in

മൂന്നാമത് സൂഖ് വാഖിഫ് വാര്‍ഷിക തേന്‍ വിപണിക്ക് ഇന്ന് തുടക്കം

ദോഹ: സൂഖ് വാഖിഫില്‍ മൂന്നാമത് വാര്‍ഷിക തേന്‍ വിപണിക്ക് ഇന്ന് തുടക്കമാകും. ഫെബ്രുവരി എട്ടുവരെ നടക്കും. തേന്‍ ഉത്പാദനം, വിപണനം, വിതരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് പങ്കെടുക്കുന്നത്. വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൂഖ്് വാഖിഫ്് മാനേജ്‌മെന്റായ പ്രൈവറ്റ് എന്‍ജിനിയറിങ് ഓഫീസാണ്(പിഇഒ) ഖത്തറിലെ ഏറ്റവും ആകര്‍ഷകമായ പൈതൃക വിനോദസഞ്ചാരകേന്ദ്രമായ സൂഫ് വാഖിഫില്‍ തേന്‍വിപണി ഒരുക്കുന്നത്. ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിക്ഷേപകര്‍ക്കും ചെറുകിട, ഇടത്തരം പദ്ധതികള്‍ക്കും സംരംഭകര്‍ക്കും പുതിയ വാണിജ്യ സാധ്യതകള്‍ തുറക്കുന്നതിനും സഹായകമായ വിധത്തിലാണ് തേന്‍ വിപണി ആസൂത്രണം ചെയ്തിരിക്കുന്നത്.
37 രാജ്യങ്ങളില്‍ നിന്നായി 150ലധികം കമ്പനികളാണ് പങ്കെടുക്കുന്നത്. രണ്ടാം എഡീഷനെ അപേക്ഷിച്ച് കമ്പനികളുടെ പങ്കാളിത്തത്തില്‍ 25 ശതമാനമാണ് വര്‍ധന. പ്രാദേശിക വിപണിയില്‍ കമ്പനികള്‍ക്കുള്ള വിശ്വാസമാണ്് വര്‍ധനവില്‍ പ്രതിഫലിക്കുന്നതെന്നും പ്രാദേശിക, വിദേശ തേനുകള്‍ വാങ്ങുന്നതിനുള്ള മികച്ച അവസരമാണിതെന്നും ജനറല്‍ സൂപ്പര്‍വൈസര്‍ ഖാലിദ് സയ്ഫ് അല്‍സുവൈദി പറഞ്ഞു. കഴിഞ്ഞവര്‍ഷം 20 രാജ്യങ്ങളാണ് പങ്കെടുത്തത്. ഇത്തവണ പത്ത് രാജ്യങ്ങള്‍ ഇതാദ്യമായി തേന്‍ വിപണിയില്‍ പങ്കെടുക്കുന്നുണ്ട്.
സ്വാഭാവിക തേന്‍ ഉത്പാദനത്തിലും വ്യാപാരത്തിലും പ്രശസ്തമായ രാജ്യങ്ങളെ തെരഞ്ഞെടുക്കാനാണ് താല്‍പര്യപ്പെടുന്നത്. നൂറു കണക്കിന് കമ്പനികളാണ് പുതിയ പതിപ്പിലേക്ക രജിസ്റ്റര്‍ ചെയ്തത്. മികച്ച ഉത്പന്നം വാഗ്ദാനം ചെയ്യുന്ന, പ്രാദേശിക, വിദേശ പങ്കാളികളുടെ അനുഭവങ്ങളെ സമ്പന്നമാക്കുന്ന, തേന്‍ ഉത്പാദന മേഖല അഭിവൃദ്ധി കൈവരിക്കുന്നതിനുള്ള അവസരമൊരുക്കുന്ന, പ്രദര്‍ശനത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായുള്ള മികച്ചതും വിശിഷ്ടവും അറിയപ്പെടുന്നതുമായ കമ്പനികളെയാണ് മൂന്നാം എഡീഷനിലേക്ക് തെരഞ്ഞെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. ഖത്തരി ഫാമുകളും ഇറക്കുമതി ചെയ്യുന്ന പ്രാദേശിക കമ്പനികളും ഉള്‍പ്പടെ 80 പ്രാദേശിക ഔട്ട്‌ലെറ്റുകള്‍ ഇത്തവണ പങ്കെടുക്കുന്നുണ്ട്. ഉന്നത ഗുണനിലവാരമുള്ള ശുദ്ധമായ പ്രകൃതിദത്ത തേന്‍ ഖത്തരി ഫാമുകള്‍ മേളയില്‍ ലഭ്യമാക്കും. തേനിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനവുമുണ്ടാകും. വിപണിയില്‍ പങ്കെടുക്കുന്ന വിദേശകമ്പനികള്‍ക്ക് മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നത്. തേന്‍ ഷിപ്പ്‌മെന്റിന് ഖത്തര്‍ എയര്‍വേയ്‌സ് 40ശതമാനം ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട്. ഇതിനുപുറമെ കസ്റ്റംസ് നടപടിക്രമങ്ങള്‍ സുഗമമാക്കും, വിമാനത്തില്‍ നിന്നും സ്റ്റോറുകളിലേക്ക് സുഗമമായ ചരക്കുഗതാഗതം, പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ വെയര്‍ഹൗസ്, സൗജന്യ ഹോട്ടല്‍ സൗകര്യം, വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേക്കും തിരിച്ചും യാത്രാസൗകര്യം എന്നിവയും ലഭ്യമാക്കും. തേനിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിപണിയാണ് സൂഖ് വാഖിഫിലേത്. പ്രാദേശിക, അറബ്, രാജ്യാന്തര തേന്‍ വൈവിധ്യമാണ് വിപണിയുടെ പ്രത്യേകത. ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും തേന്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും അവസരമുണ്ട്. വിദേശകമ്പനികള്‍ക്ക് തങ്ങളുടെ തേന്‍ ഉത്പന്നങ്ങള്‍ ഖത്തര്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനും പുതിയ വ്യാപാരസാധ്യതകള്‍ തുറക്കുന്നതിനും സഹായകമാകും. ഇതുമായി ബന്ധപ്പെട്ട പുതിയ കരാറുകളിലും പങ്കാളിത്തങ്ങളിലും ഏര്‍പ്പെടാനും കഴിയും. തേന്‍ വിതരണത്തില്‍ പൊതുവായ വ്യാപാര വളര്‍ത്ത പ്രോത്സാഹിപ്പിക്കുന്നതിനും അവസരമുണ്ടാകും.
തദ്ദേശീയമായ തേന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് തേനീച്ചവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് മികച്ച പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. രണ്ടാമത് വാര്‍ഷിക തേന്‍ വിപണിയില്‍ 23 രാജ്യങ്ങളില്‍ നിന്നായി 139 പ്രാദേശിക, രാജ്യാന്തര കമ്പനികളാണ് പങ്കെടുത്തത്. പ്രഥമ എഡീഷനെ അപേക്ഷിച്ച് കമ്പനികളുടെ പങ്കാളിത്തത്തില്‍ 77ശതമാനമായിരുന്നു വര്‍ധന. 45 ടണ്ണിലധികം തേനാണ് വില്‍പ്പന നടത്തിയത്. ആദ്യ എഡീഷനില്‍ 84 കമ്പനികളാണ് പങ്കെടുത്തിരുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘ഗാന്ധി സ്മൃതി’ നാളെ; കെമാല്‍ പാഷ പങ്കെടുക്കും

പ്രതിസന്ധികള്‍ കൈകാര്യം ചെയ്യല്‍: മാന്വലുമായി വിദ്യാഭ്യാസമന്ത്രാലയം