാനിഷ് ലീഗില്‍ വിയ്യാറയയിലെത്തിയ താരം ലോണടിസ്ഥാനത്തില്‍ സ്‌പെയിനിലെ തന്നെ സ്‌പോര്‍ട്ടിംഗ് ഗിജോണിലെത്തി. അവിടെ ഒമ്പത് മത്സരങ്ങളില്‍ ബൂട്ട് കെട്ടി. 2018 മുതല്‍ അല്‍സദ്ദിനായി കളിക്കുന്നു. 17 മത്സരങ്ങളില്‍ നിന്നായി 14 ഗോള്‍ നേടിയിട്ടുണ്ട്. 2015 മുതല്‍ ഖത്തര്‍ സീനിയര്‍ ടീമില്‍ അംഗം. 2018 റഷ്യന്‍ ലോകകപ്പ് ഏഷ്യന്‍യോഗ്യതാ മത്സരത്തില്‍ ഭൂട്ടാനെതിരെയായിരുന്നു അക്രം അഫീഫിന്റെ അരങ്ങേറ്റം. എതിരില്ലാത്ത പതിനഞ്ച് ഗോളുകള്‍ക്ക് ഭൂട്ടാനെ തകര്‍ത്ത മത്സരത്തില്‍ അഫീഫും ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നു. തുടര്‍ന്നുള്ള യോഗ്യതാ മത്സരങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ ഖത്തരി താരത്തിനായി. ദോഹയില്‍ ജനിച്ചുവളര്‍ന്ന അക്രം അഫീഫ് ആസ്പയര്‍ അക്കാഡമിയിലൂടെയാണ് കളിച്ചുവളര്‍ന്നത്. കായികമേഖലയില്‍ തല്‍പരായ പുതുതലമുറയെ വാര്‍ത്തെടുക്കുന്ന സംരംഭമാണ് ആസ്പയര്‍ അക്കാഡമി. സ്പാനിഷ് ഫുട്‌ബോളില്‍ ലാലിഗയില്‍ കളിച്ചിട്ടുണ്ട്.
നേരത്തെ വില്ലാറയല്‍, സെവില്ല ക്ലബ്ബുകളുടെ യൂത്ത് ടീമിലും അക്രം ഭാഗമായിട്ടുണ്ട്. 2012-14 സീസണില്‍ സെവില്ലയ്ക്കും 2014-15 സീസണില്‍ വില്ലാറയലിനുമായി അക്രം ബൂട്ടണിഞ്ഞിട്ടുണ്ട്. സെവില്ലയ്ക്കുവേണ്ടി കളിക്കുന്നതിനായി സ്പാനിഷ് ഭാഷ പഠിക്കുകയും ചെയ്തു. 2013ലെ അല്‍ കാസ് രാജ്യാന്തര കപ്പില്‍ സെവില്ലയ്ക്കുവേണ്ടി അക്രം ബൂട്ടണിഞ്ഞിട്ടുണ്ട്. 2015 മുതല്‍ ബല്‍ജിയന്‍ സെക്കന്‍ഡ് ഡിവിഷനില്‍ ഖത്തറിലെ ആസ്പയര്‍ അക്കാഡമിയുടെ ഉടമസ്ഥതതയിലുള്ള കാസ് യൂപെന്‍ എന്ന ടീമിനുവേണ്ടി കളിച്ച താരം ആദ്യ മത്സരത്തില്‍തന്നെ ഗോള്‍ സ്‌കോര്‍ ചെയ്തു. 2014ല്‍ ഖത്തര്‍ അണ്ടര്‍-19 ടീമില്‍ ഇടംനേടി. അഞ്ചു മത്സരങ്ങളില്‍ നിന്നായി നാലുഗോളുകള്‍ സ്‌കോര്‍ ചെയ്തു.
2014-15 സീസണില്‍ ഖത്തര്‍ അണ്ടര്‍ 20 ടീമിലെത്തിയ അക്രം ഏഴുകളികളില്‍ നിന്നായി ഒരു ഗോള്‍ സ്‌കോര്‍ ചെയ്തു. ഫുട്‌ബോള്‍ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് അക്രത്തിന്റെ വരവ്. പിതാവ് ഖത്തറില്‍ വരുന്നതിനുമുമ്പ് താന്‍സാനിയയിലും സൊമാലിയയിലും ക്ലബ്ബ് ഫുട്‌ബോളുകളില്‍ കളിച്ചിട്ടുണ്ട്. ഖത്തറിലെത്തിയശേഷം അല്‍ ഗറാഫയ്ക്കുവേണ്ടി ബൂട്ടണിഞ്ഞു. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ ലഖ്‌വിയ ഉള്‍പ്പടെയുള്ള ക്ലബ്ബുകളുടെ താരമായിരുന്നു അക്രത്തിന്റെ സഹോദരന്‍ അലി അഫീഫ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഏഷ്യയിലെ മികച്ച ഫുട്‌ബോള്‍ താരമായി ഖത്തറിന്റെ അക്രം അഫീഫ്

2022ന്റെ ആകൃതിയിലുള്ള കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു