
ദോഹ: രാജ്യത്തെ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകളുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു. നഖ്ഷ് ഏരിയ, ഉംബാബ്, അല്‍ഖരാന എന്നിവിടങ്ങളിലാണ് പുതിയ മൊബൈല്‍ ക്ലിനിക്കുകള്‍. വരും വര്‍ഷങ്ങളില്‍ ഈ ക്ലിനിക്കുകളുടെ എണ്ണം വര്‍ധിപ്പിക്കും. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ ആനിമല്‍ വെല്‍ത്ത് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പുതിയ ക്ലിനിക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. നിലവിലെ വെറ്ററിനറി കേന്ദ്രങ്ങളില്‍ നിന്നും വളരെ അകലെയുള്ളതോ അല്ലെങ്കില്‍ കന്നുകാലികളുടെ ഉയര്‍ന്ന സാന്ദ്രതയുള്ളതോ ആയ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ മൂന്നു മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകള്‍ തുറന്നിരിക്കുന്നത്.
ഈ പ്രദേശങ്ങളില്‍ വെറ്ററിനറി സേവനങ്ങള്‍ ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. പകര്‍ച്ചവ്യാധികള്‍ കൈകാര്യം ചെയ്യുന്നതില്‍ വെറ്റിനറി സേവനങ്ങളുടെ ശേഷി ഉയര്‍ത്തുക, രോഗം സംഭവിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കൈകാര്യം ചെയ്യുക, മറ്റ് കന്നുകാലികളിലേക്ക് അണുബാധ പടരാനുള്ള സാധ്യത കുറക്കുക എന്നിവയാണ് മൊബൈല്‍ ക്ലിനിക്കുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. വെറ്ററിനറി കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് അവയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള ചട്ടക്കൂടുകള്‍ക്കുള്ളില്‍നിന്നുകൊണ്ടാണ് പുതിയ ക്ലിനിക്കുകള്‍ തുറന്നിരിക്കുന്നത്.