
ദോഹ: മുഷൈരിബ് ഡൗണ്‍ടൗണില്‍ കാല്‍നടയാത്രക്കാരുടെ ഗതാഗതം സുഗമമാക്കുന്നതിനായി തയാറാക്കിയ ട്രാമിന്റെ സര്‍വീസ് തുടങ്ങി.
കാറുകള്‍ ഉള്‍പ്പടെയുള്ള ചെറുവാഹനങ്ങളുടെ ഉപയോഗം കുറക്കുകയാണ് ട്രാം പദ്ധതിയിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. പ്രത്യേക ട്രാക്കിലൂടെയാണ് ട്രാമിന്റെ സര്‍വീസ്. ക്ലോസ്ഡ് ലൂപ് സംവിധാനത്തില്‍ രണ്ടു കിലോമീറ്റര്‍ ട്രാക്കാണ് തയാറാക്കിയിരിക്കുന്നത്. 400 മീറ്റര്‍ ഹോപ് ഓണ്‍ ഹോപ് ഓഫ് സോണ്‍ ഉള്‍പ്പടെ ഒന്‍പതിടങ്ങളില്‍ സ്റ്റോപ്പുണ്ട്. പരിസ്ഥിതി സൗഹൃദ നഗരമെന്ന കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കാന്‍ പദ്ധതി സഹായകമാണ്. ദേശീയ റിയല്‍ എസ്റ്റേറ്റ് ഡവലപ്പറും ഖത്തര്‍ ഫൗണ്ടേഷന്റെ അനുബന്ധ സ്ഥാപനവുമായ മുഷൈരിബ് പ്രോപ്പര്‍ട്ടീസ് കഴിഞ്ഞദിവസമാണ് ഡൗണ്‍ടൗണിലെ ട്രാമിന്റെ സര്‍വീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിഗ്/എം ആണ് ടാം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലധിഷ്ഠിതമായാണ് ട്രാം വികസിപ്പിച്ചിരിക്കുന്നത്. പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്കും സുഗമമായ ഗതാഗതം ട്രാം ഉറപ്പാക്കുന്നുണ്ട്.
ഡൗണ്‍ടൗണ്‍ നഗരത്തിനു ചുറ്റുമായി മൂന്നു വാഹനങ്ങള്‍ എല്ലായ്്‌പ്പോഴും ഓടിക്കൊണ്ടിരിക്കും. ഓരോന്നിനും ആറു മിനിട്ട് ഇടവേളയുണ്ടാകും. ഓരോ ട്രാമിലും 60 മുതല്‍ 70പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ടാകും. ശൈത്യകാല മാസങ്ങളില്‍ അതിനനുസൃതമായ രീതിയില്‍ മാറ്റംവരുത്തിയായിരിക്കും സര്‍വീസ്. സ്വയ പ്രാപ്തിയുള്ള ഹൈടെക് ഇലക്ട്രിക് സ്ട്രീറ്റ് കാറായാണ് ട്രാം സംവിധാനിച്ചിരിക്കുന്നത്. പ്രത്യേക ലൈറ്റ്-ഫില്‍ട്ടറിംഗ് ഗ്ലാസ് പാനലുകള്‍ സംയോജിപ്പിച്ചിരിക്കുന്നതിനാല്‍ സൂര്യപ്രകാശത്തില്‍ നിന്നുള്ള 90% ചൂടിനെയും തടയാനാകും. ആധുനിക ഹൈടെക് സ്ട്രീറ്റ്കാര്‍ നിരവധി നൂതന സവിശേഷതകളും ഉള്‍ക്കൊള്ളുന്നതാണ്. ഇത് യാത്രക്കാര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ ഗതാഗത മാര്‍ഗമാണ് വാഗ്ദാനം ചെയ്യുന്നത്. എല്ലാ സ്റ്റേഷനുകളിലും ലെവല്‍ ബോര്‍ഡിങ്, വാദി മുഷൈരിബ് മേഖലയില്‍ ഹോപ്പ്-ഓണ്‍-ഹോപ്-ഓഫ് സേവനം, ട്രാമുകളിലും പാസഞ്ചര്‍ സ്റ്റേഷനുകളിലും തത്സമയം ട്രാാമിന്റെ വരവും പോക്കും സംബന്ധിച്ച അറിയിപ്പുകള്‍, ഓണ്‍ബോര്‍ഡ് സിസിടിവി, ഓണ്‍ബോര്‍ഡ് വൈഫൈ എന്നിവയെല്ലാമുണ്ട്. ഇലക്ട്രിക് സ്ട്രീറ്റ് റെയില്‍വേ യാഥാര്‍ഥ്യമാക്കുകയാണ് ട്രാം സര്‍വീസിലൂടെ. മുഷൈരിബ് മെട്രോ സ്‌റ്റേഷനിലേക്കും തിരിച്ചും യാത്രക്കാരുമായി ട്രാം സര്‍വീസ് നടത്തും.
ദോഹ മെട്രോയുടെ റെഡ്, ഗ്രീന്‍, ഗോള്‍ഡ് എന്നീ മൂന്നു പ്രധാന ലൈനുകളെയും കണക്ട് ചെയ്യുന്ന ഏറ്റവും വലിയ സ്റ്റേഷനാണ് മുഷൈരിബ് മെട്രോ സ്‌റ്റേഷന്‍. വിജയത്തോടെ വര്‍ഷം അവസാനിപ്പിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും ഈ സുസ്ഥിരമായ യാത്രാമാര്‍ഗം കൂടുതല്‍ പേരെ അവരുടെ കാറുകള്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഷൈരിബ് പ്രോപ്പര്‍ട്ടീസ് ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അലി അല്‍കുവാരി പറഞ്ഞു. ട്രാംവേ വളരെ ഉപയോക്തൃ സൗഹൃദവും ചെലവ് കുറഞ്ഞതും എല്ലാവര്‍ക്കും അനുയോജ്യവുമാണ്. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും ഇത് വളരെ സൗകര്യപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറിലെ ഏറ്റവും വലിയ റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റുകളിലൊന്ന് ഡൗണ്‍ടൗണിലാണ്.
കൂളിങ് ടവറുകള്‍ക്കും ജലസേചനത്തിനും വെള്ളം എത്തിക്കുന്നതിനായി നൂതന സംവിധാനമാണ് നടപ്പാക്കുന്നത്. പുന:സംസ്‌കരിച്ച വെള്ളമാണ് ജലസേചനം, ടോയ്‌ലറ്റ്, മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഉച്ചസമയം ഒഴിച്ചുള്ള സന്ദര്‍ഭങ്ങളിലെല്ലാം നിഴല്‍ ഉറപ്പാക്കുന്ന രീതിയിലാണ് സിറ്റിയുടെ ഡിസൈന്‍. ഊര്‍ജോപഭോഗം കുറയ്ക്കാനും ജനങ്ങളില്‍ നടത്തം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.