
ദോഹ: മൂന്നാമത് ആസ്പയര്‍ തടാകോത്സവം ജനുവരി പത്തിന് രാത്രി ഏഴിന് നടക്കും. ജീവന്റെ വൃക്ഷം എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ തടാകോത്സവം. പൊതുജനങ്ങള്‍ക്കായി ഗേറ്റുകള്‍ വൈകുന്നേരം അഞ്ചിന് തുറക്കും. 6.30ന് ഗേറ്റുകള്‍ അടക്കും. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സവിശേഷമായ പരിപാടിയായിരിക്കും ജീവന്റെ വൃക്ഷം. സമാധാനം, സ്‌നേഹം, കുടുംബം, സന്തോഷം എന്നിവയെക്കുറിച്ചുള്ള നിരവധി കഥകള്‍ ഇതില്‍ ഉള്‍പ്പെടും. കൂടാതെ, ആസ്പയര്‍ പാര്‍ക്കിന്റെ ആകാശം പ്രകാശിപ്പിക്കുന്ന ഗംഭീരമായ വെടിക്കെട്ടും ഉണ്ടാകും. ടിക്കറ്റ് മുഖേനയാണ് പ്രവേശനം.
ഗോള്‍ഡ്, സില്‍വര്‍ വിഭാഗങ്ങളിലാണ് ടിക്കറ്റുകള്‍. ബര്‍ഗറിക്കു സമീപം ആസ്പയര്‍ പാര്‍ക്കില്‍ നിന്നും ടിക്കറ്റുകള്‍ നേടാം. കത്താറയിലെ പ്രധാന റസ്റ്റോറന്റുകളില്‍ നിന്നും ടിക്കറ്റുകള്‍ സ്വന്തമാക്കാം. ക്യു-ടിക്കറ്റ്‌സ് വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും ടിക്കറ്റ് നേടാനുള്ള അവസരമുണ്ട്.
ഖത്തറിന്റെ കായിക, വിനോദ മേഖലകളെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായിട്ടാണ് ആസ്പയര്‍ ലോകോത്തര നിലവാരമുള്ള ഇന്‍ഡോര്‍, ഔട്ട്ഡോര്‍ സൗകര്യങ്ങളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു പതിപ്പുകളുടെയും വിജയത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് വീണ്ടും തടാകോത്സവം സംഘടിപ്പിക്കുന്നത്. വെനീസ് സംസ്‌കാരത്തില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ട് ഉന്നതമായ കലാ സാംസ്‌കാരിക മൂല്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും ആസ്വദിക്കാന്‍ പര്യാപ്തമായ വിധത്തിലാണ് ക്രമീകരിക്കുന്നത്.
ആസ്പയര്‍ തടാകത്തില്‍ ബോട്ടുകളിലായിരിക്കും സംഗീത, സാംസ്‌കാരിക വിനോദപരിപാടികള്‍ അരങ്ങേറുക. ഫെസ്റ്റിവലിനോടനുബന്ധിച്ച് ഭക്ഷ്യോത്പന്നങ്ങളും പ്രാദേശിക ഉത്പന്നങ്ങളും വില്‍പ്പന നടത്തുന്നതിനായി സ്റ്റാളുകള്‍, കുടുംബങ്ങള്‍ക്ക് ആസ്വദിക്കുന്നതിനായി വിവിധ പരിപാടികള്‍ എന്നിവയുമുണ്ടാകും.