in

യു.പിയില്‍ പൊലീസ് നടത്തിയത് ആസൂത്രിത കലാപം: അഡ്വ.ഫൈസല്‍ ബാബു

ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ.ഫൈസല്‍ ബാബു സംസാരിക്കുന്നു

ദോഹ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കും സാധാരണ ജനങ്ങള്‍ക്കുമെതിരെ ഉത്തര്‍ പ്രദേശ് പൊലീസ് നടത്തിയത് ആസൂത്രിത കലാപവും ആക്രമണവുമാണെന്ന് സംസ്ഥാനത്ത് പ്രക്ഷോഭം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഫൈസല്‍ ബാബു. ഇന്ത്യന്‍ മീഡിയാ ഫോറം ദോഹയില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ്-സംഘ്പരിവാര്‍ അതിക്രമം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മുസ്്‌ലിം ലീഗ് ദേശീയ കമ്മിറ്റി നിയോഗിച്ച വസ്തുതാന്വേഷണ സമിതിയിലെ അംഗമായിരുന്നു ഫൈസല്‍ ബാബു. മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസ് നരനായാട്ട് നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ പുറത്തെത്തിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൗരത്വ നിയമത്തിനെതിരെ സമാധാനപൂര്‍ണ്ണമായ സമരങ്ങളാണ് നടന്നത്. ഡിസംബര്‍ 20ന് കാണ്‍പൂരില്‍ ദളിത് സംഘടനയായ ബഹുജന്‍ മുക്തി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തില്‍ നാലു ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. സമരത്തിനിടെ ഒരു അനിഷ്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ സമരം അവസാനിച്ച് വൈകുന്നേരം നാലുമണിക്ക് ശേഷം പ്രദേശത്തെ മുസ്്‌ലിം ഗല്ലികള്‍ തെരഞ്ഞു പിടിച്ച് പൊലീസ് വെടിവെക്കുകയും വ്യാപക അക്രമങ്ങള്‍ അഴിച്ചുവിടുകകയും ചെയ്തു. പൊലീസിന്റെ വെടിയേറ്റ് മരിച്ചവരുടെയെല്ലാം നെഞ്ചിലും തലയിലുമാണ് ബുള്ളറ്റ് തുളച്ച് കയറിയത്. ജനങ്ങളെ പിരിച്ചുവിടാനായിരുന്നു വെടിവെപ്പെങ്കില്‍ ഒരിക്കലും തലക്ക് വെടികൊള്ളേണ്ടതില്ല. അതുകൊണ്ടു തന്നെ പൊലീസ് ആസൂത്രിതമായാണ് അക്രമങ്ങള്‍ അഴിച്ചുവിട്ടതെന്ന് പറയാന്‍ കഴിയുമെന്നും പിന്നീട് നടന്ന കൊള്ളയും കൊള്ളിവെപ്പുമെല്ലാം പൊലീസും ആര്‍എസ്എസ് ക്രിമിനലുകളും ചേര്‍ന്നാണ് നടത്തിയതെന്നും ഫൈസല്‍ ബാബു പറഞ്ഞു.
യുപിയിലെ വിവിധ നഗരങ്ങളില്‍ പൊലീസ് ആര്‍എസ്എസിന്റെ ശരീര ഭാഷയിലും ആര്‍എസ്എസുകാര്‍ പൊലീസ് യൂനിഫോമിലുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ തങ്ങളോടു വെളിപ്പെടുത്തി. 300ലധികം ആളുകളെയാണ് മുസഫര്‍നഗറില്‍ നിന്ന് പിടിച്ചുകൊണ്ട് പോയി ഡിറ്റന്‍ഷന്‍ സെന്ററില്‍ അടച്ചിരിക്കുന്നത്. ഇതു നിയമപരമായി പ്രവര്‍ത്തിക്കുന്ന സെന്ററല്ല. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള ഒരു തടവ് കേന്ദ്രമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. അക്രമങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. മാധ്യമങ്ങള്‍ക്കും വസ്തുതാന്വേഷണ സംഘങ്ങള്‍ക്കും അങ്ങോട്ട് കടന്നു ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സംഭവിച്ചതെന്താണോ അതിന്റെ വാര്‍ത്തകളൊന്നും പുറത്തുവരുന്നില്ല എന്നതാണ് യു.