
ദോഹ: വിഖ്യാത ഫിലിപ്പൈനി ദൃശ്യ കലാകാരന്‍ ഫ്രെഡറിക് എപിസ്റ്റോളയുടെ സൃഷ്ടികളുടെ പ്രദര്‍ശനം കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടങ്ങി. കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി ഉദ്ഘാടനം ചെയ്തു.
രൂപങ്ങളും നിറങ്ങളും എന്ന പ്രമേയത്തിലാണ് പ്രദര്‍ശനം.ഖത്തറിലെ ഫിലിപ്പൈന്‍സ് അംബാസഡര്‍ അലന്‍ എല്‍ തിംബയാന്‍, മൊറോക്കോ, കാനഡ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ഇറാഖ്, റഷ്യ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.
കത്താറ കള്‍ച്ചറല്‍ ഫൗണ്ടേഷനും ദോഹയിലെ ഫിലിപ്പൈന്‍ എംബസിയും തമ്മില്‍ മികച്ച സഹകരണമാണുള്ളതെന്ന് ഡോ.അല്‍സുലൈത്തി ചൂണ്ടിക്കാട്ടി. ഇരുകൂട്ടരും സംയുക്തമായി കലാ, സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്.
നിരവധി പെയിന്റിങുകളും കലാസൃഷ്ടികളുമാണ് പ്രദര്‍ശനത്തിലുള്ളത്. ഫിലിപ്പിനോ സമൂഹത്തിന്റെ ചരിത്ര, സാമൂഹിക, സാസ്‌കാരിക മാറ്റങ്ങളെ പ്രതിനിധീകരിക്കുന്ന പെയിന്റിങ്, കൊളാഷ്, ശില്‍പ്പം എന്നിവയെല്ലാം പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കുന്നു.