
ദോഹ: ജ്യോതിശാസ്ത്രം, ആസ്‌ട്രോഫിസിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട രാജ്യാന്തര ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്ന ഖത്തരി വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഖത്തര്‍ നാഷണല്‍ റിസര്‍ച്ച് ഫണ്ട്(ക്യുഎന്‍ആര്‍എഫ്). വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് ക്യുഎന്‍ആര്‍എഫ് പിന്തുണ ലഭ്യമാക്കുന്നത്.
അഞ്ചു ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഒളിമ്പ്യാഡില്‍ ഖത്തറിനെ പ്രതിനിധീകരിക്കുന്നത്. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ആഗസ്ത് രണ്ടിനു തുടങ്ങിയ ഒളിമ്പ്യാഡ് പത്തുവരെ തുടരും. ജ്യോതിശാസ്ത്രം, അനുബന്ധ വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ശേഷിയും മികവും പ്രതിഫലിക്കുന്നതാണ് ഒളിമ്പ്യാഡ്.
നാല്‍പ്പത് വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ക്യുഎന്‍ആര്‍എഫും വിദ്യാഭ്യാസമന്ത്രാലയവും സംയുക്തമായി നടത്തിയ ദേശീയ ശാസ്ത്ര ഗവേഷണ വാരത്തിന്റെ ഭാഗമായ വാര്‍ഷിക ഖത്തര്‍ ആസ്‌ട്രോ ഒളിമ്പ്യാഡിലെ മത്സര സ്‌ക്രീനിങ് പ്രക്രിയ്യക്കുശേഷമാണ് ഖത്തര്‍ പ്രതിനിധികളായി അഞ്ചു പ്രാദേശിക വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്.
ഖത്തര്‍ സെക്കന്ററി സ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ അമ്‌ന ലരാം, സാറ നബീല്‍, ഉംഅയ്മന്‍ സെക്കന്ററി സ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ അയിഷ മുഹമ്മദ് അലി, അല്‍ഗുവൈരിയ സെക്കന്ററി സ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ സല്‍മ അല്‍ഗമാല്‍, അലി ബിന്‍ ജാസിം സെക്കന്ററി സ്‌കൂള്‍ ഫോര്‍ ബോയ്‌സിലെ അബ്ദുല്‍റഹ്മാന്‍ തസബ്ജി എന്നിവരാണ് രാജ്യാന്തര ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നത്.
ആവേശകരമായ ഈ രാജ്യാന്തര പരിപാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം സ്‌പോണ്‍സര്‍ ചെയ്യാനാകുന്നതില്‍ ക്യുഎന്‍ഐആര്‍എഫിന് അഭിമാനമുണ്ടെന്ന് കപ്പാസിറ്റി ബില്‍ഡിങ് ഡയറക്ടര്‍ ഡോ.അയിഷ അല്‍ഉബൈദ്‌ലി പറഞ്ഞു.
വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. ഭാവിയില്‍ ഖത്തറിലെ ജ്യോതിശാസ്ത്ര മേഖലയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ഈ വിദഗ്ദ്ധരായ വിദ്യാര്‍ഥികള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. ബഹിരാകാശ ശാസ്ത്രത്തില്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ശാസ്ത്ര ഗവേഷണ വൈദഗദ്ധ്യ ടീം മേധാവി ഡോ. അസ്മ അല്‍മുഹന്നദി പറഞ്ഞു.