in ,

മെട്രാഷ് രണ്ടില്‍ പുതിയ രണ്ട് ഗതാഗതസേവനങ്ങള്‍ കൂടി

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന പോര്‍ട്ടലായ മെട്രാഷ് ടുവില്‍ പുതിയ രണ്ടു ഗതാഗത സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിലെ ലൈസന്‍സിങ് വകുപ്പ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസുമായി സഹകരിച്ചാണ് പൊതുജനങ്ങള്‍ക്കായി രണ്ടു പുതിയ സേവനങ്ങള്‍ കൂടി തുടങ്ങുന്നത്.

രജിസ്റ്റര്‍ ചെയ്ത ഗതാഗതനിയമലംഘനങ്ങളില്‍ എതിര്‍വാദം, മെട്രാഷ് രണ്ടിലെ ഞങ്ങളുമായി ആശയവിനിമയം നടത്തുക(കമ്യൂണിക്കേറ്റ് വിത്ത് അസ്) എന്ന ഓപ്ഷന്‍ ഉപയോഗിച്ച് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍ എന്നീ സേവനങ്ങളാണ് പുതിയതായി തുടങ്ങിയത്. മെട്രാഷ് രണ്ട് മുഖേന ട്രാഫിക് നിയമലംഘനത്തെ നേരിടാനും എതിര്‍പ്പ് അറിയിക്കാനും അവസരമുണ്ടാകും. നിയമലംഘനം രജിസ്റ്റര്‍ ചെയ്ത് പതിനാല് ദിവസത്തിനുള്ളില്‍ ഗതാഗത നിയമലംഘനത്തിനെതിരെ മെട്രാഷ് രണ്ട് മുഖേന എതിര്‍പ്പ് ഫയല്‍ ചെയ്യാനാകും.

സ്പീഡ് റഡാറുകളോ നിരീക്ഷണ ക്യാമറകളോ മുഖേനയോ മാനുഷികമായോ റെക്കോര്‍ഡ് ചെയ്ത എല്ലാ ഗതാഗത നിയമലംഘനങ്ങളിലും ഈ സേവനം ഉപയോഗിച്ച് എതിര്‍പ്പ് ഫയല്‍ ചെയ്യാം. പിഴ ഇതിനോടകം അടച്ചിട്ടുണ്ടെങ്കിലോ ഒരുതവണ എതിര്‍വാദം ഉന്നയിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നീട് എതിര്‍പ്പ് അറിയിക്കാനാകില്ല.

എതിര്‍പ്പ് രജിസ്റ്റര്‍ ചെയ്ത് മുപ്പത് ദിവസത്തിനുള്ളില്‍ കൂടാത്ത കാലയളവിനുള്ളില്‍ എതിര്‍പ്പ് അറിയിച്ച വ്യക്തിക്ക് വാചക സന്ദേശം മുഖേന മറുപടി ലഭിക്കും. ലംഘനം ശരിയാണെന്ന് കണ്ടെത്തിയാല്‍ സാധാരണ നടപടിക്രമം ബാധകമാകും. തെറ്റാണെന്ന് കണ്ടെത്തിയാല്‍ നിയമലംഘനം നീക്കം ചെയ്യും. മെട്രാഷ് രണ്ടിലെ ഓപ്ഷന്‍ മുഖേന എല്ലാത്തരം നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യാനാകും.

നിയമലംഘനത്തിന്റെ കൃത്യമായ ചിത്രം, വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ്, സ്ഥലം, സമയം എന്നിവ ഉള്‍പ്പെടുത്തിയാണ് ഗതാഗതനിയമലംഘനം റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ലൈസന്‍സിങ് വകുപ്പിലെ ട്രാഫിക് ലംഘന വിഭാഗം നിയമലംഘനം രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് വിവരങ്ങള്‍ പരിശോധിക്കും. പൊതുറോഡുകളിലും മറ്റു സ്ഥലങ്ങളിലും ട്രാഫിക് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഈ സേവനം പൊതുജനങ്ങളെ പ്രാപ്തമാക്കുന്നു.

ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ട്രാഫിക് ലംഘന വിഭാഗത്തിലെ ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് റാബിയ അല്‍കുവാരിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് കോള്‍സെന്റര്‍സേവനത്തിനും തുടക്കംകുറിച്ചിട്ടുണ്ട്.

2344444 ആണ് നമ്പര്‍. നിയമലംഘനം, ഡ്രൈവര്‍മാരുടെ ലൈസന്‍സ്, നമ്പര്‍ പ്ലേറ്റ്, അംഗപരിമിതര്‍ക്കായുള്ള സേവനങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിന് ഇഷ്ടഭാഷയും ആവശ്യമായ സേവനവും തെരഞ്ഞെടുക്കാന്‍ കോളര്‍ക്ക് സാധിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിന്റെ സമാധാന പരിപാലന വിമാനത്തിന് രാജ്യാന്തര അംഗീകാരം

കത്താറയില്‍ ക്രിക്കറ്റ് ഫോട്ടോ പ്രദര്‍ശനത്തിനു തുടക്കമായി