
ദോഹ: സാംസ്കാരിക കായിക മന്ത്രാലയത്തില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഖത്തരി രചയിതാക്കളുടെ ഫോറം(ഓതേഴ്സ് ഫോറം) സൃഷ്ടിപരമായ എഴുത്തിനായി പ്രവര്‍ത്തിക്കുന്ന ഖലം ഹെബര്‍ കമ്പനിയുമായി സഹകരണകരാറില്‍ ഒപ്പുവച്ചു. എഴുത്തുകാരും സാംസ്കാരിക സാഹിത്യ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണം.
എഴുത്തുകാരുടെ ഫോറത്തിന്റെ ഡയറക്ടര്‍ മറിയം യാസീന്‍ അല്‍ഹമ്മാദിയും ഖലം ഹെബര്‍ സ്ഥാപകയും സിഇഒയുമായ ബുഥൈന അല്ജനാഹിയുമാണ് കരാറില്‍ ഒപ്പുവച്ചത്. ബന്ധപ്പെട്ട അതോറിറ്റികളുമായുള്ള പങ്കാളിത്തത്തിലൂടെ സാമൂഹിക സാംസ്കാരിക പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് എഴുത്തുകാരുടെ ഫോറം പ്രവര്‍ത്തിക്കുമെന്ന് അല്‍ഹമ്മാദി ഊന്നിപ്പറഞ്ഞു.
സാംസ്കാരിക രംഗത്തെ സമ്പന്നമാക്കുന്നതിനും സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ശ്രമിക്കുന്നുണ്ട്. സ്വത്വം സംരക്ഷിക്കുന്നതിനും പൗരത്വവും ആശയവിനിമയവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സമ്പൂര്‍ണ ചട്ടക്കൂടാണ് സംസ്കാരമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സൃഷ്ടിപരമായ വിമര്‍ശനത്തെയും ബൗദ്ധിക വിശകലനത്തെയും അടിസ്ഥാനമാക്കി സാംസ്കാരിക പ്രസ്ഥാനത്തെ സമ്പന്നമാക്കുന്നതില്‍ ഖത്തര്‍ എഴുത്തുകാരുടെ ഫോറത്തിന് സുപ്രധാന പങ്കുണ്ട്.
സാംസ്കാരിക, സര്‍ഗാത്മക സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ഫോറത്തിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തും. സാംസ്കാരിക കായിക മന്ത്രാലയത്തിന്റെ ഭാഗമായ എഴുത്തുകാരുടെ ഫോറവുമായി കരാര്‍ ഒപ്പുവെക്കാനായതില്‍ സന്തോഷമുണ്ടെന്ന് അല്‍ജനാഹി പറഞ്ഞു.