
ദോഹ: ലോകസഭാ തെരെഞ്ഞെടുപ്പിന് ശേഷമുള്ള രാഹുല്‍ഗാന്ധിയുടെ നിലപാട് കൂടുതല്‍ ശക്തമായി തീരിച്ചുവരാനുള്ള നയപരമായ ചില നീക്കങ്ങള്‍ മാത്രമാണെന്ന് എ ഐ സി സി മുന്‍സെക്രട്ടറിയും കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ അഡ്വ. ഷാനിമോള്‍ ഉസ്മാന്.
ഇന്‍കാസ് കോഴിക്കോട് ജില്ലാ പഠനക്യാമ്പിനെത്തിയ അവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടേത് പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോവാനുള്ള പ്രവര്‍ത്തനങ്ങളാണെന്നും കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി പിന്മാറുന്നുവെന്ന വാര്‍ത്ത സംബന്ധിച്ച് ചോദ്യത്തിന് മറുപടി പറയവെ അവര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരിച്ചുവരവ് എങ്ങിനെയുണ്ടായി എന്ന് പാര്‍ട്ടി വിശദമായി പഠിച്ചുവരികയാണ്.
അത് വിശദമായി വിലയിരുത്തിയ ശേഷം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവും. ഒരു തെരെഞ്ഞെടുപ്പ് ഫലം മറിച്ചായി എന്നതുകൊണ്ട് കോണ്‍ഗ്രസ്സിന്റെ ശക്തി ഇല്ലാതാവുന്നില്ല. എന്നും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസ്സ് മുന്നോട്ടുപോയത്. കേരളത്തില്‍ ശക്തമായ വിജയമാണ് യു ഡി എഫിനും കോണ്ഗ്രസ്സിനുമുണ്ടായത്.
ആലപ്പുഴയിലേത് ഒറ്റപ്പെട്ട സംഭവമാണ്. അവിടുത്തെ പരാജയ കാരണങ്ങള്‍ പാര്‍ട്ടി ഗൗരവത്തോടെ വിലയിരുത്തുന്നുണ്ടെന്നും ഷാനിമോള്‍ വ്യക്തമാക്കി. കോടിയേരിയുടെ മകന് ലൈംഗിക പീഢനക്കേസില്‍ പ്രതിയായത് സംബന്ധിച്ച് വി എസ് അച്യുതാനന്ദന്റെ അഭിപ്രായം അറിയാന്‍ താത്പര്യമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച കെ പി സി സി സെക്രട്ടറി ജ്യോതി കുമാര്‍ ചാമക്കാല പറഞ്ഞു. യു ഡി എഫിലെ പല നേതാക്കളുടേയും കുടുംബാംഗങ്ങളെ അവഹേളിക്കാന്‍ ശ്രമിച്ച വി എസ്സിനും ഇത് വ്യക്തിപരമായ കാര്യം മാത്രമാണോ.
കോടിയേരി ആഭ്യന്തരമന്ത്രിയായ കാലയളവിലാണ് യുവതിയുമായി ബിനോയ് കോടിയേരിയുടെ അവിഹിതം തുടങ്ങുന്നത്. മന്ത്രിയുടെ മകന് ദുബൈയില്‍ വന്ന് ബാറില്‍ നോട്ട് വിതറിയുണ്ടാക്കിയതാണീ ഇടപാട്. നിയമത്തിന് മുമ്പില്‍ വന്ന് കുറ്റമില്ലെങ്കില് തെളിയിക്കാന്‍ സന്നദ്ധത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ നിലക്കുമുള്ള ജീര്‍ണ്ണതയുടെ പാര്‍ട്ടിയായി സി പി എം മാറിയെന്നതിന് ഉദാഹരണമാണ് കോടിയേരിയുടെ മകന്റെ പീഢന വാര്‍ത്തയെന്നും പ്രവാസി ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തിനു പിന്നിലും സി പി എം പാര്‍ട്ടിയാണെന്നും ഷാനിമോള്‍ ഉസ്മാന് പറഞ്ഞു. പി കെ ശശിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിക്കെതിരെയായിരുന്നു പാര്‍ട്ടി നിലപാടെന്നും അവര്‍ പറഞ്ഞു.
ഖത്തറിലെ ഇന്‍കാസിലെ വിഭാഗീയത സംബന്ധിച്ച് ഗൗരവപൂര്‍വ്വം ഇടപെടല്‍ നടത്തുമെന്നും മാറി നില്ക്കുന്നവരെക്കുറിച്ച് കെ പി സി സിക്ക് ബോധ്യമുള്ളതാണെന്നും ഇരു നേതാക്കളും വ്യക്തമാക്കി. ഒ ഐ സി സി വൈസ് പ്രസിഡന്റ് കെ കെ ഉസ്മാന്, ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല, കോഴിക്കോട് ജില്ലാ ഇന്‍കാസ് പ്രസിഡന്റ് അശ്റഫ് വടകര, ഹരീഷ്കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്നലെ ഐ സി സിയില്‍ ആരംഭിച്ച ഇന്‍കാസ് കോഴിക്കോട് ജില്ലാ പഠന ക്യാമ്പ് ഇന്നും തുടരും. ഫാസിസത്തിന്റെ കാണാപ്പുറങ്ങള്‍, മതേതരഇന്ത്യവെല്ലുവിളികളും അതിജീവനവും എന്നീ വിഷയങ്ങളില്‍ സാംസ്കാരിക പ്രവര്ത്തകന് കാവില്‍ പി മാധവന്, പരിശീലക താഹിനാ എസ് വിഷയമവതരിപ്പിച്ച് സംസാരിക്കും. ഇന്ന് വൈകീട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഷാനിമോള്‍ ഉസ്മാന്, ജ്യോതികുമാര്‍ എന്നിവര്‍ സംസാരിക്കും.