in ,

മുസ്്‌ലിം സാമൂഹിക മുന്നേറ്റം ലക്ഷ്യം; കര്‍മ്മനിരതമായി ഹാദിയ സംഘം

അബൂബക്കര്‍ ഹുദവി കരുവാരക്കുണ്ട്്് 

നൗഷാദ് പേരോട്

ദോഹ

പാണക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ്(സി.എസ്.ഇ) വേറിട്ട പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധനേടുന്നു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ഥി സംഘടനയായ ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്ലാമിക് ആക്ടിവിറ്റീസിന്റെ(ഹാദിയ) കീഴിലാണ് സ്ഥാപനം.  

ഇന്ത്യന്‍ മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് അവരുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കൃത്യമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും നടപ്പിലാക്കുകയാണ് സി.എസ്.ഇ. കേരള മുസ്്‌ലിംകള്‍ നേടിയ മതബോധം, ധാര്‍മിക ആഭിമുഖ്യം, അഭിമാനകരമായ അസ്തിത്വം എന്നിവ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മുസ്ലിംകള്‍ക്കു കൂടി പകര്‍ന്നുനല്‍കാനും അവരെ സാമൂഹികമായും വിദ്യാഭ്യാസപരമായും ശാക്തീകരിക്കുകയും മത,രാഷ്ട്രീയ പ്രബുദ്ധതയിലേക്ക് കൊണ്ടുവരാനുമാണ് കേന്ദ്രം പ്രധാനമായും ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നേതാക്കള്‍, പണ്ഡിതന്‍മാര്‍, രാഷ്ട്രീയക്കാര്‍,വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെ കൊണ്ടുവന്ന് ട്രെയിനിംഗ് നല്‍കിയും വിജയകരമായ കേരള മോഡലുകള്‍ അവരെ കാണിക്കുകയും ചെയ്താണ് പദ്ധതികള്‍ നടപ്പിലാക്കി വരുന്നതെന്ന്് സെന്റര്‍ ഡയരക്ടര്‍ അബൂബക്കര്‍ ഹുദവി കരുവാരക്കുണ്ട്്് മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. 

കേരളത്തിന് അകത്തും പുറത്തും സി.എസ്.ഇ ആറു മേഖലകളില്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ദാറുല്‍ ഹിക്മ, ഇന്‍സ്റ്റിറ്റിയൂഷണല്‍ എംപവര്‍മെന്റ്, ബുക് പ്ലസ്, റിസര്‍ച്ച് വിങ്, മീഡിയലൈന്‍, റിസോഴ്‌സ് ഹബ്ബ് എന്നിവയാണ് പ്രവര്‍ത്തന മേഖല. ഇന്‍സ്റ്റിറ്റിയൂഷണല്‍ എംപവര്‍മെന്റില്‍ ഉള്‍പ്പെടുത്തിയാണ് കേരളത്തിന് പുറത്തെ മൂസ്്‌ലിം വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണം നടപ്പിലാക്കുന്നത്. കേന്ദ്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തന മേഖലയും ഇതാണെന്നും ഇതിനകം കൃത്യമായ ഇടപെടലുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. 

ഒറ്റപ്പെട്ട് പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം ഗ്രാമങ്ങളില്‍ പ്രാഥമിക മത പഠന സൗകര്യം ഒരുക്കിയാണ് ഹാദിയ കേരളത്തിനു പുറത്ത്  പ്രവര്‍ത്തനമാരംഭിച്ചത്. പ്രായപൂര്‍ത്തിയാകും മുമ്പ് ഓരോ മുസ്ലിം കുട്ടിക്കും അടിസ്ഥാന മതവിദ്യാഭ്യാസം എന്നതായിരുന്നു ലക്ഷ്യം. 2012ല്‍ ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ പുങ്കനൂര്‍ കേന്ദ്രീകരിച്ചു നടക്കുന്ന ദാറുല്‍ഹുദാ ആന്ധ്ര സെന്റര്‍ ആസ്ഥാനമായി ഹാദിയ മദ്രസ പദ്ധതിക്ക് തുടക്കം കുറിച്ചു. 150 ഓളം ഗ്രാമങ്ങളില്‍ സഞ്ചരിച്ച് അനുയോജ്യമായ 26 സ്ഥലങ്ങളില്‍ ആ വര്‍ഷം തന്നെ മദ്രസകള്‍ തുടങ്ങി.

