
ദോഹ: 2022 ഫിഫ ലോകകപ്പിനായി ഒരുങ്ങുന്ന റാസ് അബുഅബൗദ് സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനായി ആദ്യ ബാച്ച് കണ്ടെയ്നറുകള്‍ ഖത്തറിലെത്തി. 92 കണ്ടെയ്നറുകളാണ് ആദ്യ ബാച്ചിലുള്ളത്. ഇളക്കി മാറ്റാനും പുനരുപയോഗിക്കാന്‍ കഴിയുന്നതുമായ ലോകത്തിലെ തന്നെ ആദ്യ ലോകകപ്പ് സ്റ്റേഡിയമാണ് റാസ് അബുഅബൗദ്.
ഫിഫ ലോകകപ്പ് വേദികളില്‍ ഇതുവരെ കാണാത്ത പുതുമ നിറഞ്ഞതാണ് സ്റ്റേഡിയത്തിന്റെ മാതൃക. മോഡുലാര്‍ ബില്‍ഡിങ് ബ്ലോക്കുകള്‍ കൊണ്ട് നിര്‍മിക്കപ്പെടുന്ന സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് മികച്ച ആസ്വാദനവും സൗകര്യങ്ങളും ഉറപ്പാക്കുന്നുണ്ട്. വളരെ കുറച്ച് സാമഗ്രികള്‍ ഉപയോഗിച്ച് കെട്ടിട മാലിന്യങ്ങളും കാര്‍ബണ്‍ പ്രസരണവും കുറച്ചുകൊണ്ട് നിര്മിക്കാവുന്ന സ്റ്റേഡിയം 2020 ല്‍ പൂര്‍ത്തിയാകും.

ദോഹയുടെ തീരത്ത് കടലിന് അഭിമുഖമായാണ് 4,50,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള റാസ് അബു അബൗദ് നിര്‍മിക്കുന്നത്. 40,000 പേര്‍ക്കുള്ള ഇരിപ്പിടമാണ് സ്റ്റേഡിയത്തില്‍ ഉണ്ടാവുക. ഷിപ്പിങ് കണ്ടെയ്നറുകളാണ് ബില്‍ഡിങ് ബ്ലോക്കുകളില്‍ ഉപയോഗിക്കുന്നതില്‍ പ്രധാനപ്പെട്ടത്.
ഇതിനായാണ് കണ്ടെയ്നറുകള്‍ എത്തിക്കുന്നത്. ആദ്യ ബാച്ച് 92 കണ്ടെയ്നറുകള്‍ കഴിഞ്ഞദിവസമാണ് ഖത്തറിലെത്തിയത്. കണ്ടെയ്നറുകളുടെ ഇന്സ്റ്റലേഷന് സമീപഭാവിയില്‍തന്നെ നടക്കും. 990 മോഡുലര്‍ കണ്ടെയ്നറുകള്‍ ഉപയോഗിച്ച് ഏഴു നിലകളിലായാണ് സ്റ്റേഡിയം നിര്‍മാണം.
ആറു മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതം വീതിയും ഉയരവുമുള്ളതാണ് ഓരോ മോഡുലര്‍ കണ്ടെയ്നറും. അത്യാധുനിക സ്റ്റാര്ഹോട്ടലിനെ അനുസ്മരിപ്പിക്കുന്ന സംവിധാനങ്ങളെല്ലാം സ്റ്റേഡിയത്തിലുണ്ടാകും. വിവിധ ഘട്ടങ്ങളായാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം. സ്റ്റീല്‍ നിര്‍മിത ചട്ടക്കൂട് ഉയര്‍ത്തുകയെന്നതാണ് ഒന്നാംഘട്ടം. നിര്‍മാണ ബ്ലോക്കുകള്‍ പോലെ കണ്ടെയ്നറുകള്‍ വിന്യസിക്കുകയെന്നതാണ് രണ്ടാം ഘട്ടം. തുടര്‍ന്ന് പെയിന്റിങ് പ്രവര്‍ത്തികള്‍.
സ്റ്റേഡിയം കെട്ടിപ്പെടുക്കുകയല്ല, മറിച്ച് സ്റ്റേഡിയം ഉത്പാദിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുക. എച്ച്ബികെ കോണ്‍ട്രാക്റ്റിങ് കമ്പനി(എച്ച്ബികെ)യ്ക്കാണ് പ്രധാന നിര്‍മാണ കരാര്‍ അനുവദിച്ചിരിക്കുന്നത്.
ഖത്തരി കമ്പനിക്കു മാത്രമായി ഫിഫ ലോകകപ്പ് സ്റ്റേഡിയം നിര്‍മാണത്തിനായി പ്രധാന കരാര്‍ അനുവദിച്ചിരിക്കുന്നത് ഇതാദ്യമായാണ്. സ്റ്റേഡിയത്തിന്റെ പ്രധാന പ്രവര്‍ത്തികള്‍ ഇപ്പോള്‍ത്തന്നെ പുരോഗതിയിലാണ്. സാങ്കേതികമായി വെല്ലുവിളി നേരിടുന്ന ദൗത്യമാണ് സ്റ്റേഡിയം നിര്‍മാണം.
ഈ രീതിയിലുള്ള ഒരു സ്റ്റേഡിയം നിര്‍മാണം മുമ്പുണ്ടായിട്ടില്ല. സുസ്ഥിരത ഉറപ്പാക്കിയുള്ള പരിസ്ഥിത സൗഹൃദ സ്റ്റേഡിയമാണ് വിഭാവനം ചെയ്യുന്നത്. ഭാവിയില്‍ ലോകത്തിലെ വന്‍കിട കായിക പരിപാടികളുടെ ആസൂത്രകര്‍ക്ക് മികച്ച മാതൃകയായി മാറുന്നതായിരിക്കും റാസ് അബുഅബൗദ്.
വിഖ്യാത വാസ്തുശില്പ സ്ഥാപനമായ ഫെന്‍വിക് ഇറിബാറന്‍ ആര്‍ക്കിടെക്റ്റ്സാണ് (ഫിയ) രൂപരേഖ തയ്യാറാക്കിയത്. ദോഹയുടെ തെക്കുകിഴക്കായി ഹമദ് തുറമുഖത്തുനിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് സ്റ്റേഡിയം നിര്‍മാണം.
ദോഹയുടെ തീരത്ത് കടലിന് അഭിമുഖമായി നാലരലക്ഷം സ്ക്വയര്‍മീറ്റര്‍ വിസ്തീര്‍ണത്തിലാണ് സ്റ്റേഡിയം നിര്‍മാണം. ദോഹയുടെ സെന്‍ട്രല്‍ മുഷൈരിബ് സ്റ്റേഷനില്‍നിന്നും 10 മിനിറ്റുകൊണ്ട് സ്റ്റേഡിയത്തിലെത്താനായി ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈനിന് ഇവിടെ സ്റ്റോപ്പുണ്ട്. ദോഹയില്‍നിന്നും അല്‍ വഖ്റയില്നിന്നും റോഡുമാര്‍ഗം നേരിട്ടും വരാം.