
ദോഹ: മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട്(മിയ) ഡിസൈന്‍ ചെയ്ത വിഖ്യാത ചൈനീസ് അമേരിക്കന്‍ വാസ്തുശില്പി ഇയോ മിങ് പെയ് അന്തരിച്ചു. 102 വയസായിരുന്നു. ന്യുയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൊളറാഡോയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്മോസ്‌ഫെറിക് റിസര്‍ച്ച്, ജോണ്‍.എഫ്.കെന്നഡി ലൈബ്രറി മസാച്യുസെറ്റ്‌സ്, ഡാലസ് സിറ്റി ഹാള്‍, വിവാദമായ പാരീസ് ലൗറെ മ്യൂസിയത്തിന്റെ നവീകരണം, ക്ലീവ്‌ലാന്‍ഡിലെ റോക്ക് ആന്റ് റോള്‍ ഹാള്‍ ഓഫ് ഫെയിം തുടങ്ങിയവ അദ്ദേഹത്തിന്റെ നിര്‍മ്മിതികള്‍ ആണ്.
അദ്ദേഹം ഡിസൈന്‍ ചെയ്ത മ്യൂസിയങ്ങള്‍, മുനിസിപ്പല്‍ കെട്ടിടങ്ങള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍ എന്നിവയെല്ലാം ലോകശ്രദ്ധ നേടിയെടുത്തു. മോഡേണ്‍ ഡിസൈനുകളും ഹൈ-പ്രൊഫൈല്‍ പദ്ധതികളും 20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വാസ്തുശില്‍പ്പികളിലൊരാള്‍ എന്ന പദവിയിലേക്ക് എത്തിപ്പെടാന്‍ ഇദ്ദേഹത്തിന് സഹായകമായി.
1980കളുടെ തുടക്കത്തില്‍ ലൂവ്രേയിലെ പ്രസിദ്ധമായ ഗ്ലാസ് ആന്‍ഡ് സ്റ്റീല്‍ പിരമിഡ് ഇദ്ദേഹം രൂപകല്‍പന ചെയ്തിരുന്നു. പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യയില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് ചുണ്ണാമ്പുകല്ല് കൊണ്ട് നിര്‍മിച്ചിരിക്കുന്ന മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ടിന്റെ ഡിസൈന്‍ സവിശേഷമായ ശ്രദ്ധ നേടിയെടുത്തിരുന്നു.