സവാദ് വെളിയംകോട്
ദോഹ

നിയമവാഴ്ചക്ക് പകരം മോഡി വാഴ്ചയും പിണറായി വാഴ്ചയുമുണ്ടാകുന്നതാണ് ഇന്നത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരാജയമെന്ന് മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ വി കെ ബീരാന്‍. ഖത്തറിലെത്തിയ അദ്ദേഹം മിഡില്‍ ഈസ്റ്റ് ചന്ദ്രികയുമായി സംസാരിക്കുകയായിരുന്നു. ഇന്ത്യ പോലുള്ള ഒരു മതേതര രാജ്യത്ത് നിയമവാഴ്ച തകരാതെ സൂക്ഷിക്കുന്നതില്‍ ജുഡീഷ്വറിക്ക് വലിയ പങ്കുണ്ട്.
ഭരണകര്‍ത്താക്കളുടെ കെടുകാര്യസ്ഥതകൊണ്ടാണ് പലപ്പോഴും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ പഴുതുകളുണ്ടാകുന്നത്.
വാളയാറില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ക്രൂരമായി കൊലചെയ്യപ്പെട്ട കേസില്‍ ആഭ്യന്തര വകുപ്പിന് ശക്തമായ ഇടപെടല്‍ നടത്താന്‍ കഴിയാതെ പോയത് പ്രതികളുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ്. അതിന് കോടതികളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല.
സാക്ഷികളെ കോടതിക്കുമുന്നില്‍ എത്തിക്കുന്നതിനോ തെളിവുകള്‍ ഹാജരാക്കുന്നതിനോ പോലീസ് ശ്രമിക്കാതിരുന്നത് കൊണ്ടാണ് കുറ്റവാളികള്‍ രക്ഷപ്പെടാനുള്ള അവസരമുണ്ടാക്കിയത്.
പ്രതികള്‍ക്ക് ശിക്ഷലഭിക്കുന്നതിന് ശക്തമായ സാഹചര്യ തെളിവുകള്‍ മതിയാകും. സര്‍ക്കാര്‍ അപ്പീല്‍ പോവുകയല്ല, കേസില്‍ പുനരന്വേഷണം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ക്ക് മികച്ച മാതൃകയായിരുന്നു മുന്‍മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സി എച്ച് മുഹമ്മദ്കോയ. സി പി എമ്മിന്റെ ശക്തമായ നിയന്ത്രണത്തിലായിരുന്ന ആഭ്യന്ത വകുപ്പാണ് സി എച്ച് ഏറ്റെടുത്ത് വിപ്ലവം സൃഷ്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ അധികാരത്തോടൊപ്പം ജുഡീഷ്വറിയിലും സിവില്‍ സര്‍വീസ് മേഖലകളിലും മതിയായ പ്രാതിനിധ്യം നേടിയാല്‍ മാത്രമേ സാമൂഹിക പുരോഗതി ഉറപ്പ് വരുത്താന്‍ സാധിക്കുകയുള്ളൂ. ബഹുസ്വര രാജ്യത്ത് നിയമപരമായി ലഭിക്കുന്ന അധികാരങ്ങള്‍ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ നീതിക്ക് വേണ്ടിയുള്ള മുറവിളി ഇനിയും തുടരേണ്ടിവരും.
20 കോടി വരുന്ന ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയില്‍ സിവില്‍ സര്‍വീസ് മേഖലയിലെ പ്രാതിനിധ്യം ഒരു ശതമാനം മാത്രമാണ്.
കേരളത്തില്‍ 20 എം പിമാര്‍ ഉണ്ടാകുന്നതിനേക്കാള്‍ നേട്ടം കൂടുതല്‍ ഐ എ എസ് ഓഫീസര്‍മാര്‍ ഉണ്ടായിരുന്നെങ്കില്‍ ലഭിക്കുമായിരുന്നു.
കേരളത്തിലെ മുസ്ലിം സമുദായത്തിന് മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കും നീതി ലഭ്യമാക്കാന്‍ മുസ്ലിം ലീഗ് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയില്‍ താഴെത്തട്ടില്‍ കൂടുതല്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചാല്‍ മുസ്ലിം ലീഗിന് കൂടുതല്‍ മുന്നേറാന്‍ സാധിക്കും.
നിയമ രംഗത്തും സിവില്‍ സര്‍വീസ് മേഖലയിലും കൂടുതല്‍ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്നതിനായി ‘സി എച്ച് മുഹമ്മദ്കോയ നാഷണല്‍ അക്കാഡമി ഫോര്‍ ലോ ആന്റ് സിവില്‍ സര്‍വീസ് ‘ എന്നപേരില്‍ മഞ്ചേരിയിലും എറണാകുളത്തും തിരുവനന്തപുരത്തും അക്കാദമികള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അഡ്വ വി കെ ബീരാന്‍ വിശദീകരിച്ചു.
സി എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസ മന്ത്രിയായ 1971 ല്‍ കൊച്ചി സര്‍വകലാശാല സെനറ്റില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായി നോമിനേറ്റ് ചെയ്യപ്പെട്ട മുന്‍ എം എസ് എഫ് നേതാവായ വി കെ ബീരാന്‍ 1977 ല്‍ സി എച്ചിന്റെ തെരെഞ്ഞെടുപ്പ് കേസും കൈകാര്യം ചെയ്തിരുന്നു.
1991 മുതല്‍ 96 വരെയും 2001 മുതല്‍ 2006 വരെയും കേരളത്തിന്റെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി സേവനം ചെയ്തിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ പ്രാധാന്യം നേടിയ നിരവധി കേസുകളിലൂടെ ശ്രദ്ധേയനായ സൂപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ മകനാണ്.