in ,

മെട്രോ സ്‌റ്റേഷനുകളില്‍ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍: അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 29

ദോഹ: ദോഹ മെട്രോയുടെ ഗോള്‍ഡ്, ഗ്രീന്‍, റെഡ് ലൈനുകളിലെ സ്റ്റേഷനുകളില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ സ്ഥലം നേടുന്നതിനുള്ള രജിസ്‌ട്രേഷനായി അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്ത് 29. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും അപേക്ഷയും www.retail.qr.com.qa എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ലളിതമായ നടപടികളിലൂടെ അപേക്ഷാനടപടികള്‍ പൂര്‍ത്തീകരിക്കാം. ഗോള്‍ഡ് ലൈനില്‍ റാസ് അബുഅബൗദ് മുതല്‍ അല്‍അസീസിയ വരെ പത്ത് സ്റ്റേഷനുകളിലെ 55 റീട്ടെയ്ല്‍ യൂണിറ്റുകള്‍, 33 എടിഎം ലൊക്കേഷനുകള്‍, ഗ്രീന്‍ലൈനില്‍ അല്‍റിഫ സ്റ്റേഷനിലെ എട്ട് റീട്ടെയ്ല്‍ കിയോസ്‌ക്കുകള്‍, രണ്ടു എടിഎം ലൊക്കേഷനുകള്‍, റെഡ്‌ലൈനില്‍ കത്താറ മുതല്‍ ലുസൈല്‍ വരെയും ഹമദ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ ഒന്നിലെയും അഞ്ചു സ്‌റ്റേഷനുകളിലെ 19 റീട്ടെയ്ല്‍ യൂണിറ്റുകള്‍, പതിനൊന്ന് എടിഎം ലൊക്കേഷനുകള്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യാത്ര കാര്യക്ഷമമാക്കാനും ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാനും ചെറുകിട- ഇടത്തരം സംരംഭങ്ങളെ പിന്തുണക്കാനും സാമ്പത്തിക വളര്‍ച്ച പരിപോഷിപ്പിക്കാനുമുള്ള അവസരം കൂടിയെന്ന നിലയിലാണ് മെട്രോ സ്‌റ്റേഷനുകളില്‍ റീട്ടെയ്ല്‍ സ്ഥലം അനുവദിക്കുന്നത്.

റീട്ടെയില്‍ സ്റ്റോറുകളുടെയും സര്‍വീസസ് കിയോസ്‌കുകളുടെയും സാന്നിധ്യം മെട്രോസ്‌റ്റേഷനുകളുടെ ജനപ്രതീ വര്‍ധിപ്പിക്കുന്നു. രജിസ്‌ട്രേഷന്‍ അവസാനിച്ചാല്‍ ലഭിച്ച അപേക്ഷകള്‍ സമഗ്രമായി പരിശോധിക്കും. വ്യക്തമായ വ്യവസായ പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും അര്‍ഹരെ തിരഞ്ഞെടുക്കുക. ട്രാന്‍സിറ്റ് സ്റ്റേഷനുകളില്‍ വിശാലമായ നടപ്പാതയുള്ളതിനാല്‍ ചില്ലറ വ്യാപാരത്തിന് പറ്റിയ ഇടമാകുമിത്.

സര്‍വീസ്, ഭക്ഷ്യ- പാനീയം, കണ്‍വീനിയന്‍സ് സ്റ്റോര്‍, ജനറല്‍ റീട്ടെയില്‍ എന്നീ വിഭാഗങ്ങളിലാണ് വ്യാപാരത്തിന് അവസരം. സര്‍വീസ് വിഭാഗത്തില്‍ ബാങ്ക്, മണി എക്‌സ്‌ചേഞ്ച്, ടെലികോം സര്‍വീസ്, ഫാര്‍മസി, ട്രാവല്‍ ഏജന്റ്, കൊറിയര്‍ സര്‍വീസ്, ഹെല്‍ത്ത് ആന്റ് ബ്യൂട്ടി, ലോണ്‍ഡ്രി, സര്‍ക്കാര്‍ സ്ഥാപനം, ക്വിക്ക് സര്‍വീസ് റിപ്പയര്‍, മറ്റുള്ളവ എന്നിവയ്ക്കും ജനറല്‍ റീട്ടെയില്‍ വിഭാഗത്തില്‍ സ്റ്റേഷനറി, ഇലക്ട്രോണിക്‌സ്, ഫ്‌ളോറിസ്റ്റ്, ആക്‌സസറീസ്, ഗിഫ്റ്റ്- സുവനീര്‍ ഷോപ്പുകള്‍, ബുക്ക് സ്റ്റോര്‍, സ്‌പോര്‍ട്‌സ് ഷോപ്പ്, നുട്രീഷണല്‍ സപ്ലിമെന്റ്, മറ്റുള്ളവ എന്നിവയ്ക്കും കണ്‍വീനിയന്‍സില്‍ കണ്‍വീനിയന്‍സ് സ്റ്റോര്‍, ന്യൂസ് ഏജന്റ് എന്നിവയ്ക്കും ഭക്ഷ്യ പാനീയ വിഭാഗത്തില്‍ കഫേ, ക്വിക്ക് സര്‍വീസ് റസ്റ്റോറന്റ്, പ്രത്യേക ഭക്ഷണം, ജ്യൂസ് ബാര്‍ മറ്റുള്ളവ എന്നിവയ്ക്കും എടിഎം, വെന്‍ഡിങ് മെഷീന്‍ എന്നിവയ്ക്കുമാണ് അനുമതി.

നേരത്തെ ദോഹ മെട്രോയുടെ റെഡ് ലൈനിലെ സ്‌റ്റേഷനുകളിലെ റീട്ടെയ്ല്‍ സ്ഥലങ്ങള്‍ക്കായുള്ള അപേക്ഷകള്‍ ക്ഷണിക്കുകയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. മെട്രോയുടെ റെഡ്, ഗോള്‍ഡ്, ഗ്രീന്‍ ലൈനുകളിലെ 37 സ്റ്റേഷനുകളിലായി ആകെ 9200 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് വ്യാപാരാവശ്യത്തിന് നല്‍കുന്നത്.

മെട്രോ യാത്രക്കാര്‍ക്കും മറ്റ് ഉപഭോക്താക്കള്‍ക്കും സഹായപ്രദമാകുന്നതാണ് സ്റ്റേഷനുകളിലെ വ്യാപാര സ്ഥാപനങ്ങള്‍. അല്‍ വഖ്‌റ മുത്‌ല അല്‍ ഖസ്സാര്‍ വരെയുള്ള റെഡ് ലൈനിലെ 13 സ്റ്റേഷനുകളില്‍ 86 റീട്ടെയില്‍ യൂണിറ്റുകള്‍ നിര്‍മിക്കുന്നതിനാണ് നേരത്തെ സ്ഥലം അനുവദിച്ചിരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഷോപ്പുകളില്‍ പിഒഎസ് മെഷീനുകളുടെ ദൗര്‍ലഭ്യം പ്രതിസന്ധി സൃഷ്ടിക്കുന്നു

ഐഎഎഎഫ് ലോക അത്‌ലറ്റിക്‌സ്: ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു