
ദോഹ: ഖത്തറിലെ ആദ്യ വനിതാമന്ത്രിയായിരുന്ന ശൈഖ അഹമ്മദ് അല്‍മഹ്മൂദ് അന്തരിച്ചു. ഗള്‍ഫിലെ ആദ്യ വനിതാ വിദ്യാഭ്യാസ മന്ത്രിയും രണ്ടാമത്തെ വനിതാ മന്ത്രിയുമായിരുന്നു ശൈഖ അഹമ്മദ് അല്‍മഹ്മൂദ്. ആദ്യത്തെ വനിതാമന്ത്രി ഒമാനില്‍ നിന്നായിരുന്നു.
ഖത്തറിന്റെ വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു ശൈഖ അല്‍മഹ്മൂദ്. 70കളുടെ മധ്യം മുതല്‍ വിദ്യാഭ്യാസമേഖലയില്‍ സജീവസാന്നിധ്യമായിരുന്നു ശൈഖ അല്‍മഹ്മൂദ്. ആര്‍ട്സ് ഇന്‍ അറബിക് ലാംഗ്വേജില്‍ ബിരുദം നേടിയിട്ടുള്ള അവര്‍ വിദ്യാഭ്യാസ വകുപ്പില്‍ വിവിധ തസ്തികകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. അധ്യാപിക, സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 നവംബറില്‍ വിദ്യാഭ്യാസമന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറിയായി നിയമിതയായി. ആ പദവിയിലെത്തുന്ന ആദ്യത്തെ വനിതയായിരുന്നു അവര്‍. 2003ല്‍ രാജ്യത്തെ ആദ്യ വനിതാ മന്ത്രിയായി ചുമതലയേല്‍ക്കുന്നതുവരെ ആ തസ്തികയില്‍ അവര്‍ തുടര്‍ന്നു. അന്ന് അമീറായിരുന്ന ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയാണ് ശൈഖ അഹമ്മദ് അല്‍മഹ്മൂദിനെ മന്ത്രിയായി നിയമിച്ചുകൊണ്ടുള്ള ചരിത്രപ്രധാനമായ തീരുമാനമെടുത്തത്. 2006 മെയ് മാസത്തില്‍ സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിന്റെ സെക്രട്ടറി ജനറല്‍ പദവിയും വഹിച്ചു. 2009വരെ വിദ്യാഭ്യാസ മന്ത്രിയായി അവര്‍ സേവനമനുഷ്ടിച്ചു.