
ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ മൂന്നാമത് വാര്‍ഷിക ഊദ് ഫെസ്റ്റിവല്‍ ശ്രദ്ധേയമാകുന്നു. ഡ്രാമ തീയറ്ററില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി പങ്കെടുത്തു. വിഐപി അതിഥികള്‍, സന്ദര്‍ശകര്‍, ഊദ് പ്രേമികള്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യവും ചടങ്ങിലുണ്ടായിരുന്നു. എല്ലാദിവസവും വൈവിധ്യമാര്‍ന്ന സംഗീതപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍മര്‍സൂഗി പറഞ്ഞു.

അക്കാഡമിക് സ്‌പെഷ്യലിസ്റ്റും കുവൈത്തിലെ ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കല്‍ ആര്‍ട്ട്‌സ് പ്രൊഫസറുമായ ഡോ.റിമ അല്‍ഷാര്‍ പങ്കെടുത്തു. 26വരെ പരിപാടികള്‍ തുടരും. വിഖ്യാതമായ അറേബ്യന്‍ സംഗീതോപകരണമാണ് ഊദ്. ഊദ് സംഗീതത്തിന്റെ വകഭേദങ്ങള്‍ ഫെസ്റ്റിവലില്‍ പ്രതിഫലിപ്പിക്കും. പ്രശസ്തരായ ഊദ് സംഗീതജ്ഞരുടെ പങ്കാളിത്തവും ഫെസ്റ്റിലുണ്ട്. വിഖ്യാതരായ ഊദ് സംഗീതജ്ഞരുടെ വ്യക്തിഗതപ്രകടനങ്ങള്‍ വീക്ഷിക്കാനുള്ള അവസരമാണ് ഫെസ്റ്റ് സമ്മാനിക്കുന്നത്. വിഖ്യാത മുസ് ലീം ചിന്തകനും പണ്ഡിതനുമായ യാക്കൂബ് ബിന്‍ ഇസ്ഹാഖ് അല്‍കിന്‍ദിയെ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ ഫെസ്റ്റിവല്‍. ഇറാഖി പ്രമേയത്താല്‍ ഫെസ്റ്റിവല്‍ അലങ്കരിച്ചിട്ടുണ്ട്.
ഇറാഖിലാണ് അല്‍കിന്‍ദി ജനിച്ചത് എന്നതിനാലാണിത്. രാവിലെ പത്തു മുതല്‍ രാത്രി പത്തുവരെയാണ് ഫെസ്റ്റിവല്‍. ഇതിനുപുറമെ സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, ഊദ് സംഗീതോപകരണത്തിന്റെ വിവിധ മാതൃകകളുടെ അവതരണം, ഊദ് സംഗീതത്തിന്റെ ചരിത്രവും നിലവിലെ മാറ്റങ്ങളും കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും നടക്കുന്നുണ്ട്. ഖത്തറിലെ പ്രമുഖരായ ഊദ് സംഗീതജ്ഞര്‍ക്കു പുറമെ ഇറാഖ്, കുവൈത്ത്, ജോര്‍ദ്ദാന്‍, തുര്‍ക്കി, ലബനാന്‍, ടുണീഷ്യ, ഒമാന്‍, ഗ്രീസ്, യമന്‍, സിറിയ, യമന്‍, ഇറാന്‍ രാജ്യങ്ങളില്‍നിന്നുള്ള 35ലധികം ഊദ് പ്ലെയേഴ്‌സും നിര്‍മാതാക്കളും പങ്കെടുക്കുന്നു.
മുസ്‌ലീം ലോകത്തെ വിവിധ സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്ന ലിങ്കാണ് അല്‍കിന്‍ദി. അദ്ദേഹത്തിനായാണ് ഫെസ്റ്റിവല്‍ ഇത്തവണ സമര്‍പ്പിച്ചിരിക്കുന്നത്. 2017 മാര്‍ച്ചിലായിരുന്നു ആദ്യ ഫെസ്റ്റിവല്‍. അറബ് ഇസ് ലാമിക ലോകത്തെ വിഖ്യാത സംഗീതജ്ഞന്‍ സിര്‍യാബിനുള്ള സമര്‍പ്പണമായിരുന്നു ആ ഫെസ്റ്റിവല്‍. അല്‍ഫറാബി പ്രമേയത്തിലായിരുന്നു രണ്ടാമത്തെ ഫെസ്റ്റിവല്‍. ഇത്തവണ കൂടുതല്‍ ആകര്‍ഷകമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. അല്‍കിന്‍ദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഉദ്ഘാടനദിനത്തില്‍ പ്രദര്‍ശിപ്പിച്ചു.
പരമ്പരാഗത സംഗീതത്തെ പരിപോഷിപ്പിക്കുന്നതില്‍ അല്‍കിന്‍ദി വഹിച്ച പങ്ക്, ശാസ്ത്ര ഗണിത മേഖലകളിലെ അദ്ദേഹത്തിന്റെ സുപ്രധാനമായ സംഭാവനകള്‍ എന്നിവയെല്ലാം ഡോക്യുമെന്ററിയില്‍ പ്രതിഫലിച്ചു. അല്‍കിന്‍ദിക്കുള്ള സമര്‍പ്പണമായി സംഗീതഷോയോടെയായിരിക്കും നാലുദിവസത്തെ ഫെസ്റ്റിവല്‍ സമാപിക്കുക. എല്ലാ ദിവസവും രാത്രി എട്ടു മുതല്‍ ഒപ്പേറ ഹൗസില്‍ ഊദ് പ്രകടനം അരങ്ങേറും. ബില്‍ഡിങ് 19ല്‍ ഊദ് നിര്‍മാണവും ശില്‍പ്പശാലയും നടക്കും.