in ,

മൂന്നാമത് ഊദ് സംഗീത ഫെസ്റ്റിവല്‍ 23 മുതല്‍ കത്താറയില്‍

ദോഹ: കിഴക്കിലെയും പടിഞ്ഞാറിലെയും പ്രശസ്തരായ ഊദ് സംഗീത കലാകാരന്‍മാരെ ഒരു വേദിയില്‍ ഒന്നിപ്പിക്കുന്ന കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ മൂന്നാമത് വാര്‍ഷിക ഊദ് ഫെസ്റ്റിവല്‍ ഏപ്രില്‍ 23ന് തുടങ്ങും. കത്താറ ഒപ്പേറ ഹൗസില്‍ 26വരെ പരിപാടികള്‍ തുടരും. വിഖ്യാതമായ അറേബ്യന്‍ സംഗീതോപകരണമാണ് ഊദ്. ഊദ് സംഗീതത്തിന്റെ വകഭേദങ്ങള്‍ ഫെസ്റ്റിവലില്‍ പ്രതിഫലിപ്പിക്കും.

പ്രശസ്തരായ ഊദ് സംഗീതജ്ഞരുടെ പങ്കാളിത്തവും ഫെസ്റ്റിലുണ്ടാകും. വിഖ്യാതരായ ഊദ് സംഗീതജ്ഞരുടെ വ്യക്തിഗതപ്രകടനങ്ങള്‍ വീക്ഷിക്കാന്‍ ഖത്തറിലെ സംഗീതപ്രേമികള്‍ക്ക് അവസരം ലഭിക്കും. അല്‍കിന്‍ദി പ്രമേയത്തിലാണ് ഇത്തവണത്തെ ഫെസ്റ്റിവല്‍. ഇതിനുപുറമെ സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, ഊദ് സംഗീതോപകരണത്തിന്റെ വിവിധ മാതൃകകളുടെ അവതരണം, ഊദ് സംഗീതത്തിന്റെ ചരിത്രവും നിലവിലെ മാറ്റങ്ങളും കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. ഖത്തറിലെ പ്രമുഖരായ ഊദ് സംഗീതജ്ഞര്‍ക്കു പുറമെ ഇറാഖ്, കുവൈത്ത്, ജോര്‍ദ്ദാന്‍, തുര്‍ക്കി, ലബനാന്‍, ടുണീഷ്യ, ഒമാന്‍, ഗ്രീസ്, യമന്‍, സിറിയ, യമന്‍, ഇറാന്‍ രാജ്യങ്ങളില്‍നിന്നുള്ള 35ലധികം ഊദ് പ്ലെയേഴ്‌സും നിര്‍മാതാക്കളും പങ്കെടുക്കും.

മുസ്‌ലീം ലോകത്തെ വിവിധ സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്ന ലിങ്കാണ് അല്‍കിന്‍ദി. വിഖ്യാത മുസ് ലീം ചിന്തകനും പണ്ഡിതനുമാണ് അല്‍കിന്‍ദി. അദ്ദേഹത്തിനായാണ് ഫെസ്റ്റിവല്‍ ഇത്തവണ സമര്‍പ്പിച്ചിരിക്കുന്നത്. 2017 മാര്‍ച്ചിലായിരുന്നു ആദ്യ ഫെസ്റ്റിവല്‍. അറബ് ഇസ് ലാമിക ലോകത്തെ വിഖ്യാത സംഗീതജ്ഞന്‍ സിര്‍യാബിനുള്ള സമര്‍പ്പണമായിരുന്നു ആ ഫെസ്റ്റിവല്‍. അല്‍ഫറാബി പ്രമേയത്തിലായിരുന്നു രണ്ടാമത്തെ ഫെസ്റ്റിവല്‍. ഇത്തവണ കൂടുതല്‍ ആകര്‍ഷകമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. യാക്കൂബ് ബിന്‍ ഇസ്ഹാഖ് അല്‍കിന്‍ദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഉദ്ഘാടനദിനമായ 23ന് പ്രദര്‍ശിപ്പിക്കും. പരമ്പരാഗത സംഗീതത്തെ പരിപോഷിപ്പിക്കുന്നതില്‍ അല്‍കിന്‍ദി വഹിച്ച പങ്ക്, ശാസ്ത്ര ഗണിത മേഖലകളിലെ അദ്ദേഹത്തിന്റെ സുപ്രധാനമായ സംഭാവനകള്‍ എന്നിവയെല്ലാം ഡോക്യുമെന്ററിയില്‍ പ്രതിഫലിക്കും. അല്‍കിന്‍ദിക്കുള്ള സമര്‍പ്പണമായി സംഗീതഷോയോടെയായിരിക്കും നാലുദിവസത്തെ ഫെസ്റ്റിവല്‍ സമാപിക്കുക. എല്ലാ ദിവസവും രാത്രി എട്ടു മുതല്‍ ഒപ്പേറ ഹൗസില്‍ ഊദ് പ്രകടനം അരങ്ങേറും.

ബില്‍ഡിങ് 19ല്‍ ഊദ് നിര്‍മാണവും ശില്‍പ്പശാലയും നടക്കും. എല്ലാ കലാരൂപങ്ങളെയും പ്രോത്സാഹിപ്പിക്കുകയെന്ന കത്താറയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഊദ് ഫെസ്റ്റിവലും. ഊദ് സംഗീതോപകരണത്തില്‍ ഊന്നല്‍നല്‍കിയിട്ടുള്ള പരിപാടികള്‍ കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവമാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആസ്പയര്‍ എംബസീസ് ഫുട്‌സാല്‍: സെമിഫൈനല്‍ ലൈനപ്പായി