in , , , ,

മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനം കുവൈത്തില്‍ ഫെബ്രുവരിയില്‍

ദോഹ: ഖത്തര്‍ ചേംബറിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിനു പുറത്തു സംഘടിപ്പിക്കുന്ന മൂന്നാമത് മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനം ഫെബ്രുവരിയില്‍ കുവൈത്തില്‍ നടക്കും.
ഊര്‍ജ വ്യവസായ മന്ത്രാലയം, ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയും കുവൈത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ഏകോപിപ്പിച്ചും ഫെബ്രുവരി 19 മുതല്‍ 22 വരെ നടക്കുന്ന പ്രദര്‍ശനത്തിനായുള്ള തയാറെടുപ്പുകള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഖത്തര്‍ ചേംബര്‍ ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം അല്‍താനിയും ക്യുഡിബി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഖാലിദ് അബ്ദുല്ല അല്‍മനയും ദോഹയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
കുവൈത്ത് രാജ്യാന്തര ഫെയറില്‍ 10,000 സ്്ക്വയര്‍മീറ്ററിലായിരിക്കും പ്രദര്‍ശനം. ഇതുവരെ 180ലധികം കമ്പനികള്‍ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. 220ലധികം കമ്പനികളും ഫാക്ടറികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 20ശതമാനവും ഇതാദ്യമായിട്ടായിരിക്കും മെയ്ഡ് ഇന്‍ ഖത്തര്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുക. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യവസായ, ഉത്പാദന മേഖലകളില്‍ നിക്ഷേപാവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിദേശത്ത് ഖത്തരി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കുകയെന്നും വിഭാവനം ചെയ്യുന്നു.
ഉപരോധത്തെത്തുടര്‍ന്ന് രാജ്യം വ്യവസായ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രദര്‍ശനത്തില്‍ അവതരിപ്പിക്കും. ഖത്തരി കമ്പനികള്‍ക്കും കുവൈത്തി കമ്പനികള്‍ക്കുമിടയില്‍ സഹകരണത്തിന്റെ പുതിയ പാതകള്‍ തുറക്കുകയെന്ന ലക്ഷ്യവും പ്രദര്‍ശനത്തിന്റെ പിന്നിലുണ്ട്. വ്യവസായമേഖലയില്‍ ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ തമ്മില്‍ അനുഭവങ്ങളും ആശയങ്ങളും പങ്കുവയ്ക്കാനും ഇതിലൂടെ അവസരം ലഭിക്കും. ഖത്തരി ഉത്പന്നങ്ങള്‍ കുവൈത്തി സമൂഹത്തിന്റെ മുന്നില്‍ പരിചയപ്പെടുത്തുന്നതിനൊപ്പം ഖത്തരി കമ്പനികള്‍ക്ക് കൂടുതല്‍ വിദേശവിപണികളിലേക്ക് അവസരങ്ങളും സാധ്യതകളും തുറക്കുന്നതിനും പ്രദര്‍ശനം വഴിയൊരുക്കും. മുന്‍വര്‍ഷങ്ങളിലെ മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനങ്ങള്‍ വലിയ വിജയമായിരുന്നു. ഖത്തറില്‍ അഞ്ചു തവണയും വിദേശത്ത് രണ്ടു തവണയുമാണ് എക്‌സ്‌പോ അവതരിപ്പിച്ചത്. കഴിഞ്ഞപതിപ്പ് ഒമാനിലായിരുന്നു. പ്രാദേശിക വിപണിയില്‍ മികച്ച വിജയം കൈവരിച്ച ഉത്പന്നങ്ങള്‍ പുറംവിപണികളില്‍ പ്രോത്സാഹിപ്പിക്കാന്‍ മെയ്ഡ് ഇന്‍ ഖത്തറിലൂടെ സാധിക്കും. പ്രദര്‍ശനത്തോടനുബന്ധിച്ച് ഖത്തര്‍- കുവൈത്ത് ബിസിനസ് ഫോറവും നടക്കും.
വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഫോറത്തില്‍ അവലോകനം ചെയ്യും. എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യബന്ധവും സ്വകാര്യമേഖലകള്‍ തമ്മിലുള്ള ശക്തമായ സഹകരണവും അതിവേഗ വാണിജ്യബന്ധവും വേദിയായി കുവൈത്തിനെ തെരഞ്ഞെടുക്കാന്‍ കാരണമായിട്ടുണ്ട്. ഖത്തറും കുവൈത്തും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ പ്രദര്‍ശനം സഹായകമാകും. കഴിഞ്ഞവര്‍ഷം ആദ്യ പകുതിയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിവ്യാപാരം 1.5 ബില്യണ്‍ ഡോളറിലേക്കെത്തിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കാപ്പിയെ രുചിച്ചറിയാന്‍ കത്താറയില്‍ അവസരം

ഖത്തര്‍-ഫ്രാന്‍സ് സാംസ്‌കാരികവര്‍ഷം: പരിപാടികള്‍ പ്രഖ്യാപിച്ചു