in ,

യുഎന്‍എച്ച്സിആറിനോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഖത്തര്‍

ദോഹ: ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണറുമായി(യുഎന്‍എച്ച്സിആര്‍) തന്ത്രപരമായ ബന്ധവും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കുന്നതിനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തര്‍.
ആഗോള അഭയാര്‍ഥിഫോറത്തില്‍ സംസാരിക്കവെ വിദേശകാര്യമന്ത്രാലയം അസിസ്റ്റന്റ് മന്ത്രിയും വക്താവുമായ ലുലുവ അല്‍ഖാതിറുമാണ് ഇക്കാര്യം അറിയിച്ചത്. 5.4 ദശലക്ഷം ഫലസ്തീന്‍ അഭയാര്‍ഥികളുടെ പോരാട്ടം, അനുബന്ധ അന്തര്‍ദ്ദേശീയ പ്രമേയങ്ങളെ അടിസ്ഥാനമാക്കി ന്യായമായ പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകത, ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ദുരിതാശ്വാസ, വര്‍ക്ക് ഏജന്‍സിയെ (യുഎന്‍ആര്‍ഡബ്ല്യുഎ) പിന്തുണയ്ക്കുന്നതിന്റെ പ്രാധാന്യം എന്നിവയും അല്‍ഖാതിര്‍ ഊന്നിപ്പറഞ്ഞു.
യുഎന്‍എച്ച്സിആറുമായുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് ഖത്തര്‍ സര്‍ക്കാരും ഖത്തരി കാരുണ്യ സംഘടനകളും പ്രതിജ്ഞാബദ്ധമാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഖത്തര്‍ യുഎന്‍എച്ച്സിആറിന് 60 മില്യണ്‍ ഡോളര്‍ നല്‍കിയിട്ടുണ്ട്.
സിറിയ, യെമന്‍, ഇറാഖ്, ലിബിയ, സുഡാന്‍ രാജ്യങ്ങള്‍ക്കും ബംഗ്ലാദേശിലെ റോഹിംഗ്യകള്‍ക്കുമായി 2013 മുതല്‍ 2019 വരെ 235 മില്യണ്‍ ഡോളറാണ് ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ് നല്‍കിയതെന്നും അവര്‍ അഭിപ്രായപ്പെട്ടു. യുഎന്‍എച്ച്‌സിആറിനെ പിന്തുണക്കുന്നതിനായി ഖത്തര്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. യുഎന്‍ ഏജന്‍സിക്ക് ഏറ്റവുമധികം സംഭാവന നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. രാജ്യം നിരവധി മാനുഷിക സംരംഭങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്.
എജ്യൂക്കേഷന്‍ എബൗവ് ഓള്‍ പദ്ധതിയിലൂടെ പത്തു ദശലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പ്രതിബദ്ധത വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍തന്നെ 2.3 ദശലക്ഷം കുട്ടികള്‍ അഭയാര്‍ഥികളാണ്. അഭയാര്‍ഥികളെ സംരക്ഷിക്കുന്നതില്‍ മാനുഷികമായ പങ്കും അവര്‍ ഊന്നിപ്പറഞ്ഞു. ഇതിന്റെ ഭാഗമായി രാഷ്ട്രീയ അഭയം നിയന്ത്രിക്കുന്ന നിയമം 2018 ല്‍ ഖത്തര്‍ പുറത്തിറക്കി. മനുഷ്യാവകാശങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പരിരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു വലിയ നിയമ ചട്ടക്കൂടിന്റെ ഭാഗമാണ് നിയമം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം യുഎന്‍ആര്‍ഡബ്ല്യുഎയുടെ സാമ്പത്തിക കമ്മി കുറക്കുന്നതിന് ഖത്തരി പിന്തുണ വളരെയധികം സഹായിച്ചതായി സംഘടനയുടെ മാധ്യമ ഉപദേഷ്ടാവ് അദ്‌നാന്‍ അബു ഹസന പറഞ്ഞു.
ഏജന്‍സിയുടെ സാമ്പത്തിക കമ്മി 167 മില്യണ്‍ ഡോളറില്‍ നിന്നും 90 മില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മൂന്നാഴ്ചക്കിടയിലെ ശ്രമങ്ങളുടെ ഫലമായി സംഘടനക്ക് 20ലധികം രാജ്യങ്ങളില്‍ നിന്നായി77 മില്യണ്‍ ഡോളര്‍ ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനം വരെ സേവനങ്ങള്‍ തുടരാനും ജീവനക്കാരുടെ ശമ്പളം നല്‍കാനും കുറഞ്ഞത് 167 മില്യണ്‍ ഡോളര്‍ വേണമെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ പ്രഖ്യാപിച്ചിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഫിഫ റാങ്കിങില്‍ ഖത്തര്‍ 55-ാമത്: ഗള്‍ഫില്‍ ഒന്നാമത്‌

ദേശീയദിനത്തില്‍ മെട്രോയില്‍ യാത്ര ചെയ്തത് 3.33 ലക്ഷം പേര്‍