
ദോഹ: മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് ഖത്തറില്‍ ക്ലൗഡ് ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നു. 2021 ഓടെ സൂക്ഷ്മതയോടും വിശ്വാസ്യതയോടും കൂടിയ ക്ലൗഡ് സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം ഐടി മേഖലയിലെ ആഗോളകമ്പനിയായ മൈക്രോസോഫ്റ്റുമായി ചേര്‍ന്നാണ് പുതിയ സെന്റര്‍ സ്ഥാപിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ആഗോള ക്ലൗഡ് അടിസ്ഥാന സൗകര്യ വികസനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്.
20 രാജ്യങ്ങളിലായി 55 ക്ലൗഡ് റീജനുകള്‍ സ്ഥാപിക്കുന്നുണ്ട്. രാജ്യത്ത് പുതിയ ക്ലൗഡ് ഡാറ്റാ സെന്റര്‍ റീജന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രഖ്യാപന ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി പങ്കെടുത്തു.
ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തി, മൈക്രോസോഫ്റ്റ് ഗ്ലോബല്‍ സെയ്ല്‍സ്,മാര്‍ക്കറ്റിങ് ഓപ്പറേഷന്‍സ് പ്രസിഡന്റ് ജീന്‍ ഫിലിപ്പ് കോര്‍ട്ടോയിസ് എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. 2021 ല്‍ ക്ലൗഡ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങും. മൈക്രോസോഫ്റ്റ് അസുര്‍, ഓഫിസ് 365, ഡൈനാമിക്സ് 365, പവര്‍ പ്ലാറ്റ്ഫോം എന്നിവയെല്ലാം റീജനിലുണ്ടാകും.
ഖത്തരി ഫ്രീ സോണിലാകും പുതിയ ക്ലൗഡ് ഡേറ്റ സെന്റര്‍. ആരോഗ്യപരിചരണ സേവന രംഗത്ത് സ്മാര്‍ട് സൊലൂഷന്‍ കൈവരിക്കുക, ആര്‍ടിഫിഷല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസ മേഖലയില്‍ ശാസ്ത്രീയ ഗവേഷണം, കായിക ഇവന്റ് മാനേജ്മെന്റ് എന്നീ രംഗങ്ങളിലെ നൂതന സംവിധാനങ്ങള്‍ക്ക് പുതിയ സെന്ററിന്റെ പ്രയോജനമുണ്ടാകും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം ഡിജിറ്റല്‍ മാറ്റങ്ങളിലേക്കുള്ള യാത്രയില്‍ മികവ് കൈവരിക്കാനും ഇതിലൂടെ സാധിക്കും. ഖത്തറില്‍ മൈക്രോസോഫ്റ്റ് ഗ്ലോബല്‍ ഡാറ്റാ സെന്റര്‍ രൂപീകരണത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
അസുര്‍ ക്ലൗഡ് കമ്പ്യൂട്ടിങ് എന്ന പേരിലായിരിക്കും പുതിയ സെന്റര്‍ രൂപീകരണം. ആപ്ലിക്കേഷനുകളും സേവനങ്ങളും കെട്ടിപ്പെടുക്കുന്നതിനും പരീക്ഷിക്കുന്നതിനും വിന്യസിക്കുന്നതിനും പരിപാലിക്കുന്നതിനുമായി മൈക്രോസോഫ്റ്റ് സൃഷ്ടിച്ച ക്ലൗഡ് കമ്പ്യൂട്ടിങ് സര്‍വീസാണ് മൈക്രോസോഫ്റ്റ് അസുര്‍.
മൈക്രോസോഫ്റ്റിന്റെ നിയന്ത്രണത്തിലുള്ള ഡാറ്റാ സെന്ററുകള്‍ ഉള്‍പ്പെട്ട ഗ്ലോബല്‍ നെറ്റ്‌വര്‍ക്കിലൂടെയാണ് ഇത് സാധ്യമാകുന്നത്.