in ,

യുഎസ്-ഇറാന്‍ പ്രതിസന്ധി കുറക്കാനാണ് ആഗ്രഹിക്കുന്നത്: വിദേശകാര്യമന്ത്രി

മേഖലയില്‍ നല്ല അയല്‍പക്ക ബന്ധമാണ് ഖത്തര്‍ താല്‍പര്യപ്പെടുന്നത്

ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള പ്രതിസന്ധി നിര്‍വീര്യമാക്കുന്നതിനാണ് ഖത്തര്‍ സജീവമായി ആഗ്രഹിക്കുന്നതെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. ഈ മേഖല കുറച്ചുകാലമായി തീവ്രമായിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് കാണുന്നത്. ബാഗ്്ദാദിലെ യുഎസ് എംബസി ആക്രമണ ശ്രമങ്ങളും കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി ഇറാനിയന്‍, ഇറാഖി സൈനിക നേതാക്കളെ ലക്ഷ്യമിട്ടും തീവ്രതയുടെ പുതിയ വഴിത്തിരിവാണെന്നതില്‍ സംശയമില്ലെന്നും അല്‍അറബി അല്‍ജദീദ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
മേഖലയുടെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങളാണ് എല്ലാ പരിഗണനകള്‍ക്കും ഉപരിയായി ഖത്തര്‍ മുന്നോട്ടുവയ്ക്കുന്നത്. സമീപകാലസംഭവങ്ങള്‍ക്കുശേഷം അക്രമത്തിന്റെ ഒരു ചക്രത്തിലേര്‍പ്പെടരുതെന്ന് അദ്ദേഹം ബന്ധപ്പെട്ട കക്ഷികളോടു ആഹ്വാനം ചെയ്തു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള കുവൈത്തിന്റെ മധ്യസ്ഥശ്രമങ്ങളെ വിദേശകാര്യമന്ത്രി അഭിനന്ദിച്ചു.
പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഉപായമായി ഒരു രാജ്യം മറ്റൊരു രാജ്യത്തോടു നയങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദേശിക്കാതെയുള്ള സംഭാഷണങ്ങളെയും കൂടിയാലോചനകളെയുമാണ് ഖത്തര്‍ സ്വാഗതം ചെയ്യുന്നത്. മേഖലയില്‍ നല്ല അയല്‍പക്ക ബന്ധമാണ് ഖത്തര്‍ താല്‍പര്യപ്പെടുന്നതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാനും ഭാവിയില്‍ അവ പരിഹരിക്കാനും വ്യക്തമായ ചാനലുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യുഎസും അഫ്ഗാന്‍ താലിബാനും തമ്മിലുള്ള സംഭാഷണത്തിന് ദോഹ ആതിഥേയത്വം വഹിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് സംഭാഷണം പുനരാരംഭിക്കാനും പരിഹാരത്തിലെത്താനും നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി മറുപടി നല്‍കി. കഴിഞ്ഞമാസം ദോഹയില്‍ നടന്ന യോഗത്തെ അദ്ദേഹം പ്രശംസിച്ചു. ഗുണപരമായിരുന്നുവെന്നും സൂചിപ്പിച്ചു.
യുഎസും അഫ്ഗാന്‍ താലിബാനും തമ്മില്‍ ഉടന്‍ കരാറുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലീം ബ്രദര്‍ഹുഡിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഖത്തര്‍ രാജ്യങ്ങളുമായും സര്‍ക്കാരുകളുമായുമാണ് ബന്ധപ്പെടുന്നതെന്നും സ്ഥാപനങ്ങളുമായല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ മുസ്‌ലീം ബ്രദര്‍ഹുഡ് നിരവധി അറബ് രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. ഈ രാജ്യങ്ങളിലെ രാഷ്ട്രീയ ഘടകമെന്ന നിലയിലാണ് ഖത്തര്‍ അവരുമായി ഇടപെടുന്നതെന്നും വ്യക്തമാക്കി. ഖത്തറിന്റെ മാധ്യമ പിന്തുണയോടെ മുസ്ലിം ബ്രദര്‍ഹുഡിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
ലിബിയന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരത്തിന് ഗുണപരമായ പിന്തുണ നല്‍കുന്നതിന് ഖത്തര്‍ മടി കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്വാലാലംപൂര്‍ ഫോറം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്(ഒഐസി) പകരമാകില്ല. ഏറെക്കാലമായി ആസൂത്രണം ചെയ്തു സംഘടിപ്പിച്ച വാര്‍ഷികപരിപാടിയാണിതെന്നും അദ്ദേഹം വിശദീകരിച്ചു. ലബനീസ് ജനങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ ഖത്തര്‍ പഠിച്ചുവരികയാണ്. സൊമാലിയക്കും കൊമോറോസിനും ഒഴികെ ഖത്തര്‍ സര്‍ക്കാര്‍ ബജറ്റ് പിന്തുണ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കിലുള്ള രാജ്യങ്ങളിലൊഴികെ അത്തരം പിന്തുണയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലബനാനുമായുള്ള ഖത്തറിന്റെ ബന്ധം ചരിത്രപരമാണ്. ഖത്തറിന് ലബനനെക്കുറിച്ചും അതിന്റെ സ്ഥിരതയെക്കുറിച്ചും ആശങ്കയുണ്ട്. എല്ലായ്‌പ്പോഴും ലബനാന്‍-ഖത്തരി ബന്ധത്തെ ഗുണപരമായ കോണില്‍ നിന്നാണ് നോക്കുന്നത്. ഈ ബന്ധത്തിന്റെ നിലവാരം ശക്തമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തരി-സുഡാന്‍ ബന്ധം നന്നായി പോകുന്നുണ്ടെന്നും കഴിഞ്ഞ ജൂലൈയില്‍ നടന്ന രാഷ്ട്രീയ കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ഖത്തറിന് ക്ഷണം ലഭിച്ചിരുന്നതായും ചടങ്ങില്‍ വിദേശകാര്യ സഹമന്ത്രി പങ്കെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വൊഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുതിയ വിനോദ ഓഫര്‍ പ്രഖ്യാപിച്ചു

സൂഖ് വാഖിഫ്, വഖ്‌റ സൂഖ് വസന്തോല്‍സവങ്ങള്‍ സമാപിച്ചു