
ദോഹ: കാലാവസ്ഥാ പ്രവര്‍ത്തന ഉച്ചകോടി 2019ന്റെ ഭാഗമായി ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ യുവ കാലാവസ്ഥാ ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുത്തു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, ഖത്തര്‍ സര്‍വകലാശാല, ഖത്തര്‍ പെട്രോളിയം, കാലാവസ്ഥാ വ്യതിയാനത്തില്‍ താല്‍പ്പര്യമുള്ള ഒരു കൂട്ടം യുവജനങ്ങള്‍ എന്നിവരാണ് ഉച്ചകോടിയില്‍ ഖത്തറിനെ പ്രതിനിധീകരിച്ചത്.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ പ്രസംഗത്തോടെയാണ് ഉച്ചകോടി തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഭാസത്തെ അഭിസംബോധന ചെയ്യുന്നതില്‍ യുവജനങ്ങളുടെ പങ്കിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ ആവശ്യമായ വേഗതയിലും തലത്തിലും നേരിടാന്‍ പ്രതിജ്ഞാബദ്ധരായ പ്രവര്‍ത്തകരെയും നൂതനതക്കായി പ്രവര്‍ത്തിക്കുന്നവരെയും യുവ നയപരിവര്‍ത്തന വിദഗ്ദ്ധരെയും യോജിപ്പിക്കുന്ന നിരവധി പരിപാടികളാണ് ഏകദിന ഉച്ചകോടിയില്‍ നടന്നത്.
കാലാവസ്ഥാ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന യുവ നേതൃത്വത്തിന് ഐക്യരാഷ്ട്രസഭയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളും പരിഹാരങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനും തീരുമാനമെടുക്കുന്നവരുമായി പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്നതിനുമുള്ള ഒരു വേദിയായിരുന്നു ഉച്ചകോടി.