in ,

രണ്ടു മാസത്തിനിടെ മെട്രോ യാത്രക്കാരുടെ എണ്ണം പത്തുലക്ഷം പിന്നിട്ടു

ദോഹ: യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ദോഹ മെട്രോ കുതിപ്പ് തുടരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ദോഹ മെട്രോ സര്‍വീസ് ഉപയോഗപ്പെടുത്തിയ യാത്രക്കാരുടെ എണ്ണത്തിലും വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്.

ജൂലൈ, ആഗസ്ത് മാസങ്ങളിലായി പത്തുലക്ഷത്തിലധികം പേരാണ് ദോഹ മെട്രോയില്‍ യാത്ര നടത്തിയത്. ഇക്കാര്യം ഖത്തര്‍ റെയില്‍ ഔദ്യോഗികമായി അറിയിച്ചു. ഈ ജൂലൈയില്‍ 5,18,535പേരും ആഗസ്തില്‍ 5,63,577 പേരുമാണ് ദോഹ മെട്രോയില്‍ യാത്ര നടത്തിയത്. ഈ രണ്ടുമാസങ്ങളിലുമായി ആകെ 10,82,112 പേരാണ് ദോഹ മെട്രോ ഉപയോഗപ്പെടുത്തിയത്.

യാത്രക്കായി ദോഹ മെട്രോ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായും യാത്രക്കാരോടു നന്ദിയുണ്ടെന്നും കൂടുതല്‍ യാത്രക്കാരെ സ്വീകരിക്കുന്നതിന് ഉറ്റുനോക്കുന്നതായും ഖത്തര്‍ റെയില്‍ അറിയിച്ചു. ഈ വര്‍ഷം മെയ് എട്ടിനാണ് ദോഹ മെട്രോ സര്‍വീസ് തുടങ്ങിയത്. ആദ്യ രണ്ടുദിവസങ്ങളില്‍ മാത്രം 86,487 പേര്‍ ദോഹ മെട്രോയില്‍ യാത്ര നടത്തിയിരുന്നു.

ഈദുല്‍ അദ്ഹ അവിധി ദിനങ്ങളിലും വേനലവധിക്കാലത്തും ദോഹ മെട്രോ ഉപയോഗപ്പെടുത്തിയവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായത്.ഈദുല്‍ ഫിത്വറിന്റെ ഒന്നാം ദിനത്തില്‍ 75,940 പേരും അമീര്‍ കപ്പ് ഫൈനല്‍ നടന്ന മെയ് പതിനാറിന് 68,725 പേരും യാത്ര നടത്തിയിരുന്നു.

മെട്രോ സ്‌റ്റേഷനുകളില്‍നിന്നും തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്കും തിരിച്ചും യാത്രക്കാരെ സൗജന്യമായി എത്തിക്കുന്നതിനായി മെട്രോലിങ്ക് ഫീഡര്‍ ബസ്ുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. യാത്രക്കാര്‍ക്ക് കര്‍വ ടാക്‌സിയിലും ഡിസ്‌ക്കൗണ്ട് നിരക്കില്‍ മെട്രോ സ്‌റ്റേഷനുകളിലെത്താം.

മൂവസലാത്തുമായി സഹകരിച്ചാണ് മെട്രോലിങ്ക് ഫീഡര്‍ബസുകള്‍ സര്‍വീസ് നടത്തുന്നത്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് മുന്‍കൂട്ടി നിശ്ചയിച്ച കേന്ദ്രങ്ങളില്‍മാത്രമായിരിക്കും ബസുകള്‍ നിര്‍ത്തുക. നിലവില്‍ റെഡ്‌ലൈന്‍ സ്റ്റേഷനുകളുടെ സമീപ സ്ഥലങ്ങളിലായി 24 മെട്രോ ലിങ്ക് റൂട്ടുകളില്‍ ഫീഡര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

