
ദോഹ; മുറൈഖ് ഏരിയയില്‍ ഉംഅല്‍ജമാജിം സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നു. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. 2019- 2020 അധ്യയനവര്‍ഷാരംഭം, സെപ്തംബറില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് എന്നിവക്ക് മുന്നോടിയായി ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1500 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ പുതിയ സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നത്.
അല്‍ഖുഫൂസ് സ്ട്രീറ്റ് മുഖേന ഫുറൗസിയ സ്ട്രീറ്റിനും അല്‍വാബ് സ്ട്രീറ്റിനുമിടയില്‍ നേരിട്ടുള്ള ഗതാഗതം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും. ഈ മേഖലയിലെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കാനും ഇതിലൂടെ കഴിയും. ഓരോ ദിശയിലും ഓരോ പാത വീതമുണ്ടായിരുന്ന നിലവിലെ സ്ട്രീറ്റ് നവീകരിച്ച് എല്ലാ ദിശകളിലും ലൈനുകളുടെ എണ്ണം രണ്ടുവീതമായി ഉയര്‍ത്തി.
മണിക്കൂറില്‍ ഏകദേശം 8000 വാഹനങ്ങളെ ഉള്‍ക്കൊള്ളാനാകും. ഗതാഗത സമയം 60ശതമാനത്തിലധികം കുറക്കാനുമാകും. ഗതാഗതസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള അശ്ഗാലിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. രണ്ടു ദിശകളെയും സേവന റോഡുകളെയും വേര്‍തിരിക്കുന്നതിന് ഒരു മീഡിയനും സ്ഥാപിച്ചിട്ടുണ്ട്.
റോഡിന്റെ ഇരുവശങ്ങളിലും കാല്‍നടപ്പാതകളും സൈക്കിള്‍പാതകളും സജ്ജമാക്കിയിട്ടുണ്ട്. മുറൈഖ്, ബായ, ലുഐബ്, മുഹൈര്‍ജ, എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് പ്രയോജനകരമാണ് പുതിയ സ്ട്രീറ്റ്.
ഈ പ്രദേശങ്ങളിലെ ഗതാഗത നീക്കം മെച്ചപ്പെടുത്തുന്നതിനും അല്‍ഫുറൗസിയ സ്ട്രീറ്റിനും അല്‍വാബ് സ്ട്രീറ്റിനുമിടയില്‍ ഗതാഗതം കാര്യക്ഷമമാക്കുന്നതിനും സ്ട്രീറ്റ് സഹായകമാണെന്ന് അശ്ഗാലിലെ ഹൈവേ പ്രൊജക്റ്റ് വകുപ്പ് മാനേജര്‍ ബാദര്‍ ദാര്‍വിഷ് പറഞ്ഞു. ഈ മേഖലയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍ തുടങ്ങിയവയുണ്ട്.
പുതിയ അധ്യയനവര്‍ഷാരംഭത്തില്‍ ഗതാഗതം സുഗമമാക്കാന്‍ ഇതിലൂടെ സാധിക്കും. വില്ലാജിയോ മാള്‍, ഇക്വസ്ട്രിയന്‍ ക്ലബ്ബ്, ആസ്പയര്‍സോണ്‍ ഉള്‍പ്പടെയുള്ള കായികസൗകര്യങ്ങള്‍ എന്നിവിടങ്ങളിലേക്കും മികച്ച ഗതാഗതം ഉറപ്പാക്കാനാകും.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സുഗമമാക്കാനും സാധിക്കും. മുറൈഖ് ഏരിയയില്‍ ചുറ്റുമുള്ള സ്ട്രീറ്റുകളില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി അല്‍ബായ സ്ട്രീറ്റ് 45 ദിവസത്തേക്ക് അടക്കും. യാത്രക്കാര്‍ക്ക് സമാന്തര അല്‍ഖറാര സ്ട്രീറ്റ് ഉപയോഗിക്കാം.