
ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന 11 ാമത് എഡിഷന്‍ സാഹിത്യോത്‌സവ് ലോഗോ പ്രകാശനം കെഎന്‍എ ഖാദര്‍ എഎല്‍എയും പ്രഖ്യാപനം ഐസിഎഫ് ദഅ്‌വാ കാര്യ പ്രസിഡന്റ് ജമാല്‍ അസ്ഹരിയും നിര്‍വഹിച്ചു. 2020 ഫെബ്രുവരി വരെ നടക്കുന്ന സാഹിത്യോത്‌സവ് മത്സരങ്ങള്‍ക്ക് പ്രാദേശിക ഘടകമായ യൂനിറ്റിലാണ് തുടക്കം കുറിക്കുക. സൗഹൃദപരമായ മത്സരങ്ങളിലൂടെ ഗള്‍ഫ് വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കഴിവുകളെ സമ്പന്നമാക്കുക എന്നതാണ് സാഹിത്യോത്സവിലൂടെ ലക്ഷ്യമിടുന്നത്. മാപ്പിളപ്പാട്ട്, മാലപ്പാട്ട്, കഥ പറയല്‍, ആംഗ്യപ്പാട്ട്, ജലഛായം, ദഫ്, ഖവാലി, ഹൈകു, അറബിക് കാലിഗ്രാഫി, കഥ, കവിത രചനകള്‍, കവിതാ പാരായണം, ഭാഷാ കേളി, വിവിധ ഭാഷകളിലെ പ്രസംഗങ്ങള്‍, വിവര്‍ത്തനം, വായന തുടങ്ങി 106 ഇനങ്ങളിലാണ് ഇത്തവണത്തെ സാഹിത്യോത്സവ്. ബഡ്‌സ്, കിഡ്‌സ്, വിദ്യാര്‍ഥികള്‍ മുതല്‍ 30 വയസ് വരെയുള്ള യുവതി, യുവാക്കളെ മത ഭേദമന്യേ വിവിധ വിഭാഗങ്ങളാക്കിയാണ് മത്സരങ്ങള്‍ ക്രമീകരിക്കുക.
ചടങ്ങില്‍ ആര്‍എസ്‌സി ഗള്‍ഫ് കൗണ്‍സില്‍ അംഗം ഹബീബ് മാട്ടൂല്‍, നാഷണല്‍ ചെയര്‍മാന്‍ നൗഫല്‍ ലത്തീഫി, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ അഫ്‌സല്‍ ഇല്ലത്ത്, നംഷാദ് പനമ്പാട് തുടങ്ങിയവര്‍ പങ്കെടുത്തു.