in , ,

രാജ്യാന്തര പ്രാഥമികാരോഗ്യ പരിചരണ സമ്മേളനത്തിന് ഇന്ന് തുടക്കം

ദോഹ: പ്രൈമറി ഹെല്‍ത്ത്‌കെയര്‍ കോര്‍പ്പറേഷന്‍(പിഎച്ച്‌സിസി) സംഘടിപ്പിക്കുന്ന നാലാമത് രാജ്യാന്തര പ്രാഥമികാരോഗ്യപരിചരണ സമ്മേളനത്തിന് ഇന്ന് തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖരായ ആരോഗ്യവിദഗ്ദ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രാധാന്യത്തിനായി അടിത്തറയൊരുക്കല്‍ എന്ന പ്രമേയത്തില്‍ സമ്മേളനം ഈ മാസം 22വരെ തുടരും. പ്രാഥമികാരോഗ്യ പരിചരണരംഗത്തെ പ്രശസ്തരായ പ്രാദേശിക, രാജ്യാന്തര പ്രശസ്തരായ പ്രൊഫഷണലുകളുടെ പങ്കാളിത്തമുണ്ടാകും.
പ്രാഥമികാരോഗ്യപരിചരണവുമായി ബന്ധപ്പെട്ട ഏറ്റവും ഗൗരവതരമായ വിഷയങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യും. മെഡിക്കല്‍ വിദ്യാഭ്യാസം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലെ മികച്ച സമ്പ്രദായങ്ങളെക്കുറിച്ചുള്ള അവതരണങ്ങളും അനുഭവങ്ങളുടെ കൈമാറ്റവും നടക്കും. പ്രദര്‍ശനം, ശില്‍പ്പശാലകള്‍ എന്നിവയിലൂടെ മികച്ച രീതികള്‍ തിരിച്ചറിയുന്നതിനും സമ്മേളനം സഹായകമാകും. നാല് ദിവസത്തെ സമ്മേളനത്തില്‍ ആരോഗ്യ പ്രമോഷന്‍, രോഗ പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍, പഭാഷണങ്ങള്‍, ശില്‍പ്പശാലകള്‍ എന്നിവയും സംയോജിത ആരോഗ്യ സംരക്ഷണത്തിന്റെ മാതൃകകളും അവതരിപ്പിക്കും.ആരോഗ്യപരിപാലന സൗകര്യങ്ങളിലെ പുതുമയും സര്‍ഗാത്മകതയും, ഗുണനിലവാര രീതികള്‍, തൊഴിലന്തരീക്ഷത്തില്‍ അപകടസാധ്യതകള്‍ എങ്ങനെ തടയാം. തൊഴില്‍സുരക്ഷ കൈവരിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടക്കും. പാഥമിക ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട നിരവധി മേഖലകള്‍, വിട്ടുമാറാത്ത രോഗങ്ങള്‍, ആരോഗ്യകരമായ ജീവിതരീതികള്‍, ആരോഗ്യമേഖലയിലെ ഭരണം, നേതൃത്വം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരവധി വിദഗ്ധരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് പിഎച്ച്‌സിസി ക്ലിനിക്കല്‍ അഫയേഴ്‌സ് വകുപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ഹനാന്‍ അല്‍മുജല്ലി പറഞ്ഞു.
പ്രാഥമിക ആരോഗ്യ പരിരക്ഷാ മേഖലയിലെ പ്രധാന വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന അഞ്ച് ശില്‍പ്പശാലകള്‍ക്കു പുറമേ, വിശാലമായ വിഷയങ്ങളും പ്രമേയങ്ങളും ഉള്‍ക്കൊള്ളുന്ന 60 ഗവേഷണ പ്രബന്ധങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. മിഡില്‍ഈസ്റ്റില്‍ നടക്കുന്ന ഏറ്റവും സുപ്രധാനമായ ആരോഗ്യരപരിപാടിയാണ് സമ്മേളനം. ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലെ പന്ത്രണ്ട് രാജ്യങ്ങള്‍ പങ്കെടുക്കും. അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ന്യൂസിലന്റ്, തായ്‌ലാന്റ്, അറബ് രാജ്യങ്ങളായ കുവൈത്ത്, ഒമാന്‍, ലബനാന്‍, ജോര്‍ദ്ദാന്‍, മൊറോക്കോ രാജ്യങ്ങളുടെ പ്രതിനിധികളും ഖത്തറില്‍ നിന്നുള്ള നിരവധി പ്രഭാഷകരും പങ്കെടുക്കും. സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്ന ഓരോ വിഷയങ്ങളിലും പ്രാവീണ്യമുള്ള വിദഗ്ദ്ധരുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അശ്ഗാല്‍ പദ്ധതികളിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ നടപടികള്‍

സി.കെ.കാസിമിന് സ്വീകരണം നല്‍കി