
ദോഹ: അല്‍റയ്യാന്‍ മുനിസിപ്പാലിറ്റി പരിധിയില്‍ ഫാമുകളിലെ നിയമലംഘനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള കാമ്പയിന് തുടരുന്നു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ സമഗ്രമായ ദേശവ്യാപക പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ മന്ത്രാലയം, ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയം, ആഭ്യന്തര സുരക്ഷാ സേന(ലഖ്വിയ) എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിന്.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി നിരവധി ലംഘനങ്ങള്‍ നീക്കാന്‍ കാമ്പയിന് കാരണമായി. ലൈസന്‍സില്ലാതെയുള്ള വെയര്‍ഹൗസുകള്‍, ഷോപ്പുകള്‍, തൊഴിലാളി താമസകേന്ദ്രങ്ങള്‍, ഗാരേജുകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവയുടെ നിര്‍മാണം ഉള്‍പ്പടെയുള്ള നിയമലംഘനങ്ങള്‍ നീക്കാനായി.
കൂടാതെ വലിയ അളവില്‍ മാലിന്യവസ്തുക്കള്‍, അവശിഷ്ടങ്ങള്‍, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, ഉപകരണങ്ങള്‍, ട്രക്കുകള്‍ എന്നിവയെല്ലാം നീക്കം ചെയ്തു. മുനിസിപ്പാലിറ്റി പരിധിയിലെ പതിനാറ് ഫാമുകളില്‍നിന്നുള്ള എല്ലാ നിയമലംഘനങ്ങളും കാമ്പയിന്റെ ഭാഗമായി നീക്കം ചെയ്യുന്നുണ്ട്.
വിവിധ നിയമവിരുദ്ധ വാണിജ്യപ്രവര്‍ത്തനങ്ങള്‍, സ്റ്റോര്ഹൗസുകളുടെയും തൊിലാളികളുടെയും താമസകേന്ദ്രങ്ങളുടെയും നിര്‍മാണം, കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി കാര്‍ഷിക ഭൂമി ഉപയോഗിക്കല്‍, ഉടമസ്ഥാവകാശവും ലൈസന്‍സിങ് നിബന്ധനകളും പാലിക്കാതിരിക്കല്‍ എന്നിവയുള്‍പ്പടെ എല്ലാ നിയമലംഘനങ്ങളും നീക്കും.

എല്ലാ ലംഘനങ്ങളും ശരിയാക്കുന്നതുവരെ കാമ്പയിന് തുടരും. രാജ്യത്ത് ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന് ഫാമുകളില്‍നിന്നും പ്രയോജനം നേടുന്നതിനായി വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള മുനിസിപ്പാലിറ്റി പരിസ്ഥിതിമന്ത്രാലയത്തിന്റെ താല്പര്യത്തിന്റെ ചട്ടക്കൂടുകള്ക്കുള്ളില്നിന്നുകൊണ്ടാണ് കാമ്പയിന്.
കാമ്പയിന് നടപ്പാക്കുന്നതിനായി സഹകരിക്കണമെന്ന് ഫാമുകളുടെയും കമ്പനികളുടെയും ഉടമകളോടും വ്യക്തികളോടും റയ്യാന്‍ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. കൃഷിസ്ഥലങ്ങള്‍ അനധികൃതമായി ചൂഷണം ചെയ്യരുതെന്നും ആഹ്വാനം ചെയ്തു. നിയമപരമായ ഉത്തരവാദിത്വം ഒഴിവാക്കുന്നതിന് എല്ലാ ലംഘനങ്ങളും നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയും ഉയര്‍ത്തിക്കാട്ടി.