പിന്നീട് ബംഗാള്‍ ആസാം കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ ദാറുല്‍ഹുദാ ഓഫ് ക്യാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അവിടങ്ങളില്‍ കേന്ദ്രീകരിച്ചും നിരവധി മദ്രസകള്‍ സ്ഥാപിച്ചു. കാശ്മീരില്‍ അടക്കം 523 ഗ്രാമങ്ങളില്‍ നിലവില്‍ ഹാദിയ മോറല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. 24732 വിദ്യാര്‍ഥികളും 827 അധ്യാപകരും 22 മുഫത്തിശു മാരും 12 കോഡിനേറ്റര്‍മാരും അഞ്ച് റീജണല്‍ ഓഫീസുകളുമായി ഈ പദ്ധതി ഏറെ ശ്രദ്ധേയവും ഫലപ്രദവുമായി നടക്കുന്നുവെന്ന് അബൂബക്കര്‍ ഹുദവി പറയുന്നു.തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ കേരളത്തിലേതുപോലുള്ള മഹല്ല് സംവിധാനം കൊണ്ടുവരുന്നതിന്റെ ഭാഗമായി വിവിധ സ്‌റ്റേറ്റുകളില്‍ മോഡല്‍ മഹല്ലുകള്‍ പ്രവര്‍ത്തിക്കുന്നു.

മദ്‌റസ, പ്രീ സ്‌കൂള്‍, ട്യൂഷന്‍ സെന്റര്‍, തൊഴില്‍ പരിശീലനം, പ്രാഥമിക ആരോഗ്യ പരിരക്ഷ സൗകര്യം എന്നിവ ഓരോ മഹല്ലിലും ഉറപ്പുവരുത്താനും പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരേന്ത്യന്‍ മുസ്്‌ലിംകളെ മതബോധമുള്ള ഒരു സമൂഹമായി ഉയര്‍ത്തികൊണ്ടുവരുകയും ഇതിലൂടെ രാഷ്ട്രീയ ബോധമുള്ള മത നേതൃത്വത്തേയും മതബോധമുള്ള രാഷ്ട്രീയ നേതൃത്വത്തെയും വാര്‍ത്തെടുക്കുകഎന്നതാണ് സി.എസ്.ഇ  ലക്ഷ്യമിടുന്നത്.  സി.എസ്.ഇയുടെ പ്രധാന പദ്ധതികള്‍ താഴെ വിശദീകരിക്കുന്നു.

ദാറുല്‍ ഹിക്മ

ദാറുല്‍ ഹിക്മയുടെ കീഴില്‍ വിദ്യാഭ്യാസ, പഠന മേഖല കേന്ദ്രീകരിച്ച് വിവിധ കോഴ്‌സുകള്‍ നടന്നുവരുന്നു. മുസ്്‌ലിം പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇതിന്റെ കീഴില്‍ മതപഠന കോഴ്‌സുകള്‍ നല്‍കിവരുന്നുണ്ട്. നിലവില്‍ 36 സെന്ററുകള്‍  കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.

വിവിധ ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെ ഓഫ് ലൈന്‍ സെന്ററുകള്‍ ഉടന്‍ ആരംഭിക്കും. ഇസ്്‌ലാമിലേക്ക് പുതുതായി കടന്നു വന്നവര്‍ക്ക് നിയമാനുസൃതമായി താമസിച്ച് മതം കൂടുതല്‍ പഠിക്കുന്നതിനും ദാറുല്‍ ഹിക്മയുടെ കീഴില്‍ അവസരമുണ്ട്്. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളായ മുസ്്‌ലിംകള്‍ക്ക് മതപരവും ആരോഗ്യ പരവുമായ ബോധവത്കരണം നല്‍കുന്നതിന് പ്രത്യേക ക്ലാസുകള്‍ നല്‍കുന്നു. ബംഗ്ലാ, ഉര്‍ദു ഭാഷകള്‍ അറിയുന്ന അധ്യാപകരെയാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഈ പഠന പദ്ധതിയിലൂടെ അന്യസംസ്ഥാന തൊഴിലാളികളുടെയും അവരുടെ കുടുംബത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും സാംസ്‌കാരിക കൈമാറ്റത്തിന് അവസരമുണ്ടാക്കുകയും ചെയ്യുന്നു. കേരളത്തിലെ ഖതീബ്മാരെ ശാക്തീരിക്കുന്നതിന് ദാറുല്‍ ഹിക്്മയുടെ കീഴില്‍ പ്രത്യേക വിഭാഗമുണ്ട്. വെള്ളിയാഴ്ച്ചകളില്‍ ജുമുഅ പ്രഭാഷണത്തില്‍ കാലികമായ വിഷയങ്ങളെ കുറിച്ചുള്ള നോട്ട് നല്‍കി അവരെ സഹായിക്കുന്നു. സുന്നീ മഹല്ല് ഫെഡറേഷന്റെ സഹകരണത്തിലും വിവിധ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയുമാണ് ഇത് നടപ്പിലാക്കിവരുന്നത്. ഡിഗ്രിതല മതപഠന വിദ്യാര്‍ഥികള്‍ക്കായി ഹിദായ, രിസാല എന്നീ പേരില്‍ ആദര്‍ശ പഠനവും മതതാരതമ്യ പഠനവും നടക്കുന്നു. 

