in ,

മെയ് 16ന് ദോഹ മെട്രോയിലൂടെ യാത്ര നടത്തിയത് 68,725 പേര്‍

ദോഹ: യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ദോഹ മെട്രോ. അമീര്‍ കപ്പ് ഫൈനല്‍ നടന്ന മെയ് പതിനാറിന് ദോഹ മെട്രോയിലൂടെ യാത്ര നടത്തിയത് 68,725 പേര്‍. ദോഹ മെട്രോ സര്‍വീസ് തുടങ്ങിയശേഷം ഏറ്റവുമധികം പേര്‍ യാത്ര നടത്തിയതും 16നായിരുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ മെട്രോയ്ക്ക് സാധിച്ചു.

അമീര്‍ കപ്പ് ഫൈനല്‍ ആസ്വദിക്കാന്‍ വഖ്‌റയിലെ അല്‍ജാനൂബ് സ്്‌റ്റേഡിയത്തിലേക്കെത്താന്‍ നല്ലൊരു പങ്ക് ഫുട്‌ബോള്‍ ആസ്വാദകരും ആശ്രയിച്ചത് ദോഹ മെട്രോയെ ആയിരുന്നു. സ്‌റ്റേഡിയം ഉദ്ഘാടനത്തിനും അമീര്‍ കപ്പ് ഫൈനല്‍ വീക്ഷിക്കുന്നതിനുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി എത്തിയതും ദോഹ മെട്രോയിലായിരുന്നു.

രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനത്തില്‍ ദോഹ മെട്രോയുടെ ജനപ്രീതിയേറുന്നുവെന്നതാണ് യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവ് തെളിയിക്കുന്നത്. അമീര്‍ കപ്പ് ഫൈനലിനോടനുബന്ധിച്ച് ദോഹ മെട്രോയുടെ സര്‍വീസ് നീട്ടിയിരുന്നു. മത്സരം ആസ്വദിക്കാനെത്തുന്നവര്‍ക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനായിട്ടായിരുന്നു ഇത്.

സാധാരണ ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ 11 വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നതെങ്കില്‍ അമീര്‍ കപ്പ് ഫൈനല്‍ മത്സരത്തിനുശേഷവും സര്‍വീസുണ്ടായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ(മെയ് 17) മൂന്നുവരെയായിരുന്നു സര്‍വീസ്. മത്സരത്തിനുശേഷം ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് ടാക്‌സിയെയോ മറ്റോ ആശ്രയിക്കാതെ മടങ്ങിപ്പോകാന്‍ ഇതിലൂടെ സാധിച്ചു.

മെട്രോയില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുകയാണ്. പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസ് തുടങ്ങി ആദ്യ രണ്ടുദിവസത്തിനുള്ളില്‍ മാത്രം 80,000ലധികം പേര്‍ മെട്രോയില്‍ യാത്ര നടത്തിയിരുന്നു. മെയ് എട്ട് ബുധനാഴ്ചയാണ് പൊതുജനങ്ങള്‍ക്കായി സര്‍വീസ് തുടങ്ങിയത്. ആദ്യദിനത്തില്‍ 37,451 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. രണ്ടാംദിനമായ വ്യാഴാഴ്ച യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു.

49,036 പേരുമാണ് രണ്ടാം ദിനത്തില്‍ മെട്രോയില്‍ യാത്ര ചെയ്തത്. രണ്ടു ദിനങ്ങളിലുമായി 86,487 പേര്‍ യാത്ര ചെയ്തു. റെഡ്‌ലൈന്‍ സൗത്ത് പാതയില്‍ അല്‍ ഖസ്സര്‍ മുതല്‍ അല്‍വഖ്‌റ വരെ പതിമൂന്ന് സ്റ്റേഷനുകളെ ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. വടക്ക് അല്‍ഖസറില്‍നിന്നും ഡിഇസിസി, വെസ്റ്റ്‌ബേ, കോര്‍ണീഷ്, അല്‍ബിദ, മുശൈരിബ്, ദോഹ അല്‍ജദീദ, ഉംഗുവൈലിന, മതാര്‍ അല്‍ഖദീം, ഒഖ്ബ ഇബ്‌നു നാഫി, ഇക്കോണിക് സോണ്‍, റാസ് അബുഫൊന്താസ് സ്റ്റേഷനുകള്‍ പിന്നിട്ടാണ് തെക്ക് വഖ്‌റയിലെത്തുന്നത്.

35 മിനുട്ടില്‍ താഴെയാണ് യാത്രാസമയം. രാവിലെ എട്ടു മുതല്‍ രാത്രി പതിനൊന്നു വരെ ഓരോ ആറുമിനിട്ടിലുമാണ് സര്‍വീസ്. വാരാന്ത്യദിനങ്ങളായ വെള്ളിയും ശനിയും സര്‍വീസുണ്ടാകില്ല. കൂടുതല്‍ സ്‌റ്റേഷനുകളും ലൈനുകളും തുറക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമായി തുടരുന്നതിനായാണ് വാരാന്ത്യങ്ങളില്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നത്.

അതേസമയം ദോഹ മെട്രോയുടെ ഗോള്‍ഡ് ക്ലബ്ബ് പാസ്സിന് ആവശ്യകത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. തിരക്കേറിയ സമയങ്ങളില്‍ മെട്രോയുടെ സ്റ്റാന്റേഡ് വിഭാഗത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ ഗോള്‍ഡ് ക്ലബ്ബ് ട്രാവല്‍ പാസ് എടുക്കാന്‍ കൂടുതല്‍ പേരും താല്‍പര്യപ്പെടുന്നു.

തൃപ്തികരമായും സൗകര്യരപ്രദമായും യാത്ര ചെയ്യുന്നതിനായാണ് സ്റ്റാന്റേഡ് കാര്‍ഡുണ്ടായിട്ടും ഗോള്‍ഡ് ക്ലബ്ബ് കാര്‍ഡിലേക്ക് മാറുന്നതെന്ന് വിവിധ റൈഡര്‍മാരെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്റ്റാന്റേഡിനേക്കാള്‍ വലുതും കംഫര്‍ട്ടബിളുമായ സീറ്റിങ് ക്രമീകരണമാണ് ഗോള്‍ഡ് ക്ലബ്ബിലുള്ളത്. 100 റിയാലാണ് ഗോള്‍ഡ് ക്ലബ് കാര്‍ഡിന്റെ വില. യാത്ര ചെയ്യുന്നതിനായി കാര്‍ഡ് റീചാര്‍ജ് ചെയ്യണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കുട്ടികള്‍ക്കായി ഗരംങ്കാവോ ആഘോഷമൊരുക്കി റേഡിയോ സുനോ

കടലാമകളെ സംരക്ഷിക്കാന്‍ പദ്ധതിയുമായി ഇഎസ്‌സി