പിയില്‍ നിന്നുള്ള പ്രധാന വാര്‍ത്ത. മാധ്യമപ്രവര്‍ത്തകര്‍ അങ്ങോട്ടു കടന്നു ചെല്ലാന്‍ ഭയപ്പെടുകയാണ്. മലായാളികള്‍ക്കെതിരെ വികാരം ഇളക്കിവിടാനും യുപി സര്‍ക്കാരും പ്രാദേശിക മാധ്യമങ്ങളും ശ്രമം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളില്‍ താമസിക്കുന്ന മലായാളികളെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്ന അവസ്ഥവരെയുണ്ടായി. തങ്ങള്‍ യുപിയില്‍ എത്തിയ ദിവസം പ്രാദേശിക പത്രങ്ങളിലെ പ്രധാനവാര്‍ത്ത മലയാളികളാണ് പ്രശ്‌നങ്ങള്‍ക്ക്് പിന്നില്‍ എന്നാണ്. പൊലീസും ആര്‍എസ്എസിന്റെ താത്്പര്യത്തിന് അനുസരിച്ച് വാര്‍ത്തകള്‍ പുറത്തുവിടുന്ന പ്രാദേശിക വാര്‍ത്താമാധ്യമങ്ങളും കളവുകളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്്.
പൊലീസിന്റെ വെടിയേറ്റും ഭീകരമായ അക്രമങ്ങള്‍ കൊണ്ടും കൊല്ലപ്പെട്ട നിരവധി പേരുടെ വീടുകള്‍ തങ്ങള്‍ സന്ദര്‍ശിച്ചു. പല വീടുകളിലും ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയാണ്. ഇവരില്‍ നിന്ന് പരാതി പോലും പൊലീസ് സ്വീകരിക്കുന്നില്ല. പരാതി നല്‍കിയ അഭിഭാഷകനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ വിറങ്ങലിച്ച ശബ്ദങ്ങള്‍ കാതുകളില്‍ ഇപ്പോഴും ഉണ്ട്. ‘നിങ്ങള്‍ക്ക് ഞങ്ങളുണ്ട്’ എന്ന് പറയാനും അവരെ ആശ്വസിപ്പിക്കാനും യൂത്ത് ലീഗിന്റെ പ്രതിനിധി സംഘത്തിന് കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും 15ന് ഡല്‍ഹിയില്‍ നടക്കുന്ന യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ചിന്തന്‍ ബൈഠക്കില്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യാനന്തര ഇന്ത്യ ആദ്യമായി അഭിമൂഖീകരിച്ച ഏറ്റവും വലിയ ദുരന്തം ഗാന്ധി വധമായിരുന്നു. രണ്ടാമത്തേത് ബാബരി മസ്ജിദിന്റെ ധ്വംസനം. മൂന്നാമത്തെ വലിയ ദുരന്തമായി പൗരത്വ ഭേദഗതി നിയമം മാറിയിരിക്കുകയാണ്. സവിശേഷമായ ഒരു സമുദായത്തിന്റെ മാത്രം പ്രശ്‌നമായി ഇതിനെ കാണാന്‍ കഴിയില്ല. ഇന്ത്യയെന്ന ആശയം നിലനില്‍ക്കണോ വേണ്ടയോ എന്നതാണ് പ്രശ്‌നം. ഭരണഘടനയുടെ നടത്തിപ്പുകാരാകേണ്ട ഭരണകൂടം അതിനെ ആത്മാവില്ലാത്ത അക്ഷരങ്ങളാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ഇതു ഒരിക്കലും സമ്മതിച്ച് കൊടുക്കാന്‍ ഇന്ത്യയെന്ന ആശയത്തെ അറിയുന്നവര്‍ക്ക് കഴിയില്ലെന്നും ഗാന്ധിയുടെ ഇന്ത്യയെ തിരിച്ചുപിടിക്കുന്നത് വരെ നിരന്തരമായ പോരാട്ടങ്ങളും പ്രക്ഷോഭങ്ങളുമാണ് ഇന്ത്യന്‍ തെരുവുകളെ കാത്തിരിക്കുന്നതെന്നും അഡ്വ.ഫൈസല്‍ ബാബു പറഞ്ഞു. ഐഎംഎഫ് പ്രസിഡണ്ട് അശ്‌റഫ് തൂണേരി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ശഫീഖ് അറക്കല്‍ സ്വാഗതവും സെക്രട്ടറി ഓമനക്കുട്ടന്‍ പരുമല നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വിമാനത്താവളത്തില്‍ താല്‍ക്കാലികമായി ഹ്രസ്വകാല കാര്‍പാര്‍ക്കിങ് സൗജന്യം

കണ്ണീര്‍ ബാല്യങ്ങള്‍; ഫലസ്തീന്‍ നോവുകളുടെ പ്രദര്‍ശനം കത്താറയില്‍