in , , , , , ,

റാസ് അബൂഅബൂദ് സ്‌റ്റേഡിയം: നിര്‍മാണ പുരോഗതി പുറത്തുവിട്ട് സുപ്രീം കമ്മിറ്റി

റാസ് അബുഅബൗദ് സ്റ്റേഡിയത്തിന്റെ രൂപരേഖ

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ റാസ് അബുഅബൂദ് സ്റ്റേഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന ലോകത്തിലെ ആദ്യത്തെ ഫിഫ സ്റ്റേഡിയമാണ് റാസ് അബൂഅബൗദ്. ലോകത്തിലെ ഏറ്റവും നൂതനമായ സ്‌റ്റേഡിയത്തിന്റെ ഡിസൈനിന്റെ വിവിധ ദൃശ്യങ്ങള്‍ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി കഴിഞ്ഞദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഷിപ്പിങ് കണ്ടെയ്‌നറുകളാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. സുസ്ഥിരതക്കാണ് പ്രധാന ഊന്നല്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണത്തിനുപയോഗിക്കുന്ന എല്ലാ ഘടകങ്ങളും പുനരുപയോഗിക്കാവുന്നതാണ്.


സ്‌റ്റേഡിയത്തിനുള്ളില്‍ പ്രധാനമായും ഹോസ്പിറ്റാലിറ്റി ബോക്‌സുകള്‍, ബാത്ത്‌റൂമുകള്‍, ഓഫീസുകള്‍, റസ്റ്റോറന്റുകള്‍ ഉള്‍പ്പടെയെല്ലാം നിര്‍മിക്കുന്നതിന് കണ്ടെയ്‌നറുകളാണ് ഉപയോഗിക്കുക. പൂര്‍ണമായും പൊളിച്ചുമാറ്റാന്‍ കഴിയുന്ന ആദ്യത്തെ ഫിഫ ലോകകപ്പ് സ്റ്റേഡിയമായിരിക്കും. 2022 ഫിഫ ലോകകപ്പിനായി നിര്‍മിക്കുന്ന ഏഴു സ്റ്റേഡിയങ്ങളിലൊന്നു കൂടിയാണിത്. 2020 അവസാനത്തില്‍ സ്റ്റേഡിയം നിര്‍മാണ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റേഡിയം നിര്‍മാണത്തിനായി ചൈനയില്‍ നിന്നും 92 കണ്ടെയ്‌നറുകള്‍ അടങ്ങിയ ആദ്യ ബാച്ച് എത്തിയിട്ടുണ്ട്. ആകെ 1000ത്തോളം കണ്ടെയ്‌നറുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പിനുശേഷം ഈ സ്‌റ്റേഡിയം വേര്‍പെടുത്തുകയും ഈ കണ്ടെയ്‌നറുകള്‍ ലോകത്തിന്റെ മറ്റേതെങ്കിലുമൊരു ഭാഗത്ത് മറ്റൊരു സ്‌റ്റേഡിയം നിര്‍മിക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യും. ജനങ്ങള്‍ക്ക് ആസ്വാദിക്കാന്‍ പര്യാപ്തമായ അത്യാധുനിക സൗകര്യമായി സ്റ്റേഡിയത്തിന്റെ മുഖച്ഛായ മാറ്റുകയും ചെയ്യും. മറ്റു പരമ്പരാഗത സ്റ്റേഡിയങ്ങള്‍ക്കു വരുന്ന ചെലവിനേക്കാള്‍ 20ശതമാനം കുറവ് ചെലവു മാത്രമായിരിക്കും ഈ സ്റ്റേഡിയത്തിനുണ്ടാവുക.
കഷണം കഷണമായി റാസ് അബു അബൗദ് സ്റ്റേഡിയത്തിന്റെ ഒത്തുചേരല്‍ ആരംഭിക്കുകയാണ്. ഇളക്കി മാറ്റാനും പുനരുപയോഗിക്കാന്‍ കഴിയുന്നതുമായ ലോകത്തിലെ തന്നെ ആദ്യ ലോകകപ്പ് സ്റ്റേഡിയമാണ് റാസ് അബുഅബൗദ്.
ഫിഫ ലോകകപ്പ് വേദികളില്‍ ഇതുവരെ കാണാത്ത പുതുമ നിറഞ്ഞതാണ് സ്റ്റേഡിയത്തിന്റെ മാതൃക. മോഡുലാര്‍ ബില്‍ഡിങ് ബ്ലോക്കുകള്‍ കൊണ്ട് നിര്‍മിക്കപ്പെടുന്ന സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് മികച്ച ആസ്വാദനവും സൗകര്യങ്ങളും ഉറപ്പാക്കുന്നുണ്ട്. വളരെ കുറച്ച് സാമഗ്രികള്‍ ഉപയോഗിച്ച് കെട്ടിട മാലിന്യങ്ങളും കാര്‍ബണ്‍ പ്രസരണവും കുറച്ചുകൊണ്ടാണ് നിര്‍മാണം. ദോഹയുടെ തീരത്ത് കടലിന് അഭിമുഖമായാണ് 4,50,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള റാസ് അബു അബൗദ് നിര്‍മിക്കുന്നത്. 40,000 പേര്‍ക്കുള്ള ഇരിപ്പിടമാണ് സ്റ്റേഡിയത്തില്‍ ഉണ്ടാവുക. ഷിപ്പിങ് കണ്ടെയ്‌നറുകളാണ് ബില്‍ഡിങ് ബ്ലോക്കുകളില്‍ ഉപയോഗിക്കുന്നതില്‍ പ്രധാനപ്പെട്ടത്. കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച് ഏഴു നിലകളിലായാണ് സ്‌റ്റേഡിയം നിര്‍മാണം. ആറു മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതം വീതിയും ഉയരവുമുള്ളതാണ് ഓരോ മോഡുലര്‍ കണ്ടെയ്‌നറും. അത്യാധുനിക സ്റ്റാര്‍ഹോട്ടലിനെ അനുസ്മരിപ്പിക്കുന്ന സംവിധാനങ്ങളെല്ലാം സ്റ്റേഡിയത്തിലുണ്ടാകും.
വിവിധ ഘട്ടങ്ങളായാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം. സ്റ്റീല്‍ നിര്‍മിത ചട്ടക്കൂട് ഉയര്‍ത്തുകയെന്നതാണ് ഒന്നാംഘട്ടം. നിര്‍മാണ ബ്ലോക്കുകള്‍ പോലെ കണ്ടെയ്‌നറുകള്‍ വിന്യസിക്കുകയെന്നതാണ് രണ്ടാം ഘട്ടം. തുടര്‍ന്ന് പെയിന്റിങ് പ്രവര്‍ത്തികള്‍. സ്റ്റേഡിയം കെട്ടിപ്പെടുക്കുകയല്ല, മറിച്ച് സ്റ്റേഡിയം ഉത്പാദിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുക.
എച്ച്ബികെ കോണ്‍ട്രാക്റ്റിങ് കമ്പനി(എച്ച്ബികെ)യ്ക്കാണ് പ്രധാന നിര്‍മാണ കരാര്‍ അനുവദിച്ചിരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പ്രതിസന്ധികള്‍ കൈകാര്യം ചെയ്യല്‍: മാന്വലുമായി വിദ്യാഭ്യാസമന്ത്രാലയം

സമാധാന സംസ്‌കാരം: യുഎന്‍ പ്രഖ്യാപനം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് ഖത്തര്‍