
ദോഹ: യാസ് ഖത്തറിന്റെ(യൂത്ത് അസോസിയേഷന്‍ ഫോര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ്) നേതൃത്വത്തില്‍ വിവിധരാജ്യക്കാരായ താരങ്ങള്‍ക്കായി ഓപണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സെപ്തംബര്‍ 26, 27 തീയതികളില്‍ അബൂഹമൂറിലെ മിഡില്‍ഈസ്റ്റ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍. നാളെ വൈകുന്നേരം ആറിനു നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം. ഫിലിപ്പൈന്‍സ്, മലേഷ്യ, ബംഗ്ലാദേശ്, ഇന്ത്യ രാജ്യങ്ങളിലെ 120 ടീമുകള്‍ മല്‍സരിക്കും.
കേരളത്തിലെ പ്രമുഖ ടീമുകളുമുണ്ടാകും. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്) അംഗീകാരമുള്ള പ്രമുഖ താരങ്ങളും മല്‍സരത്തിനിറങ്ങും. എല്ലാവര്‍ക്കും മല്‍സരിക്കാന്‍ കഴിയുന്ന തരത്തില്‍ ഓപണ്‍ ചാമ്പ്യന്‍ഷിപ്പാണിത്. ടീമുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. പുരുഷന്‍മാര്‍ക്കും സ് ത്രീകള്‍ക്കുമായി വ്യത്യസ്ത വിഭാഗം മല്‍സരങ്ങളില്ല.
വനിതകളും പുരുഷന്‍മാര്‍ക്കൊപ്പമാണ് മല്‍സരിക്കുക. വിജയികള്‍ക്ക് ക്യാഷ്‌പ്രൈസും ട്രോഫികളുമാണ് സമ്മാനം. 98.6 റേഡിയോ മലയാളവുമായി സഹകരിച്ച് കാണികളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും. ലാന്റ് റോയല്‍ പ്രോപര്‍ട്ടീസ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ബാക്ക് ടു ലൈഫ് ജിം എന്നിവയുമായി സഹകരിച്ചാണ് ചാമ്പ്യന്‍ഷിപ്പ്.
യാസ്ഖത്തര്‍ ചീഫ് പാട്രന്‍ ആന്റോ റോച്ച, ചെയര്‍മാന്‍ അഡ്വ. ജാഫര്‍ ഖാന്‍, ടെക്‌നിക്കല്‍ കമ്മിറ്റി ഭാരവാഹി സുധീര്‍ ഷേണായി, ജനറല്‍സെക്രട്ടറി നിസാം അബു, ലാന്റ് റോയല്‍ മാനേജിങ് ഡയറക്ടര്‍ സുഹൈര്‍ ആസാദ്, ബാക്ക് ടു ലൈഫ് ജിം മാനേജിങ് ഡയറക്ടര്‍ ജലീല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.