
ദോഹ: ഖത്തറിലെ ആദ്യ സ്വതന്ത്ര മേഖല റാസ് അബുഫൊന്താസില്‍ സജ്ജമായി. അടിസ്ഥാനസൗകര്യലവികസന പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായി. സെപ്തംബറില്‍ സ്വതന്ത്ര മേഖലയ്ക്ക് തുടക്കംകുറിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വതന്ത്ര മേഖലയിലെ ബഹുഭൂരിപക്ഷം പ്ലോട്ടുകളും അനുവദിക്കുന്നതിനുള്ള നടപടികളും ഏറെക്കുറെ പൂര്‍ത്തിയായി.
ഖത്തര്‍ സ്വതന്ത്ര മേഖലാ(ഫ്രീ സോണ്‍സ്) അതോറിറ്റി ചെയര്‍മാനും സഹമന്ത്രിയുമായ അഹമ്മദ അല്‍സായിദാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കാര്യങ്ങളെല്ലാം ദ്രുതഗതിയിലാണ് മുന്നോട്ടുപോകുന്നത്. സ്വതന്ത്ര മേഖലകളില്‍ വ്യവസായ സംരംഭങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും സൗകര്യമൊരുക്കുന്നതിന് വിദഗ്ദ്ധരുള്‍പ്പെട്ട ടീം പ്രവര്‍ത്തിച്ചുവരികയാണ്.
സ്വതന്ത്രമേഖലയിലെ നിക്ഷേപകര്‍ക്ക് പരമാവധി പ്രയോജനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. റാസ് അബുഫൊന്താസില്‍ നേരത്തെ നിര്‍മിച്ച കെട്ടിടങ്ങളില്‍ 110 മില്യണ്‍ ഡോളറിന്റെ ഒയാസിസ് കെട്ടിടവും ഉള്‍പ്പെടും. ഖത്തര്‍ ഫ്രീസോണ്‍സ് അതോറിറ്റിയുടെ ആസ്ഥാനം ഒയാസിസിലായിരിക്കും. കെട്ടിടത്തിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. സിംഗപ്പൂര്‍, യുകെ, യുഎസ്, ദക്ഷിണകൊറിയ, ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ നിരവധി രാജ്യാന്തര കമ്പനികള്‍ സ്വതന്ത്ര മേഖലയില്‍ തങ്ങളുടെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
അമേരിക്കന്‍, യൂറോപ്യന്‍ കമ്പനികളെ സ്വതന്ത്ര മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് ഫ്രീസോണ്‍സ് അതോറിറ്റി നടത്തുന്നത്. ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്റ് രാജ്യങ്ങളില്‍ നിന്നും കമ്പനികളെ ആകര്‍ഷിക്കുന്നുണ്ട്. അടുത്തിടെ മ്യൂണിച്ചില്‍ നടന്ന ഗതാഗത ലോജിസ്റ്റിക്‌സ് പ്രദര്‍ശനത്തില്‍ ഖത്തര്‍ ഫ്രീസോണ്‍സ് അതോറിറ്റി പങ്കെടുത്തിരുന്നു. ഹമദ് വിമാനത്താവളത്തിന് സമീപത്തായാണ് റസ് അബുഫൊന്താസ് പ്രത്യേക സാമ്പത്തിക മേഖല-സെസ് വികസിപ്പിച്ചിരിക്കുന്നത്.
വെയര്‍ ഹൗസിങ്, ലോജിസ്റ്റിക്‌സ് ഹബ് ഉള്‍പ്പെടെ വിപുലമായാണ് സോണ്‍ വികസിപ്പിക്കുന്നത്. വിമാനത്താവളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വ്യോമചരക്കു ഗതാഗതം, ലോജിസ്റ്റിക്‌സ്,സാങ്കേതിക വിദ്യ എന്നിവയ്‌ക്കെല്ലാം പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. വിദേശ നിക്ഷേപത്തിന് ആനുകൂല്യങ്ങള്‍ നല്‍കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വ്യാപാരം ഊര്‍ജിതമാക്കുകയും ചെയ്യാനുള്ള പദ്ധതിയാണ് പ്രത്യേക സാമ്പത്തിക മേഖല.
ഇവിടെ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയിലും വില്‍പ്പന നികുതിയിലും ഉള്‍പ്പടെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഖത്തര്‍ സാമ്പത്തിക വൈവിധ്യ വല്‍ക്കരണ പദ്ധതിയുടെ ഭാഗമാണ് സെസ്. സ്വകാര്യ മേഖലയെ ഊര്‍ജിതപ്പെടുത്തുന്നതിന് സെസ് വഴിവയ്ക്കും. ഓരോ സോണിലും വ്യത്യസ്ഥ വ്യാപാരങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുക.