ദോഹ: മൂന്നാമത് രാജ്യാന്തര വേട്ട- ഫാല്‍ക്കണ്‍ പ്രദര്‍ശനം ‘സുഹൈല്‍ 2019’ ഇന്ന് തുടക്കം. സെപ്തംബര്‍ ഏഴു വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ കമ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.

10,000ലധികം സ്‌ക്വയര്‍മീറ്ററിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ 22 രാജ്യങ്ങളില്‍നിന്നായി 140ലധികം അറബ് രാജ്യാന്തര കമ്പനികളുടെ പങ്കാളിത്തമുണ്ടാകും. കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി, സോഷ്യല്‍ ആന്റ് സ്‌പോര്‍ട്‌സ് സപ്പോര്‍ട്ട് ഫണ്ട്(ദാം) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍റഹ്മാന്‍ അബ്ദുല്‍ലത്തീഫ് അല്‍മന്നായി എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
സുഹൈല്‍ പ്രദര്‍ശനത്തിന് നല്‍കുന്ന പിന്തുണക്ക് ദാമിനോടു നന്ദിയുണ്ടെന്ന് ഡോ.അല്‍സുലൈത്തി പറഞ്ഞു. വേറിട്ട ഡിസൈനില്‍ നൂതനമായ രീതിയില്‍ സംവിധാനിച്ച വേദിയിലാണ് പ്രദര്‍ശനം.കത്താറയുടെ ഏറ്റവും വലിയ വാര്‍ഷിക പരിപാടികളിലൊന്നാണ് സുഹൈല്‍. വേട്ടസീസണ്‍, ഫാല്‍ക്കണറി എന്നിവയുമായി ബന്ധപ്പെടുത്തിയാണ് സുഹൈല്‍ എന്നു നാമകരണം ചെയ്തിരിക്കുന്നത്.
വേട്ട ആയുധങ്ങളുടെ വില്‍പ്പന, ഉപയോഗം എന്നിവ സംബന്ധിച്ചുള്ള വിവിധ പരിപാടികള്‍ നടക്കും. ഫാല്‍ക്കണറി, വേട്ട മേഖലകളില്‍ ഊന്നല്‍നല്‍കുന്ന വിവിധ സ്ഥാപനങ്ങളുടെ സജീവപങ്കാളിത്തം സുഹൈലിലുണ്ടാകും.
ഫാല്‍ക്കണുകളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും മനസിലാക്കുന്നതിനും വിവിധയിനം ഫാല്‍ക്കണുകളുടെ നേരിട്ടു കാണുന്നതിനും പ്രദര്‍ശനം സഹായിക്കും. പ്രാദേശിക, രാജ്യാന്തര പ്രതിനിധികള്‍ക്കുപുറമെ വേട്ടയ്ക്കുള്ള വാഹനങ്ങള്‍, ഉപകരണങ്ങള്‍, ടൂളുകള്‍ വിതരണം ചെയ്യുന്നവര്‍, ഫാല്‍ക്കണ്‍ സംബന്ധിയായസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പങ്കാളിത്തവുമുണ്ടാകും.
ഫാല്‍ക്കണ്‍ വേട്ടയുടെ അന്തരീക്ഷം കത്താറയില്‍ പുനരാവിഷ്‌കരിക്കുന്നുണ്ട്. ഫാല്‍ക്കണ്‍ വെറ്റിനറി ക്ലിനിക്കുകളുടെ സാന്നിധ്യമുണ്ടാകും. വേട്ട, ഫാല്‍ക്കണറി രംഗത്തെ വിവിധ രാജ്യങ്ങളുടെ സാംസ്‌കാരിക പൈതൃകം മനസിലാക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും. ഈ രാജ്യങ്ങളില്‍ വേട്ടയ്ക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കും.
പ്രതിദിന പക്ഷിലേലം, ഹണ്ടിങ് ഫാല്‍ക്കണറി പ്രദര്‍ശനം, കവിതാസായാഹ്നം,ഫാല്‍ക്കണുകള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍, കുട്ടികള്‍ക്ക് പരിശീലനം എന്നിവയുള്‍പ്പടെയുള്ള പരിപാടികളും അരങ്ങേറും.
പ്രാദേശിക ഫാമുകള്‍, വിവിധ രാജ്യങ്ങളിലെ ഫാമുകളില്‍നിന്നുമായി വിവിധയിനങ്ങളില്‍പ്പെട്ട ഫാല്‍ക്കണുകളുടെ പ്രദര്‍ശനം എന്നിവയുണ്ടാകും.
മുന്‍വര്‍ഷങ്ങളില്‍ ഖത്തര്‍ ഷൂട്ടിങ് അസോസിയേഷന്റെ ഏരിയല്‍ ഷൂട്ടിങ് പ്രകടനം, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ അമ്പെയ്ത്ത്, കായിക സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ അല്‍-റാമി സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഷൂട്ടിങ് പരിപാടികള്‍(താറാവ്, മാന്‍, മുയല്‍ ഷൂട്ടിങ്) എന്നിവയും നടന്നിരുന്നു.
കഴിഞ്ഞവര്‍ഷം നടന്ന പ്രദര്‍ശനത്തില്‍ 20 രാജ്യങ്ങളില്‍നിന്നായി 150 സ്റ്റാളുകളാണുണ്ടായിരുന്നത്. 1,16,400 സന്ദര്‍ശകരെയാണ് പ്രദര്‍ശനം ആകര്‍ഷിച്ചത്. 41 മില്യണ്‍ ഖത്തര്‍ റിയാലിന്റെ വില്‍പ്പന നടന്നു.