
ദോഹ: യൂണിവേഴ്സിറ്റി ഓഫ് കാല്‍ഗറി-ഖത്തറില്‍(യുസിക്യു) നിന്ന് 95 നഴ്സിങ് ബിരുദധാരികള്‍ പുറത്തിറങ്ങി. ഖത്തര്‍ നാഷണല്‍ കണ്വന്ഷന് സെന്ററില്‍ കോളേജിന്റെ പത്താമത് ബിരുദദാന ചടങ്ങും അഞ്ചാമത് മാസ്റ്റര്‍ ഓഫ് നഴ്സിങ് ബിരുദദാന ചടങ്ങുമാണ് നടന്നത്.
2007ല്‍ സ്ഥാപിതമായ കോളേജില്‍നിന്നും 600ലധികം നഴ്സുമാരാണ് പുറത്തിറങ്ങിയത്. യുസിക്യു നഴ്സിങില്‍ പ്രധാനമായും രണ്ടു കോഴ്സുകളാണ് നടത്തുന്നത്. ബാച്ചിലര്‍ ഓഫ് നഴ്സിങ് ഡിഗ്രി, മാസ്റ്റര്‍ ഓഫ് നഴ്സിങ് പ്രോഗ്രാം എന്നിവ രാജ്യത്തിന്റെ ആരോഗ്യമേഖലയുടെ വികസനത്തില്‍ നിര്‍ണായകപങ്ക് വഹിക്കുന്നുണ്ട്.
ബിരുദദാന ചടങ്ങില്‍ പ്രൊഫസര്‍മാര്‍, ബിരുദധാരികളുടെ കുടുംബാംഗങ്ങള്‍, ഖത്തറിലെയും കാനഡയിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍, ഖത്തറിന്റെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ മൂല്യമേറിയ പങ്കാളികള്‍ തുടങ്ങിയവര്‍ ബിരുദദാനചടങ്ങില്‍ പങ്കെടുത്തു.
ഇത്തവണ 93 പേര് ബാച്ച്ലര് ബിരുദവും രണ്ടു പേര് മാസ്റ്റര്‍ബിരുദവും നേടിയാണ് പുറത്തിറങ്ങിയത്. ഇത്തവണത്തെ ബിരുദധാരികളില്‍ പതിനൊന്നുപേര്‍ ഖത്തരി വനിതകളും 77 പേര് നോണ്‍ ഖത്തരി വനിതകളുമാണ്. ഉയര്‍ന്ന അക്കാഡമിക് മികവു പ്രകടിപ്പിച്ച രണ്ടു ബിരുദധാരികള്‍ക്കു സ്വര്‍ണം, വെള്ളി മെഡലുകളും സമ്മാനിച്ചു.
ബാച്ചലര്‍ പ്രോഗ്രാമിലെ മികവിന് ഷരിഫാത് അതിനുകെ മകിന്ദെക്ക് സ്വര്‍ണമെഡലും പോസ്റ്റ് ഡിപ്ലോമ ബാച്ച്ലര് പ്രോഗ്രാമിലെ മികവിന് ജോയ്സീ മാത്യു കുര്യന് വെള്ളി മെഡലും ലഭിച്ചു. ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റി സ്ഥാപകനും ചെയര്‍മാനുമായ ശൈഖ് ഡോ.ഖാലിദ് ബിന്‍ ജാബര്‍ അല്‍താനി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ഇത്തവണത്തെ ബിരുദദാന ചടങ്ങ് പൂര്‍ത്തിയായതോടെ ഇതുവരെയായി 651 വിദ്യാര്‍ഥികള്‍ ബാച്ച്ലര് ബിരുദവും 56പേര് മാസ്റ്റര്‍ ബിരുദവും നേടി. യുസിക്യുവിന്റെ ബാ്ച്ച്ലര്, മാസ്റ്റര്‍ പ്രോഗ്രാമുകളിലേക്കായി നിലവില്‍ 400ലധികം വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.