
ദോഹ: .യുഎസ്- താലിബാന്‍ സമാധാനചര്‍ച്ചകളില്‍ ഖത്തറിന്റെ പങ്ക് പ്രശംസനീയമാണെന്ന് ഖത്തറിലെ അഫ്ഗാന്‍ അംബാസഡര്‍ അബ്ദുല്‍ഹക്കീം ദലീലി. ദോഹയില്‍ താലിബാനും യുഎസിനുമിടയില്‍ തുടര്‍ന്നുവരുന്ന സമാധാനചര്‍ച്ചകളില്‍ ഖത്തറിന്റെ പങ്ക് സുപ്രധാനമാണെന്നും ഖത്തറിലേക്ക് പുതിയതായി നിയമിതനായ അഫ്ഗാന്‍ അംബാസഡര്‍ ചൂണ്ടിക്കാട്ടി.
ചര്‍ച്ചകളില്‍ ക്രിയാത്മകമായ പങ്കുവഹിക്കുന്നതിന് ഖത്തറിനെ അഭിനന്ദിക്കുന്നതായും ഗള്‍ഫ് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ചതിന് ഖത്തറിന്റെ ബൗദ്ധിക നേതൃത്വത്തിന് നന്ദി പറയുന്നു.
ഖത്തര്‍ സര്‍ക്കാര്‍ നിഷ്പക്ഷമാണെന്നതാണ് മധ്യസ്ഥതയുടെ അനുകൂലവശം. ഖത്തര്‍ പക്ഷപാതിത്വം പുലര്‍ത്തുന്നില്ല. നിക്ഷ്പക്ഷത പുലര്‍ത്തുന്നു. ഖത്തര്‍ വെറും ഫെസിലിറ്റേറ്റര്‍ മാത്രമാണ്. ഖത്തറിന്റെ പങ്ക് അഫ്ഗാന്‍ സര്‍ക്കാര്‍ പൂര്‍ണമായും വിലമതിക്കുന്നു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെ തന്റെ സര്‍ക്കാര്‍ വളരെയധികം പിന്തുണക്കുന്നുണ്ട്. ചര്‍ച്ചയുടെ ഭാഗമാകാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നതാണ്.
അമേരിക്കന്‍ സൈന്യം പിന്‍മാറുന്നതിനു മുമ്പ് ചില പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടിയിരുന്നു. അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ച നടക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് അഫ്ഗാന്‍ അംബാസഡര്‍ പറഞ്ഞു. അഫ്ഗാനിസ്താനിലെ ഒരു ഗ്രൂപ്പാണ് താലിബാന്‍.
രാജ്യത്തിന്റെ ഭൂരിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ളതും തെരഞ്ഞെടുക്കപ്പെട്ടതും നിയമാനുസൃതവുമായ ഒരു സര്‍ക്കാര്‍ അഫ്ഗാനുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിണിത്. മികച്ച നേട്ടങ്ങള്‍ കൈവരിക്കാനുമായി. താലിബാനുമായുള്ള സമാധാന ചര്‍ച്ചക്ക് തന്റെ സര്‍ക്കാര്‍ മുന്‍വ്യവസ്ഥകളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അംബാസഡര്‍ പറഞ്ഞു.
പ്രസിഡന്റ് അഷ്‌റഫ് ഗാനി 2014ല്‍ അധികാരമേറ്റശേഷം സമാധാനം കൊണ്ടുവരുന്നതിനായി എല്ലാ മുന്‍വ്യവസ്ഥകളും നീക്കം ചെയ്തു. സര്‍ക്കാരിന് നിബന്ധനകളൊന്നുമില്ല. എന്നിരുന്നാലും ഇസ് ലാമിക ഭരണഘടനയായ അഫ്ഗാനിസ്താന്‍ ഭരണഘടന താലിബാന്‍ അംഗീകരിക്കേണ്ടതുണ്ട്.
ഇസ്‌ലാമിന് വിരുദ്ധമായ ഒരു നിയമവും പാസാക്കാന്‍ അഫ്ഗാനിസ്താന് കഴിയില്ലെന്നും ഭരണഘടന അംഗീകരിക്കുന്ന ആര്‍ക്കും സ്വാഗതമെന്നും നിലവിലെ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ ഏതൊരു അഫ്ഗാനിയും ആസ്വദിക്കുന്ന അതേ അവകാശങ്ങള്‍ അവരും ആസ്വദിക്കുമെന്നും കാബൂളില്‍ ഓഫീസ് തുറക്കാന്‍ താലിബാനെ പ്രസിഡന്റ് ക്ഷണിച്ചിരുന്നതായും അംബാസഡര്‍ ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ സമാധാന ചര്‍ച്ചകള്‍ നടന്നയുടന്‍തന്നെ ഇന്‍ട്രാ അഫ്ഗാന്‍ സംവാദം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസും താലിബാനും തങ്ങളുടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയാലുടനെ അഫ്ഗാനിലും സംഭാഷണങ്ങള്‍ നടക്കും.
സോവിയറ്റ് അധിനിവേശ കാലം മുതല്‍ അഫ്ഗാനിലെ ജനങ്ങള്‍ക്ക് ദോഹ പിന്തുണ നല്‍കുന്നുണ്ടെന്നും ഖത്തറുമായുള്ള ഉഭയകക്ഷിബന്ധം വളരെ ഉയര്‍ന്നതാണെന്നും അംബാസഡര്‍ പറഞ്ഞു. അഫ്ഗാന്‍ ജനതയുടെ ന്യായമായ ലക്ഷ്യത്തിന് ഖത്തര്‍ പിന്തുണ നല്‍കുന്നു. വിവിധ മേഖലകളില്‍ അഫ്ഗാന്‍ പ്രവാസികളെ ഖത്തര്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
നിരവധി ഖത്തരി വ്യാപാരികള്‍ അഫ്ഗാനിസ്താനില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിന് ധാരാളം അവസരങ്ങളുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.