in ,

മുലയൂട്ടുന്ന അമ്മമാര്‍ക്ക് മാര്‍ഗനിര്‍ദേശം: സിദ്ര മെഡിസിനില്‍ വിദഗ്ദ്ധരെ നിയോഗിച്ചു

സിദ്ര മെഡിസിനിലെ ലാക്ടേഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ടീം

ദോഹ: മുലയൂട്ടുന്ന അമ്മമാര്‍ക്ക് മാര്‍ഗനിര്‍ദേശം ലഭ്യമാക്കുന്നതിനായി സിദ്ര മെഡിസിന്‍ ലാക്ടേഷന്‍ കണ്‍സള്‍ട്ടന്റുമാരെ നിയോഗിച്ചു. മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുന്നതിനും പരിരക്ഷിക്കുന്നതിനുമായി വിവിധങ്ങളായ പദ്ധതികളാണ് സിദ്ര മെഡിസിനില്‍ നടപ്പാക്കുന്നത്.

2018- 2022 ദേശീയ ആരോഗ്യകര്‍മ്മപദ്ധതിയില്‍ ഈ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. രോഗികള്‍ക്ക് കുടുംബ കേന്ദ്രീകൃത പരിചരണം ഉറപ്പാക്കുന്നതിനായാണ് സിദ്ര മെഡിസിന്‍ ലാക്ടേഷന്‍ കണ്‍സള്‍ട്ടന്റ്‌സിനെ(മുലയൂട്ടലുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഉപദേഷ്ടാക്കള്‍) നിയോഗിച്ചത്.

കുഞ്ഞുങ്ങളെ എങ്ങനെ ശരിയായി മുലയൂട്ടണം എന്നതിനെക്കുറിച്ച് അമ്മമാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുക, അവരെ സഹായിക്കുക, മുലയൂട്ടലിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഗര്‍ഭിണികളുമായും അമ്മമാരുമായും പങ്കുവയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ മേഖലയില്‍ വൈദഗ്ദ്ധ്യമുള്ള പ്രൊഫഷണലുകള്‍ ഉള്‍പ്പെട്ട പ്രത്യേക ടീമിനെ നിയോഗിച്ചിരിക്കുന്നത്.

സിദ്ര മെഡിസിനില്‍ ഇന്‍പേഷ്യന്റ്‌സിന് പിന്തുണ നല്‍കുന്നതിനായി നാലു ഐബിസിഎല്‍സി (രാജ്യാന്തര ബോര്‍ഡിന്റെ അംഗീകാരമുള്ള ലാക്ടേഷന്‍ കണ്‍സള്‍ട്ടന്റ്‌സ്) വിദഗ്ദ്ധരാണുള്ളത്.

കുഞ്ഞുങ്ങളെ എങ്ങനെ ശരിയായി മുലയൂട്ടാമെന്ന് ഇവര്‍ അമ്മമാര്‍ക്ക് പരിശീലനം നല്‍കും. സൂസന്‍ ക്ലേട്ടണ്‍, ജെയ്ന്‍ മേരി മയേഴ്‌സ്, ആഗ്നസ് ഡെസ്പി, അദാ വഹ്തിരിക് എന്നിവരാണ് സിദ്രയിലെ ലാക്ടേഷന്‍ കണ്‍സള്‍ട്ടന്റുമാര്‍.

ഖത്തര്‍ ഫൗണ്ടേഷന്റെ കീഴില്‍ കുട്ടികള്‍ക്കും വനിതകള്‍ക്കുമായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആസ്പത്രിയാണ് സിദ്ര മെഡിസിന്‍. സിദ്രയില്‍ മുലയൂട്ടല്‍ സേവന മാതൃക വികസിപ്പിക്കുകയാണ് ഈ നാലംഗ ടീം. ഗര്‍ഭിണികളായ സ്ത്രീകള്‍, കുഞ്ഞുങ്ങള്‍, അമ്മമാര്‍ എന്നിവര്‍ക്ക് പരിചരണത്തിനായി സമഗ്രവും വിശാലവുമായ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് ലാക്ടേഷന്‍ കണ്‍സള്‍ട്ടന്റുമാരെ നിയോഗിച്ചിരിക്കുന്നത്.

മുലയൂട്ടലിലൂടെ കുഞ്ഞിനും മാതാവിനും നിരവധി ആരോഗ്യകരമായ പ്രയോജനങ്ങളാണ് ലഭിക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മുലയൂട്ടലിന്റെ വിജയത്തില്‍ കുടുംബത്തിന്റെ പ്രത്യേകിച്ച് പിതാവിന്റെ പിന്തുണ നിര്‍ണായകമാണെന്ന് ഇവര്‍ പറയുന്നു. മുലയൂട്ടല്‍ സ്വാഭാവികമാണ്, എന്നാല്‍ അതേസമയം പഠിച്ചെടുക്കേണ്ട കഴിവുകൂടിയാണ്. അതിന് സമയമെടുക്കും.

അര്‍പ്പണബോധവും ക്ഷമയും ആവശ്യമാണ്. പുറംലോകവുമായി ഇടപഴകാന്‍ തയാറാകുന്നതുവരെ അമ്മക്കും കുഞ്ഞിനും തടസങ്ങളില്ലാതെ സഹായവും പിന്തുണയും നല്‍കാന്‍ പിതാവിന് കഴിയും.

ലോകാരോഗ്യ സംഘടന നിശ്ചയിച്ചിരിക്കുന്ന നിരക്കിലേക്ക് ഖത്തറിലെ മുലയൂട്ടലിന്റെ നിരക്ക് ഉയര്‍ത്താന്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികളുമായി പൊതുജനാരോഗ്യമന്ത്രാലയവും ഖത്തറിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും രംഗത്തുണ്ട്.

മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2016ല്‍ ശിശു സൗഹൃദ ആസ്പത്രി പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഒരു കുട്ടിയുടെ ജനനം മുതല്‍ ആറ് മാസം പ്രായമാകുന്നതു വരെ മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

വീടുകളില്‍ പാകം ചെയ്യുന്ന ആഹാരം കുട്ടികള്‍ക്ക് പരിചിതമാകുന്നത് വരെ രണ്ട് വര്‍ഷമെങ്കിലും തുടര്‍ച്ചയായി കുട്ടികളെ മുലയൂട്ടണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.

നവജാത ശിശുക്കളുടേയും അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടേയും മരണ നിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ടുള്ള മില്ലേനിയം ഡവലപ്‌മെന്റ് ഗോള്‍സ് (എം.ഡി.ജി.എസ്) കൈവരിക്കുന്നതിനാണ് രണ്ട് വര്‍ഷം തുടര്‍ച്ചയായി മുലയൂട്ടണമെന്ന നിര്‍ദേശം. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ സിദ്ര മെഡിസിനില്‍ ലാക്ടേഷന്‍ കണ്‍സള്‍ട്ടന്റുമാരുടെ സംഭാവന സുപ്രധാനമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കെഎംസിസി സമീക്ഷ ‘ഓപ്പണ്‍ മെഹ്ഫില്‍ 2019’ ബലിപെരുന്നാള്‍ ദിനത്തില്‍

മിയയില്‍ വേനല്‍ക്കാല വിനോദപരിപാടികള്‍ തുടരുന്നു