ഇതില്‍ അഞ്ചു റൂട്ടുകള്‍ വഖ്‌റ സ്റ്റേഷനെ ബന്ധപ്പെടുത്തിയാണ്. അതുകൊണ്ടുതന്നെ ഇവിടങ്ങളിലുള്ളവര്‍ക്ക് വഖ്‌റ മെട്രോ സ്‌റ്റേഷനുകളിലേക്കെത്തുന്നതിന് ടാക്‌സിയെയോ മറ്റോ ആശ്രയിക്കേണ്ടിവരുന്നില്ല. കര്‍വ ബസുകളുടെയും മെട്രോലിങ്ക് ബസുകളുടെയും കൃത്യമായ റൂട്ട് കര്‍വ ബസ് ആപ്പിലൂടെ അറിയാനാകും.

ഖത്തര്‍ റെയില്‍ വെസ്റ്റ്‌ബേ കേന്ദ്രീകരിച്ച് ഓണ്‍ ഡിമാന്‍ഡ് റൈഡായി മെട്രോഎക്‌സ്പ്രസ്സ് സൗകര്യവും അവതരിപ്പിച്ചിട്ടുണ്ട്. സൗജന്യമായി പരീക്ഷണാടിസ്ഥാനത്തിലുള്ള റൈഡ് ഷെയറിങ് സര്‍വീസാണിത്. നിലവില്‍ ക്യുഐസി, ഡിഇസിസി, വെസ്റ്റ്‌ബേ മെട്രോ സ്‌റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് ഈ സര്‍വീസ്.

ഏഴുപേര്‍ക്കിരിക്കാവുന്ന വാനുകള്‍ ഉപയോഗിച്ചാണ് സര്‍വീസ്. ദോഹ മെട്രോയുടെ മെട്രോ എക്‌സ്പ്രസ്സ് ആപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യാനാകും. രാജ്യത്തിന്റെ സുപ്രധാന വിനോദകേന്ദ്രങ്ങളിലേക്കും മറ്റുമെല്ലാം സുഗമമായി എത്താന്‍ ദോഹ മെട്രോ സഹായകമാകുന്നുണ്ട്.

കത്താറ, വഖ്‌റ ബീച്ച്, ദോഹ കോര്‍ണീഷ്, വെസ്റ്റ്‌ബേ എന്നിവിടങ്ങളിലേക്കെല്ലാം കുറഞ്ഞ നിരക്കില്‍ ഗതാഗതക്കുരുക്കുകളിലകപ്പെടാതെ എത്താനാകുമെന്നതിനാല്‍ യാത്രകള്‍ക്ക് ദോഹ മെട്രോ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. റെഡ്‌ലൈന്‍ സൗത്ത് പാതയില്‍ അല്‍ ഖസ്സര്‍ മുതല്‍ അല്‍വഖ്‌റ വരെ പതിമൂന്ന് സ്റ്റേഷനുകളെ ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

വടക്ക് അല്‍ഖസറില്‍നിന്നും ഡിഇസിസി, വെസ്റ്റ്‌ബേ, കോര്‍ണീഷ്, അല്‍ബിദ, മുശൈരിബ്, ദോഹ അല്‍ജദീദ, ഉംഗുവൈലിന, മതാര്‍ അല്‍ഖദീം, ഒഖ്ബ ഇബ്‌നു നാഫി, ഇക്കോണിക് സോണ്‍, റാസ് അബുഫൊന്താസ് സ്റ്റേഷനുകള്‍ പിന്നിട്ടാണ് തെക്ക് വഖ്‌റയിലെത്തുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

എംഇഎസില്‍ സൗഹൃദ വോളിബോള്‍ മത്സരം സംഘടിപ്പിച്ചു

യുഎസ്-താലിബാന്‍ സമാധാനചര്‍ച്ചകളില്‍ ഖത്തര്‍ പങ്ക് പ്രശംസനീയം: അഫ്ഗാന്‍ അംബാസഡര്‍