in ,

മ്യാന്‍മറില്‍ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് ഊരിദൂവിന്റെ സഹായം

മ്യാന്‍മറില്‍ വെള്ളപ്പോക്ക ബാധിതര്‍ക്ക് സഹായമെത്തിക്കുന്ന ഊരിദൂ പ്രതിനിധികള്‍

ദോഹ: മ്യാന്‍മറിലെ മോണ്‍ സ്‌റ്റേറ്റില്‍ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് സഹായവുമായി ഖത്തറിന്റെ പൊതുടെലികോം കമ്പനിയായ ഊരിദൂ. കമ്പനിയുടെ മ്യാന്‍മറിലെ ഉപകമ്പനിയായ ഊരിദൂ മ്യാന്‍മറിന്റെ നേതൃത്വത്തിലാണ് സഹായം എത്തിച്ചത്. അടുത്തിടെ മോണ്‍ സ്‌റ്റേറ്റിലുണ്ടായ കനത്ത മഴയും വേലിയേറ്റവും ഇവിടത്തെ വിവിധ പ്രദേശങ്ങളെ വലിയതോതില്‍ ബാധിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് നിരവധി കുടുംബങ്ങളാണ് വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറിയത്. മണ്ണിടിച്ചില്‍ കാരണം ചിലരുടെയെങ്കിലും വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി. ഇവര്‍ക്കായി ഊരിദൂ മ്യാന്‍മറിന്റെ നേതൃത്വത്തില്‍ വിപുലമായ സഹായപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്.

മോണ്‍ സ്‌റ്റേറ്റിലെ വെള്ളപ്പൊക്കദുരിതബാധിതരെ സഹായിക്കുന്നതിനായി ഊരിദൂ മ്യാന്‍മര്‍ മാനുഷിക സഹായ സംരംഭത്തിനു തുടക്കംകുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 7800 കുടുംബങ്ങളിലെ 41,000 പേര്‍ക്ക് പ്രയോജനം ലഭിക്കത്തക്കവിധത്തില്‍ സഹായ കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഒരു കിറ്റില്‍ രണ്ടു കിലോ അരിപായ്ക്കറ്റ്, നാലു ടിന്‍ റെഡിമെയ്ഡ് ടിന്നിലടച്ച മത്സ്യം, ഒരു ലിറ്റര്‍ പാചകയെണ്ണ, പത്തു പാക്കറ്റ് ഇന്‍സ്റ്റന്റ് നൂഡില്‍സ് എന്നിവയാണുള്ളത്. ഇതിനു പുറമെ മ്യാന്‍മറിന്റെ മറ്റു ഭാഗങ്ങളിലുള്ള ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നടത്തുന്നതിനും ബന്ധം നിലനിര്‍ത്തുന്നതിനും സഹായകമായ വിധത്തില്‍ സൗജന്യ സേവനങ്ങളും ലഭ്യമാക്കി.

മോണ്‍ സ്റ്റേറ്റിലെ യി ടൗണ്‍ഷിപ്പിലെ മണ്ണിടിച്ചില്‍ ബാധിച്ച ജനങ്ങള്‍ക്ക് ആഗസ്ത് പതിനെട്ടുവരെ സൗജന്യമായി പരിധിയില്ലാതെ ഓണ്‍ നെറ്റുകളും എസ്എംഎസുകളുമാണ് അനുവദിച്ചത്. ഊരിദൂ മ്യാന്‍മര്‍ എല്ലായിപ്പോഴും മ്യാന്‍മറിലെ ജനങ്ങളെയും അവരുടെ ക്ഷേമത്തെയും പരിപാലിക്കുന്നതിന് പ്രാധാന്യം നല്‍കുന്നുണ്ടെന്ന് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് മേധാവി യു ടിന്റ് നെയിങ് ട്യുട്ട് പറഞ്ഞു.

ഊരിദൂ മ്യാന്‍മറിന്റെ നേതൃത്വത്തില്‍ മൗലംയെയ്ന്‍ഗ്, യി ഇന്‍ മോണ്‍ സ്‌റ്റേറ്റ്, ബാഗോ മേഖലയിലെ ഷ്വിജിന്‍ ടൗണ്‍ഷിപ്പ്, മോണ്‍ സ്‌റ്റേറ്റിലെ ബിലിന്‍ ടൗണ്‍ഷിപ്പ് എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക ബാധിതരായ കുടുംബങ്ങള്‍ക്ക് നേരത്തെ സഹായം ലഭ്യമാക്കിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഹയാത് പ്ലാസ മാളിലെ ഈദ് ആഘോഷങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു

25 ബീച്ചുകളില്‍ 24 മണിക്കൂറും സേവനമൊരുക്കി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം