in ,

യു.ഡി.എഫിന്റെ ജയം: പ്രവാസ ലോകത്ത് സന്തോഷം, ഒപ്പം സങ്കടവും

കേരളത്തിലെ യു.ഡി.എഫ് വിജയിത്തില്‍ അഹ്ലാദം പങ്കിട്ട്് തുമാമ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ലഡുവിതരണത്തില്‍ നിന്ന്

നൗഷാദ് പേരോട്ദോഹ


പൊതു തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് നേടിയ തകര്‍പ്പന്‍ വിജയത്തില്‍ ഖത്തറിലും ആഹ്ലാദ പ്രകടനങ്ങള്‍. ഖത്തര്‍ കെ.എം.സി.സി, ഇന്‍കാസ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് അനുകൂല പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് ആഹ്ലാദ പ്രകടനങ്ങള്‍ നടന്നത്.

തെരഞ്ഞെടുപ്പ് ഫലം അറിയുന്നതിനായി പ്രവര്‍ത്തകര്‍ രാവിലെ തന്നെ സംഘടനകളുടെ ഓഫീസുകളിലേക്ക് കൂട്ടമായി എത്തിയിരുന്നു. തുമാമ കെഎംസിസി ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനിലാണ് പ്രവര്‍ത്തകര്‍ വോട്ടെണ്ണലിന്റെ തല്‍സമയ വിലയിരുത്തലുകളും പ്രഖ്യാപനങ്ങളും കണ്ടത്. കേരളത്തില്‍ വിവിധ മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വന്‍ കുതിപ്പ് തുടങ്ങിയതോടെ പ്രവര്‍ത്തകര്‍ ആരവങ്ങളോടെയാണ് അവയെ വരവേറ്റത്.

ഖത്തര്‍ ഇന്‍കാസ് പ്രവര്‍ത്തകര്‍ ഹൈദര്‍ ചുങ്കത്തറയുടെ നേതൃത്വത്തില്‍ ആഹ്ലാദം പങ്കിടുന്നു

എന്നാല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ഏറ്റ പരാജയത്തില്‍ അവര്‍ വലിയ നിരാശയിലായിരുന്നു. കേരളത്തിലെ മിന്നുന്ന ജയം പോലും വേണ്ടവിധത്തില്‍ ആഘോഷിക്കാന്‍ പലര്‍ക്കും ഇതുവഴി കഴിഞ്ഞില്ല. നിലവിലെ ഇന്ത്യന്‍ സാഹചര്യം തിരിച്ചറിഞ്ഞു വോട്ടു ചെയ്്ത കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദിപറയാനാണ് ഈ അവസരം വിനിയോഗിക്കുന്നതെന്ന് ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എ ബഷീര്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട്് പ്രതികരിച്ചു.

സംഘപരിവാറിന്റെ അക്രമങ്ങളും അഴിമതിയും താഴേ തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കുന്നതിലുണ്ടായ പോരായ്മയാണ് കേന്ദ്രത്തില്‍ ഇത്രയും വലിയ പരാജയം കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത്. മോദി സര്‍ക്കാരിന്റെ അഴിമതികള്‍ മൂടിവെക്കാനാണ് മുഖ്യധാര മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ശ്രമിച്ചത്. ഗ്രാസ് റൂട്ട് ലവലിലുള്ള ജനങ്ങളുമായി ബന്ധപ്പെടാനുള്ള ബി.ജെ.പിയുടെ സംഘടനാ മികവിനെ മറികടക്കാന്‍ കോണ്‍ഗ്രസിന് പലയിടങ്ങളിലും കഴിയാത്തതും പരാജയകാരണമായെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ യു.ഡി.എഫ് മികച്ച സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിച്ചത്. ഫാസിസ്റ്റ് ആശയങ്ങളോടുള്ള കേരളത്തിലെ ജനങ്ങളുടെ എതിര്‍പ്പും ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും യു.ഡി.എഫിന്റെ വിജയത്തിന് സഹായിച്ചു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്. ശബരിമല വിഷയത്തില്‍ രാഷ്ട്രീയ ലാഭത്തിന് ശ്രമിച്ച ബി.ജെ.പിക്കും സിപിഎമ്മിനുമുള്ള വിശ്വാസികളുടെ മറുപടി കൂടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നതെന്നും എസ്.എ.എം പറഞ്ഞു. 

കേരളത്തില്‍ യു.ഡി.എഫ് നേടിയത് ചരിത്ര വിജയമാണെന്നും എന്നാല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി കാരണം കേരളത്തിലെ ജയം അമിതമായ ആഹ്ലാദത്തിന് വക നല്‍കുന്നില്ലെന്നും ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രിസിഡണ്ട് സമീര്‍ ഏറാമല പ്രതികരിച്ചു. മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ മഹാഭൂരിപക്ഷം പ്രദേശങ്ങളും വര്‍ഗീയമായി ധ്രുവീകരിക്കപ്പെട്ടുവെന്നാണ് മനസ്സിലാക്കേണ്ടത്.

അഴിമതിയും തൊഴിലില്ലായ്മയും അക്രമങ്ങളുമൊന്നും ജനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും വര്‍ഗീയതയുടെ പിറകെ അവരെ അണിനിരത്തിക്കഴിഞ്ഞുവെന്നതാണ് മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിലൂടെ വ്യക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നേടിയ വിജയം അക്രമരാഷ്ട്രീയത്തിനും പിണറായിയുടെ കഴിവ് കെട്ട ഭരണത്തിനുമെതിരെയുള്ള വിധിയാണ്്. പി ജയരാജന്‍ എന്ന കൊലപാതക കേസിലെ പ്രതിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഈ ഫലം കേരളം പ്രതീക്ഷിച്ചതാണെന്നും സമീര്‍ വ്യക്തമാക്കി. മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഇന്ത്യന്‍ ജനതയെ വര്‍ഗീയമായി ഭിന്നിപ്പിച്ചതിന്റെ ഫലമാണ് ബി.ജെ.പി കൊയ്തതെന്നും ഖത്തര്‍ സംസ്്കൃതി പ്രസിഡണ്ട്് എ സുനില്‍ കുമാര്‍ പറഞ്ഞു. മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അംഗീകരിക്കുന്നു, എന്നാല്‍ മതേതരത്വ ഇന്ത്യയുടെ ഭാവി അപകടത്തിലാക്കിയാണ് അദ്ദേഹം വീണ്ടും അധികാര കസേരയിലെത്തുന്നത്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വര്‍ഗീയ ധ്രുവീകരണം നടന്നിട്ടുണ്ട്്.

ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് തടയുക എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ന്യൂനപക്ഷ വോട്ട് കേന്ദ്രീകരണം ഉണ്ടായിട്ടുണ്ട്. ഇതാണ് യു.ഡി.എഫിന്റെ വിജയത്തില്‍ സഹായിച്ചത്. ഈ രണ്ട് ധ്രുവീകരണങ്ങളും രാജ്യത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്നും സുനില്‍കുമാര്‍ പറഞ്ഞു. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എലത്തൂര്‍ മണ്ഡലം കമ്മിറ്റി ഇഫ്താര്‍ സംഗമം

ദോഹ മെട്രോ യാത്ര സുരക്ഷിതമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഖത്തര്‍ റെയില്‍