
ദോഹ: മൊറോക്കോയിലെ കല, സംസ്കാരം, പൈതൃകം എന്നിവ ലക്ഷ്യമിട്ടുള്ള ഒന്‍പതാമത് ലറാഷെ രാജ്യാന്തര ഫെസ്റ്റിവലില്‍ ഖത്തരി സൊസൈറ്റി ഓഫ് അല്‍ഗന്നാസ് പങ്കെടുത്തു. തുടര്‍ച്ചയായ എട്ടാംവര്‍ഷമാണ് ഗന്നാസ് സൊസൈറ്റിയുടെ പങ്കാളിത്തം. വെള്ളിയാഴ്ച തുടങ്ങിയ ഫെസ്റ്റിവലിന്റെ ആദ്യദിനത്തില്‍ തന്നെ ഗന്നാസ് സൊസൈറ്റിയുടെ പവലിയനില്‍ വലിയ സന്ദര്ശകപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.

ആദ്യ ദിവസം മക്ക സ്ക്വയര്‍ മുതല്‍ തഹ്രീര്‍ സ്ക്വയര്‍വരെ നടന്ന ഫെസ്റ്റിവലിന്റെ ഭാഗമായ കാര്‍ണിവലില്‍ ഗന്നാസ് സൊസൈറ്റി പങ്കെടുത്തു. ഖത്തരി പവലിയനായ കവിതയുടെ ഭവനം(ഹൗസ് ഓഫ് പൊയട്രി) ഉദ്ഘാടനചടങ്ങില്‍ നിരവധി ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.
മൊറോക്കോയുടെ മുഹമ്മദ് ആറാമന്‍ രാജാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ വടക്കന്‍ നഗരമായ ലറാഷെയിലാണ് ഫെസ്റ്റിവല്‍ നടന്നുവരുന്നത്. ലറാഷെയും അതിന്റെ സാംസ്കാരികവും പാരിസ്ഥിതികവുമായ അഭിലാഷങ്ങള്‍ എന്ന പ്രമേയത്തിലാണ് ഫെസ്റ്റിവല്‍. അറബ്, ആഫ്രിക്കന്‍, ഏഷ്യന്‍ ജനതകള്‍ തമ്മിലുള്ള സാംസ്കാരിക കൈമാറ്റത്തിനുള്ള വേദിയാണിത്. ഖത്തറിനു പുറമെ കുവൈത്ത്, ഒമാന്‍, ഫലസ്തീന്, ജോര്‍ദാന്‍, സ്പെയിന് രാജ്യങ്ങളും ആതിഥേയരായ മൊറോക്കോയും പങ്കെടുക്കുന്നുണ്ട്.

ഖത്തര്‍ പ്രതിനിധി സംഘത്തെ നയിക്കുന്നത് ഗന്നാസ് സൊസൈറ്റി ചെയര്മാന് അലി ബിന്‍ ഖതാം അല്മഹാഷാദിയാണ്. സൊസൈറ്റി സെക്രട്ടറി സായിദ് ബിന്‍ അലി അല്‍ മാദിദും മറ്റു നിരവധി ഉദ്യോഗസ്ഥരും ഖത്തറിനെ പ്രതിനിധീകരിക്കുന്നുണ്ട്. ഫെസ്റ്റിവലിന്റെ സംഘാടകരില്നിന്നും ലക്ഷിച്ച ക്ഷണത്തെത്തുടര്‍ന്നാണ് ഗന്നാസ് സൊസൈറ്റിയുടെ പങ്കാളിത്തം.