
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ സാമാന്യം ശക്തമായ മഴ പെയ്തു. ദോഹ, കോര്‍ണീഷ്, ഓള്‍ഡ് അല്‍ഗാനിം, അബുഹമൂര്‍, ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ മഴ പെയ്തു. ചിലയിടങ്ങളില്‍ ഇടിമിന്നലും അനുഭവപ്പെട്ടു. ഇന്നും മഴ തുടരാന്‍ സാധ്യതയുണ്ട്്.വാഹനായാത്രികരുള്‍പ്പടെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. ഇടിയും മിന്നലും മഴയും അനുഭവപ്പെടാനിടയുള്ള സാഹചര്യത്തില്‍ മുന്‍കരുതലുകളെടുക്കണമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പും മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലുണ്ടാകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമ്പോള്‍ പുറത്തേക്കു പോകുന്നത് ഒഴിവാക്കണം. ഇന്‍ഡോറില്‍ തന്നെ സുരക്ഷിതമായിരിക്കണം. റൂഫുകളില്‍ നില്‍ക്കുന്നതും ഉയര്‍ന്നമരങ്ങള്‍ക്കും വൈദ്യുതി തൂണുകള്‍ക്കുസമീപവും നില്‍ക്കരുത്. വാഹനത്തിനുള്ളിലാണെങ്കില്‍ വാതിലടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. തുറസായ സ്ഥലത്തെ വെള്ളത്തിനു സമീപത്തുനിന്നും മാറിനില്‍ക്കണം. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയും കരുതലുമുണ്ടാകണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിന്റെ സഹകരണത്തോടെയായിരുന്നു മഴവെള്ളം നീക്കം ചെയ്യുന്നത്.