
ഫോട്ടോ: റൂബിനാസ് കൊട്ടേടത്ത്
ദോഹ: പരിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച പള്ളികള്‍ നിറഞ്ഞ് വിശ്വാസികള്‍. ഖുര്‍ആന്‍ പാരായണം ചെയ്തും നന്മകള് അധികരിപ്പിച്ചും വിശ്വാസികള്‍ റമദാന്റെ അവസാന ദിനങ്ങള്‍ പ്രാര്ഥനാനിര്ഭരമാക്കുകയാണ്. ആത്മവിശുദ്ധിയുടെ ചൈതന്യവുമായി വ്രതമനുഷ്ഠിക്കുന്ന വിശ്വാസികള്‍ രാവും പകലും പ്രാര്‍ഥനയുടെ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ഇന്നലെ ജുമുആ ഖുത്തുബകളില്‍ പരിശുദ്ധ റമദാന് സലാം ചൊല്ലി. പാപ മോചനത്തിന്റെ ദിനങ്ങളില്‍ തെറ്റുകുറ്റങ്ങള്‍ നാഥനോട് ഏറ്റുപറഞ്ഞു നന്മ മാത്രമേ ചെയ്യൂ എന്ന പ്രതിജ്ഞയോടെയാണ് വിശ്വാസികള്‍ പള്ളികളിലേക്കെത്തിയത്. പള്ളികളില്‍ വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. അതിന് അനുസൃതമായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഖത്തറിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദും(ഗ്രാന്റ്് മോസ്ക്ക്) വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു.
ദോഹയിലെയും സമീപപ്രദേശങ്ങളിലെയും മിക്ക പള്ളികളിലും വിശ്വാസികളുടെ വന്‍തിരക്കായിരുന്നു ഇന്നലെ ജുമുഅയ്ക്ക് അനുഭവപ്പെട്ടത്. കടുത്ത ചൂട് വകവെക്കാതെ നിരവധി വിശ്വാസികള്‍ പള്ളികള്‍ക്ക് പുറത്തും നമസ്കാരം നിര്‍വഹിച്ചു. റമദാന് വിടവാങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ രാജ്യത്തെ പള്ളികളെല്ലാം ഭക്തിസാന്ദ്രമാണ്. ദൈവത്തിന്റെ കാരുണ്യം തേടിയ ആദ്യപത്തും ദൈവത്തില്‍നിന്നുള്ള പൊറുക്കല്‍ തേടിയുള്ള രണ്ടാം പത്തും കഴിഞ്ഞ് നരകമോചനത്തിനായുള്ള അവസാന പത്തിലൂടെയാണ് വിശ്വാസികള്‍ കടന്നുപോകുന്നത്.
ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന 27-ാം രാവായതിനാല്‍ ഇന്നലെ നിശാ നമസ്കാരങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. റമദാന് അവസാന പത്തിലെ ഒറ്റയായ ദിവസങ്ങളിലാകും ലൈലത്തുല്‍ ഖദ്റിനു സാധ്യതയെന്നും അതും 27ാം രാവിനാണ് കൂടുതല്‍ സാധ്യതയെന്നും കരുതുന്നു.
കഴിഞ്ഞദിവസങ്ങളില്‍ രാജ്യത്തെ മിക്ക പള്ളികളിലും നിശാനമസ്കാരത്തിനും(ഖിയാമുലൈല്‍) തിരക്ക് അനുഭവപ്പെട്ടിരുന്നു. റമദാന് അവസാന ദിവസങ്ങളിലേക്ക് കടക്കവെ മാനത്തെ പെന്നമ്പിളിയെ പ്രതീക്ഷിച്ച് പ്രാര്ഥനാപൂര്ണമായ മനസുമായി ഈദുല്‍ ഫിത്വ്റിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഖത്തറിലെ വിശ്വാസ സമൂഹവും.