in ,

മേഖലയിലെ പിരിമുറുക്കം കുറയ്ക്കാന്‍ യോജിച്ചുപ്രവര്‍ത്തിക്കുമെന്ന് അമീര്‍

അമീര്‍ യുഎസ് പ്രതിരോധ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് പെന്റഗണില്‍ നല്‍കിയ സ്വീകരണത്തില്‍ നിന്ന്

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യുഎസ് പ്രതിരോധവകുപ്പ് ആക്ടിങ് സെക്രട്ടറി മാര്‍ക്ക് ടി എസ്പറുമായി ചര്‍ച്ച നടത്തി. പെന്റഗണിലായിരുന്നു കൂടിക്കാഴ്ച. ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ എസ്പര്‍ പ്രശംസിച്ചു.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം മുന്‍പത്തെക്കാള്‍ ശക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അല്‍ഉദൈദ് വ്യോമതാവളം വഹിക്കുന്ന തന്ത്രപരമായ പങ്കിനെയും അമേരിക്കന്‍ സൈനിക സാന്നിധ്യത്തിനു നല്‍കുന്ന പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു.

യുഎസ് സേനയെ ദീര്‍ഘകാലമായി ആതിഥേയത്വം വഹിക്കുന്നതിനുള്ള ഖത്തറിന്റെ സന്നദ്ധത ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ പ്രതീകമാണ്. മിഡില്‍ഈസ്റ്റിലെ സുസ്ഥിരതയെ പിന്തുണയ്ക്കുന്നതില്‍ ഈ ശക്തികളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

നിലവിലെ പിരിമുറുക്കം ലഘൂകരിക്കുന്നതില്‍ ഖത്തറിന്റെ ശ്രമങ്ങളെ എസ്പര്‍ അഭിനന്ദിച്ചു. 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഖത്തറിന്റെ തുടര്‍ച്ചയായ തയാറെടുപ്പുകളെക്കുറിച്ച് പരാമര്‍ശിക്കവെ ഈ മഹത്തായ കായികമേളയുടെ കാര്യത്തില്‍ അദ്ദേഹം അമീറിനെ അഭിനന്ദിച്ചു. ദോഹയെ അത്ഭുതനഗരമായാണ് എസ്പര്‍ വിശേഷിപ്പിച്ചത്.

ഖത്തരി ജനതയുടെ ആതിഥ്യമര്യാദയില്‍ ലോകത്തിന് വളരെയധികം മതിപ്പുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ തന്ത്രപരമായ ബന്ധമുണ്ടെന്നും മേഖലയിലെ പിരിമുറുക്കം കുറയ്ക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ചര്‍ച്ചയില്‍ അമീര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി ബുദ്ധിമുട്ടും പ്രതിസന്ധിയും നിറഞ്ഞ കാലഘട്ടമാണ് മേഖല അഭിമുഖീകരിക്കുന്നത്.

ഈ പിരിമുറുക്കം കുറയ്ക്കുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കും. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതില്‍ നിന്നും ലഘൂകരിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്താനാകുമെന്ന് അമീര്‍ പറഞ്ഞു. യുഎസ് പ്രതിരോധമന്ത്രാലയത്തിന്റെ ആതിഥേയത്വത്തിന് അമീര്‍ നന്ദി പറഞ്ഞു.

അമീര്‍ യുഎസ് പ്രതിരോധവകുപ്പ് ആക്ടിങ് സെക്രട്ടറി മാര്‍ക്ക് ടി എസ്പറുമായി ചര്‍ച്ച നടത്തുന്നു

2022 ഫിഫ ലോകകപ്പിനും 2026ല്‍ അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനുമുള്ള ആഗ്രഹവും അദ്ദേഹം പങ്കുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണബന്ധവും അവ വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

പ്രത്യേകിച്ചും പ്രതിരോധസ സൈനിക, സുരക്ഷാ മേഖലകളിലെ സഹകരണമാണ് ചര്‍ച്ച ചെയ്തത്. മേഖലാ, രാജ്യാന്തര സംഭവവികാസങ്ങളും ചര്‍ച്ചയായി. പ്രത്യേകിച്ചും മേഖലയില്‍ സമാധാനവും സുസ്ഥിരതയും സ്ഥാപിക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും സംയുക്തശ്രമങ്ങളും ചര്‍ച്ച ചെയ്തു. അമീറിന് പെന്റഗണില്‍ ഔദ്യോഗിക സ്വീകരണവുമൊരുക്കിയിരുന്നു. ഔദ്യോഗിക അമേരിക്കന്‍ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് അമീര്‍ വാഷിങ്ടണിലെത്തിയത്.

ആന്‍ഡ്രൂസ് വ്യോമസേനാ ബേസില്‍ യുഎസ് സ്‌റ്റേറ്റ് വകുപ്പ് ആക്ടിങ് ചീഫ് ഓഫ് പ്രോട്ടോകോള്‍ മേരി കേറ്റ് ഫിഷര്‍, ഗള്‍ഫ് കാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ടിം ലിന്‍ഡര്‍ കിങ്, യുഎസിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് മിഷാല്‍ ബിന്‍ ഹമദ് അല്‍താനി, ഖത്തര്‍ എംബസി ഉദ്യോഗസ്ഥര്‍, വാഷിങ്ടണിലെ ഖത്തര്‍ ഡിഫന്‍സ് അറ്റാഷെ ഓഫീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അമീറിനെ സ്വീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സിലാടെകും യുഎന്‍ ഹൈക്കമ്മീഷനും സഹകരിച്ചുപ്രവര്‍ത്തിക്കുന്നു

സൈനിക, സുരക്ഷാ സഖ്യങ്ങളില്‍ നിക്ഷേപം തുടരുമെന്ന് അമീര്‍