മീഡിയ ലൈന്‍

മികച്ച മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുക ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടത്തുന്നത്. ഡിഗ്രി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ നിന്ന് വര്‍ഷത്തില്‍ 30 പേരെ തെരഞ്ഞടുത്താണ് മീഡിയ സ്‌കൂള്‍ നടപ്പിലാക്കുന്നത്. സി.എസ്.സി ഇവര്‍ക്കുള്ള വിഷ്വല്‍, പ്രിന്റ് പരിശീലനം നല്‍കും. പ്രമുഖ മാധ്യമ പ്രവര്‍ത്തകരാണ് പരിശീലനം നല്‍കുന്നത്. 

ബുക് പ്ലസ് 

പ്രസാധന രംഗത്ത് നൂതനമായ രീതികള്‍ അവലംഭിച്ച് പരാമ്പര്യത്തെ കൈവിടാതെയുള്ള പ്രവര്‍ത്തനങ്ങളാണ് ബുക്് പ്ലസ് ലക്ഷ്യമിടുന്നത്. രണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബുക് പ്ലസ്് കിഡ്‌സ് പ്ലസ്, കുടുംബങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍, ഗഹനമായ പഠന പുസ്തകങ്ങള്‍ എന്നിവ പുറത്തിറക്കുന്നു.

നിലവില്‍ മലയാളത്തിലും ഇംഗ്ലീഷിലും അറബിയിലുമായി 75 ഓളം പുസ്തകങ്ങള്‍ പുറത്തിറക്കി കഴിഞ്ഞു. കേരളത്തിന്റെയും ഇന്ത്യയുടെയും സംസ്‌കാരം അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുന്നതിന് അറബിയിലും ഇംഗ്ലീഷിലും പുസ്തകങ്ങള്‍ പുറത്തിറക്കാന്‍ പരിപാടിയുണ്ട്. കേരളത്തിന് പുറത്തുള്ള എല്ലാ പ്രസാധകരുടെയും പുസ്തകങ്ങള്‍ കേരളത്തില്‍ ലഭ്യമാക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നു.

മുസ്്‌ലിം പ്രസാധാന രംഗത്ത് എവിടെയൊക്കെ കുറവുകളുണ്ടോ അവ പരിഹരിക്കുകയും സൂഫി ഇസ്്‌ലാമിനെ കുറിച്ചും കള്‍ച്ചറല്‍ ഇസ്്‌ലാമിനെ കുറിച്ചും പഠനങ്ങളും പുസ്തകങ്ങളും പുറത്തിറക്കാനും ലക്ഷ്യമിടുന്നു.

റിസോഴ്‌സ് ഹബ്ബ് 

മനുഷ്യ വിഭവം ആവശ്യമുള്ള ഏരിയകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക്  പരിശീലനം നല്‍കി അത്തരം ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പദ്ധതിയാണ് ഇത്്. എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. മാപ് ഇന്ത്യ എന്ന പേരില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി മികച്ച കരിയര്‍ ഡവലപ്‌മെന്റിനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നത്. 

ഇന്‍സ്റ്റിറ്റിയൂഷണല്‍ എംപവര്‍മെന്റ്

യത്തീം ഖാനകള്‍, മദ്രസകള്‍, സ്‌കൂളുകള്‍ എന്നിവയുടെ ഗുണമേന്‍മ ഉറപ്പു വരുത്തുന്നതിനുള്ള സഹായം നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. നമ്മുടെ കൈകളിലുള്ള സ്ഥാപന കെട്ടിടങ്ങളും മറ്റും എങ്ങിനെ പൂര്‍ണ തോതില്‍ ഉപയോഗപ്പെടുത്താം, മദ്രസാ വിദ്യാഭ്യാസം നൂതനമായ സൗകര്യങ്ങളോടെ നവീകരിക്കാനുള്ള പദ്ധതികള്‍ എന്നിവ ഇന്‍സ്റ്റിറ്റിയൂഷണല്‍ എംപവര്‍മെന്റിന്റെ കീഴിലാണ് നടക്കുന്നത്. 

മതപരമായ ആനിമേഷന്‍സ്, പ്രാക്ടിക്കലായി ഇസ്ലാമിനെ അവതരിപ്പിക്കുന്ന വിഷ്വല്‍സ്, ചരിത്ര, കര്‍മ്മ ശാസ്ത്ര കാര്യങ്ങള്‍ പുതിയ രീതില്‍ കുട്ടികളിലേക്ക് എത്തിക്കാനുള്ള സ്മാര്‍ട്ട് റൂമകള്‍ക്കുള്ള സഹായം എന്നിവ നല്‍കുന്നു. കേരളത്തിന് പുറത്തുള്ള മുസ്്‌ലിം വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗിക്കുവേണ്ടിയുള്ള പ്രവര്‍ത്തനവും ഇന്‍സ്റ്റിറ്റിയൂഷണല്‍ എംപവര്‍മെന്റിന്റെ കീഴിലാണ് നടക്കുന്നത്. 
What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ എയര്‍വേയ്‌സ് തുര്‍ക്കിയിലെ ഇസ്മിറിലേക്ക് സര്‍വീസ് തുടങ്ങി

ഖത്തര്‍- ജപ്പാന്‍ പ്രതിരോധ സഹകരണം ചര്‍ച്ച ചെയ്തു