in

രാജ്യം കടന്നു പോകുന്നത് ആപത്കരമായ ഒരു ഘട്ടത്തിലൂടെ: കെഎന്‍എ ഖാദര്‍ എം.എല്‍.എ

പേരാമ്പ്ര മണ്ഡലം ഖത്തര്‍ കെഎംസിസി സമ്മേളനത്തില്‍ അഡ്വ.കെഎന്‍എ ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു

ദോഹ: ഇന്ത്യ ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത് ആപത്കരമായ ഒരു ഘട്ടത്തിലൂടെയാണെന്നും രാജ്യത്തിന്റെ ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സമാധാന പൂര്‍ണ്ണമായ ജനകീയ പ്രക്ഷോഭങ്ങള്‍ അനിവാര്യമാണെന്നും മുസ്‌ലിം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍ എംഎല്‍എ. ഖത്തര്‍ കെഎംസിസി പേരാമ്പ്ര മണ്ഡലം കമ്മിറ്റി തുമാമ കെഎംസിസി ഹാളില്‍ സംഘടിപ്പിച്ച പ്രതീക്ഷ-2020 സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്‍ക്കാര്‍ നമ്മുടെ നാടിന്റെ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന പാരമ്പര്യത്തെയാണ് ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പൗരത്വ ബില്ലും എന്‍ആര്‍സിയുമൊക്കെ അവരുടെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. ഹിന്ദുക്കളുടെ പേരില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നതൊന്നും യഥാര്‍ഥത്തില്‍ ഹിന്ദുക്കള്‍ക്ക് വേണ്ടിയോ രാജ്യത്തിന് വേണ്ടിയോ അല്ല. ഹിന്ദു ധര്‍മ്മമോ വേദങ്ങളൊ ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടില്ല. ഫാസിസ്റ്റുകളും കോര്‍പറേറ്റുകളും ചേര്‍ന്നുള്ള കോര്‍പറേറ്റിസത്തിലധിഷ്ടിതമായ ഒരു ഭരണമാണ് ബി.ജെ.പി നടത്തികൊണ്ടിരിക്കുന്നത്. പൊതു മേഖലയിലുള്ള എല്ലാ സ്ഥാപനങ്ങളും കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുന്നതും സാധാരണക്കാരന്റെ ഒരു പ്രശ്‌നങ്ങള്‍ക്കും വിലകൊടുക്കാതിരിക്കുന്നതും ഇതിനാലാണെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു.
ഇന്ത്യയില്‍ ഒന്നുമല്ലാതിരുന്ന ബി.ജെ.പിയെ ഇന്നു കാണുന്ന നിലയിലേക്ക് എത്തിച്ചതില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ പങ്കുണ്ട്. കോണ്‍ഗ്രസ് ആണ് മുഖ്യ ശത്രുവെന്ന് നിരന്തരം പറഞ്ഞുകൊണ്ട് എല്ലാ വലതു പക്ഷ പാര്‍ട്ടികളുമായും കമ്യൂണിസ്റ്റുകള്‍ കൊകോര്‍ത്തു. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഏത് ചെകുത്താനോടും കൂട്ടുകൂടുമെന്നാണ് ഇഎംഎസ് പ്രസ്താവിച്ചിരുന്നത്. ജനസംഘവുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ബിഹാര്‍ ഭരിച്ചതൊക്കെ ഇതിന്റെ ഭാഗമായായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെഎംസിസി സംസ്ഥാന പ്രസിഡണ്ട് എസ്എഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. പാറക്കല്‍ അബ്ദുല്ല എംഎല്‍എ ആശംസ നേര്‍ന്നു. മണ്ഡലം പ്രസിഡണ്ട് റസാഖ് കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറര്‍ ടിഎം അബ്ദുല്ല കെഎന്‍എ ഖാദറിന് ഉപഹാരം കൈമാറി. ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. അബ്ദുസമദ്, കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ജാഫര്‍ തയ്യില്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഇല്യാസ് മാസ്റ്റര്‍ സംസാരിച്ചു. മുഹമ്മദ് സജ്ജാദ് ഖിറാഅത്ത് നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി ടിടി കുഞ്ഞമ്മദ് സ്വാഗതവും റാഷിദ് കീഴ്‌പ്പോട്ട് നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദോഹ ഫോറത്തിന് ഇന്ന് തുടക്കം

ക്ലബ്ബ് ലോകകപ്പ്: അല്‍ഹിലാല്‍ സെമിയില്‍