ലോക മുലയൂട്ടല്‍ വാരാചാരണ പരിപാടികള്‍ ഡബ്ല്യുഡബ്ല്യുആര്സിയില് തുടരുന്നു

ദോഹ: ലോക മുലയൂട്ടല്‍ വാരാചാരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളുമായി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്. കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധാവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടും ആഗസ്ത് ഒന്നു മുതല്‍ ഏഴു വരെയാണ് മുലയൂട്ടല്‍ വാരമായി ആഘോഷിക്കുന്നത്.
ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്ര ശിശു ക്ഷേമ സമതി എന്നിവയുടെ സഹകരണത്തോടെ, മുലയൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലോകസഖ്യമാണ് ഈ പ്രവര്‍ത്തനങ്ങളെ ഖത്തര്‍ ഉള്‍പ്പടെയുള്ള 170 രാഷ്ട്രങ്ങളില്‍ ഏകോപിപ്പിക്കുന്നത്.
വുമണ്‍സ് വെല്‍നസ് ആന്റ് റിസര്‍ച്ച് സെന്ററില്‍(ഡബ്ല്യുഡബ്ല്യുആര്സി) ആഗസ്ത് ഏഴുവരെ രാവിലെ പത്തു മുതല്‍ ഉച്ചക്ക് ഒന്നുവരെ ബോധവല്‍ക്കരണ പരിപാടികള്‍ തുടരുന്നുണ്ട്. മാതാപിതാക്കളെ ശാക്തീകരിക്കുക, മുലയൂട്ടല്‍ പ്രാപ്തമാക്കുക എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടികള്‍.
മുലയൂട്ടുന്നതിലൂടെ അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപരമായി നിരവധി പ്രയോജനങ്ങളാണ് ലഭിക്കുന്നതെന്ന് ഡബ്ല്യുഡബ്ല്യുആര്സിയിലെ ബ്രസ്റ്റ്ഫീഡിങ് കമ്മിറ്റി ചെയര്‍പേഴ്സണും ലാക്ടേഷന്‍ കണ്‍സള്‍ട്ടന്റുമായ ഡോ.അമാല്‍ അബൂബക്കര്‍ വ്യക്തമാക്കി. അമിതവണ്ണം, പ്രമേഹം, ഹൃദയരോഗങ്ങള്‍, ബാല്യകാല രക്താര്‍ബുദം എന്നിവക്കും അണുബാധകള്ക്കുമെതിരായ സംരക്ഷിത പ്രതിരോധശേഷി മുലപ്പാല്‍ നല്‍കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കുട്ടിയുടെ ഉത്തമവളര്ച്ചക്കും വികാസത്തിനും ആവശ്യമായ എല്ലാ പോഷകങ്ങളും മുലപ്പാലില്‍ അടങ്ങിയിരിക്കുന്നു. മുലപ്പാലില്‍ അടങ്ങിയിട്ടുള്ള കൊളസ്ട്രോള്‍, ഫാറ്റി ആസിഡുകള്‍ കുട്ടികളില്‍ ശക്തമായ പ്രതിരോധ ശേഷിയും ഉയര്‍ന്ന ബുദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ആറുമാസം വരെയുള്ള കുഞ്ഞുങ്ങളില്‍ മുലയൂട്ടല്‍ കര്‍ശനമായി നടപ്പാക്കിയാല്‍ ഓരോ വര്‍ഷവും 8.23 ലക്ഷം കുട്ടികളുടെ മരണങ്ങളും 20,000 മാതൃമരണങ്ങളും ഒഴിവാക്കാനാകുമെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. പ്രസവിച്ച് ആദ്യ ഒരു മണിക്കൂറിനു ശേഷം മുതല്‍ ആറു മാസം വരെ കുട്ടികളെ മുലയൂട്ടേണ്ടതുണ്ട്.
ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും മാതൃകാപരവും പൂര്‍ണവുമായ പോഷാകാഹാരമാണ് മുലപ്പാല്‍. ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നതിനൊപ്പം രണ്ടുവയസുവരെ കുഞ്ഞുങ്ങളെ മലുയൂട്ടണമെന്നും ഡബ്ല്യുഎച്ച്ഒ ശുപാര്‍ശ ചെയ്യുന്നു. മുലയൂട്ടല്‍ മാതാവിന്റെ ശാരീരികവും വൈകാരികവുമായ ആരോഗ്യത്തിന് ഗുണകരമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഡോ. അമാല്‍ അബൂബക്കര്‍ പറഞ്ഞു.
മുലയൂട്ടുന്നതിലൂടെ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ശക്തിപ്പെടുമെന്നും അവര്‍ വ്യക്തമാക്കി. പ്രസവാനന്തര വീണ്ടെടുക്കലിനും മാതാവിനെ പ്രാപ്തമാക്കുന്നു. പ്രസവാനന്തര രക്തസ്രാവം, വിളര്‍ച്ച, സ്തന അണ്ഡാശയ അര്‍ബുദം, രക്താതിമര്‍ദ്ദം, ടൈപ്പ് ടു പ്രമേഹം, ആര്‍ത്തവവിരാമ സമയത്ത് ഓസ്റ്റിയോപൊറോസിസ് എന്നിവക്കുള്ള സാധ്യത കുറയും.
മുലയൂട്ടാത്ത അമ്മമാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുലയൂട്ടുന്ന അമ്മമാരില്‍ പ്രസവാനന്തര ഉത്കണ്ഠയും വിഷാദവും കുറവായിരിക്കും. മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് മാതാപിതാക്കള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ഗര്‍ഭിണികള്‍ക്കും പ്രസവശേഷം അമ്മമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഏറ്റവും മികച്ച അന്തരീക്ഷമാണ് എച്ച്എംസിയില്‍ ഒരുക്കിയിട്ടുള്ളത്.
ഡബ്ല്യുഡബ്ല്യുആര്സിയിലെ ഔട്ട്പേഷ്യന്റ് വകുപ്പില്‍ ബ്രസ്റ്റ്ഫീഡിങ് ക്ലിനിക്ക് രാവിലെ ഒന്‍പതു മുതല്‍ പതിനൊന്നര വരെയാണ് പ്രവര്‍ത്തനം. കുഞ്ഞിന് ആദ്യ ഒരുവര്‍ഷവും അതിനുശേഷവും തുടര്‍ച്ചയായി മുലയൂട്ടുന്നത് സാധാരണഗതിയിലുള്ള ഇന്‍ഫെക്ഷനുകളെ പ്രതിരോധിക്കുന്നതിന് സഹായിക്കും.
ഇന്‍ഫെക്ഷനുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കുന്നത് അവരുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടും.