in ,

മെന മേഖലയിലെ സമാധാനരാജ്യം ഖത്തര്‍: ആഗോള പട്ടികയില്‍ 31-ാമത്

ദോഹ: മിഡില്‍ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക(മെന) മേഖലയിലെ ഏറ്റവും സാമാധനമുള്ള രാജ്യമായി ഖത്തറിനെ വീണ്ടും തെരഞ്ഞെടുത്തു. ഗ്ലോബല്‍ പീസ് ഇന്‍ഡെക്‌സ് 2019 പട്ടികയില്‍ ആഗോളതലത്തില്‍ 31-ാം സ്ഥാനത്താണ് ഖത്തര്‍. സമാധാനവും സുസ്ഥിരതയും വിലയിരുത്തി 160ലധികം രാജ്യങ്ങളുടെ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്.

1,696 ആണ് ഖത്തറിന്റെ സ്‌കോര്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഖത്തറിനായി. മേഖലയില്‍ സമാധാനാന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ തൊട്ടുപിന്നില്‍ കുവൈത്താണ്. ഇത്തവണ ആഗോളതലത്തില്‍ 43-ാം സ്ഥാനത്താണ് കുവൈത്ത്. ജിസിസി രാജ്യങ്ങളില്‍ യു.എ.ഇയ്ക്ക് 53-ാം സ്ഥാനവും ഒമാന് 69-ാം സ്ഥാനവുമാണുള്ളത്. മുന്‍ റാങ്കിങിനെ അപേക്ഷിച്ച് യുഎഇ എട്ടു സ്ഥാനം പിന്നോക്കം പോയി.

124-ം സ്ഥാനത്താണ് ബഹ്‌റൈന്‍. ജിസിസിയില്‍ ഏറ്റവും അവസാന സ്ഥാനം സഊദി അറേബ്യയ്ക്കാണ്.. ആഗോളപട്ടികയില്‍ 129-ാം സ്ഥാനത്താണ് സഊദി അറേബ്യ. കഴിഞ്ഞവര്‍ഷവും റാങ്കിങില്‍ ഇതേസ്ഥാനത്തായിരുന്നു സഊദി. ഈജിപ്ത് 136-ാം സ്ഥാനത്താണ്. മൂന്ന് മേഖലകളിലായി 23 വ്യത്യസ്ഥ സൂചകങ്ങള്‍ പരിശോധിച്ചാണ് ഗ്ലോബല്‍ പീസ് ഇന്‍ഡെക്‌സ് പട്ടിക തയ്യാറാക്കിയത്.

സമൂഹത്തിനിടയിലെ സുരക്ഷിതത്വത്തിന്റെയും വിശ്വാസ്യതയുടെയും പഠനം, ആഭ്യന്തരവും അന്താരാഷ്ട്ര തലത്തിലുമുള്ള പ്രശ്‌നങ്ങള്‍, രാജ്യത്ത് നടപ്പാക്കുന്ന സൈനീകവത്കരണത്തിന്റെ കണെക്കുടുപ്പ് എന്നിവ വിലയിരുത്തിയാണ് റാങ്കിങ് തയാറാക്കുന്നത്.

സമാധാനത്തിന്റെ കാര്യത്തില്‍ നേരത്തെ ദക്ഷിണേഷ്യയായിരുന്നു പിന്നോക്കമെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനം മധ്യപൂര്‍വേഷ്യയ്ക്കാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും സമാധാനം കുറഞ്ഞ മേഖലയായി മെന മേഖല തുടരുകയാണ്. വിവിധ മധ്യപൂര്‍വേഷ്യന്‍ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആഭ്യന്തരകലഹങ്ങളും വര്‍ധിച്ചുവരുന്ന അഭയാര്‍ഥിപ്രശ്‌നങ്ങളുമാണ് ഇതിന് കാരണം. ആഗോളതലത്തില്‍ ശാന്തിയും സമാധാനവുമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഐസ്‌ലന്‍ഡിനാണ് ഒന്നാം സ്ഥാനം.

ന്യൂസിലന്‍ഡ്, ഓസ്ട്രിയ, പോര്‍ച്ചുഗല്‍, ഡെന്‍മാര്‍ക്ക് എന്നിവയാണ് രണ്ടു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്. മെന മേഖലയില്‍ ഏറ്റവുമധികം സ്‌കോര്‍ മെച്ചപ്പെടുത്തിയ രാജ്യങ്ങളില്‍ മൂന്നാമതാണ് ഖത്തര്‍. രാഷ്ട്രീയ തീവ്രവാദം, ആഭ്യന്തരസംഘര്‍ഷങ്ങളുടെ തീവ്രത, കൊലപാതകനിരക്ക്, തീവ്രവാദത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്നിവയുടെ കുറവിന്റെ അടിസ്ഥാനത്തിലാണ് സ്‌കോറില്‍ മാറ്റമുണ്ടാകുന്നത്.

ഇക്കാര്യത്തില്‍ വലിയ മുന്നേറ്റം കൈവരിക്കാന്‍ ഖത്തറിനായി. സാമൂഹികസുരക്ഷയുടെ കാര്യത്തില്‍ ഖത്തര്‍ ആഗോളതലത്തില്‍ 20-ാമതും മെന മേഖലയില്‍ ഒന്നാമതുമാണ്. 2009 മുതല്‍ 2017വരെയുള്ള കാലയളവിലും റാങ്കിങില്‍ മെന മേഖലയിലെ ഏറ്റവും സമാധാനമുള്ള രാജ്യം ഖത്തറായിരുന്നു. ആഗോള സമാധാന സൂചികയില്‍ ഏറ്റവും കുറവ് സമാധാനമുളള രാജ്യം ഇതുവരെ സിറിയയായിരുന്നുവെങ്കില്‍ പുതിയ പട്ടികയില്‍ ആ സ്ഥാനം അഫ്ഗാനിസ്താനാണ്.

റാങ്കിങില്‍ ഏറ്റവും ഒടുവിലാണ് അഫ്ഗാനിസ്താന്‍. സിറിയ, ദക്ഷിണ സുഡാന്‍, യമന്‍, ഇറാഖ് എന്നിവയാണ് സമാധാനം ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഐസിസിയിലെ സംഗീതപരിപാടി ആകര്‍ഷകമായി

സിറിയയില്‍ ഖത്തര്‍ ചാരിറ്റിയുടെ ഭവനപദ്ധതി: ചെലവഴിച്ചത് 96.5 മില്യണ്‍ റിയാല്‍