
ദോഹ: വിനോദത്തിനും ജീവിതത്തിനും വ്യാപാരത്തിനുമായുള്ള ഖത്തറിലെ ഏറ്റവും പുതിയ ലക്ഷ്യസ്ഥാനമായ മുഷൈരിബ് ഡൗണ്ടൗണില് ആദ്യത്തെ റസിഡന്‍ഷ്യല്‍ യൂണിറ്റ് വാടകക്ക്. ഖത്തറിലെ ദേശീയ റിയല്‍എസ്റ്റേറ്റ് സംരംഭകരും ഖത്തര്‍ ഫൗണ്ടേഷന്റെ അനുബന്ധ സ്ഥാപനവുമായ മുഷൈരിബ് പ്രോപ്പര്‍ട്ടീസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സിക്കത്ത് വാദി മുഷൈരിബില്‍ സ്ഥിതിചെയ്യുന്ന വാദി 1 റസിഡന്‍ഷ്യല്‍ ടവറിലെ പാര്‍പ്പിട യൂണിറ്റുകളാണ് വാടകക്ക് ലഭ്യമാക്കിയിരിക്കുന്നത്. മുഷൈരിബ് ഡൗണ്ടൗണ് ദോഹയുടെ കേന്ദ്രവും ഏറ്റവും ദൈര്‍ഘ്യമേറിയ കാല്‍നട തെരുവുമാണിത്. ദോഹയുടെ സുപ്രധാന കേന്ദ്രങ്ങളില്‍ നിന്നും നടന്നെത്താവുന്ന ദൂരത്താണ് ഈ റസിഡന്‍ഷ്യല്‍ ടവര്‍.
സൂഖ് വാഖിഫ്, ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റ്, അല്‍വാദി ഹോട്ടല്‍ ദോഹ എംഗ്യാലറി എന്നിവിടങ്ങളില്‍നിന്നും ടവറിലേക്ക് നടക്കാവുന്ന ദൂരം മാത്രമാണുള്ളത്. ടവറിനു സമീപത്തുള്ള ഗല്ലേരിയ മാള്‍ ഉടന്‍ തുറക്കും. ഖത്തറിലെ ആദ്യത്തെ ഡിജിറ്റല്‍ സ്മാര്‍ട്ട് മോണോപ്രിക്സ്, ലോകത്തിലെ ആദ്യ ബഹിരാകാശ തീംപാര്‍ക്ക് നഗരമായി വിഭാവനം ചെയ്തിരിക്കുന്ന യൂണിവേഴ്സ് എന്നിവ ഗല്ലേരിയ മാളിലുണ്ടാകും.
പാര്‍പ്പിട ടവറില്‍ 72 വിശാലമായ, സെമി ഫര്‍ണീഷ്ഡ് അപ്പാര്‍ട്ട്മെന്റുകളുണ്ട്. ഒന്നു മുതല്‍ നാലുവരെ ബെഡ്റൂമുകളാണ് ഈ അപ്പാര്ട്ട്മെന്റുകളിലുള്ളത്. എന്‍ സ്യൂട്ട് ബാത്ത്റൂമുകളും ക്ലോസറ്റുകളുമാണ് ഈ ബെഡ്റൂമുകളിലുള്ളത്. പൂര്‍ണ ഉയരമുള്ള ജനാലകള്‍, വിപുലമായ സൗകര്യത്തോടെയുള്ള ബാല്‍ക്കണികള്‍ എന്നിവയാണ് സവിശേഷതകള്‍.
ദോഹയുടെയും കോര്ണീഷിന്റെയും വെസ്റ്റ്ബേ സ്കൈലൈനിന്റെയും മനോഹരമായ കാഴ്ചകളാണ് ഈ ബാല്‍ക്കണികളില്‍ നിന്നും ലഭിക്കുക. മുഷൈരിബ് ഡൗണ്ടൗണ് ദോഹയിലെ ആദ്യ പാര്‍പ്പിട യൂണിറ്റായ വാദി ഒന്നിന് ഔദ്യോഗികമായി തുടക്കംകുറിക്കാനാകുന്നതില് അഭിമാനമുണ്ടെന്ന് മുഷൈരിബ് പ്രോപ്പര്‍ട്ടീസ് ആക്ടിങ് സിഇഒ അലി അല്‍കുവാരി പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ സ്മാര്‍ട്ട് സുസ്ഥിര നഗരമായ മുഷൈരിബ് ഡൗണ്ടൗണ് ദോഹയിലേക്ക് ആദ്യ താമസക്കാരെ സ്വാഗതം ചെയ്യാനാകുന്നതില്‍ അത്യധികമായ ആഹ്ലാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലണ്ടനില്‍ നടന്ന അറേബ്യന്‍ പ്രോപ്പര്‍ട്ടി പുരസ്കാരം 2019-2020ല്‍ മികച്ച സുസ്ഥിര പാര്‍പ്പിട വികസനത്തിനുള്ള പുരസ്കാരം മുഷൈരിബ് ഡൗണ്ടൗണിലെ വാദി ഒന്നിന് ലഭിച്ചിരുന്നു.